മസ്കത്ത്: ഖരീഫ് ദോഫാറിന്റെ ഭാഗമായി കുട്ടികൾക്ക് ആവേശം പകർന്ന് ‘കിഡ്ഡി ടൈം’ പരിപാടിക്ക് സലാലയിലെ ഔഖാദ് പബ്ലിക് പാർക്കിൽ തുടക്കമായി. ആഗസ്റ്റ് 31വരെ നീളുന്ന പരിപാടിയിൽ കുട്ടികൾക്ക് വിനോദത്തിനായുള്ള വിശാലമായ ലോകമാണ് ഒരുക്കിയിരിക്കുന്നത്. പാണ്ട വില്ലേജ്, സ്മർഫ്സ് വില്ലേജ്, മാഷ ആൻഡ് ദ ബിയർ വില്ലേജ് തുടങ്ങിയ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരോ സെക്ഷനുകളും ഒരുക്കിയിരിക്കുന്നത്. വസ്ത്രങ്ങളിലൂടെ അവരുടെ ഭാവനയെ തുറന്നുവിടാൻ സഹായിക്കുന്ന ‘ഡ്രസ് അപ്പ് ഇൻ വണ്ടർലാൻഡ്’ വിഭാഗവും പുതിയ അനുഭവമായിരിക്കും കുട്ടികൾക്ക് നൽകുക.
ഇന്ററാക്ടിവ് ഗെയിമുകളുടെ വൈവിധ്യമാർന്ന ശേഖരവും അവതരിപ്പിച്ചിട്ടുണ്ട്. യുവാക്കൾക്കിടയിൽ സർഗാത്മകത പരിപോഷിപ്പിക്കുന്നതിനായി നാടക പ്രവർത്തനങ്ങളും സംഘടിപ്പിക്കും. സ്കേറ്റിങ് പ്രേമികൾക്കായി ഒരു സമർപ്പിത സ്കേറ്റിങ് റിങ്ങും ഒരുക്കിയിട്ടുണ്ട്. ദോഫാർ മുനിസിപ്പാലിറ്റിക്കും പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിനും അവരുടെ വിലമതിക്കാനാകാത്ത ശ്രമങ്ങൾക്ക് നന്ദി അറിയിക്കുകയാണെന്ന് പ്രോജക്ട് ഉടമ മനിയ അൽ മസാഹലി നന്ദി പറഞ്ഞു.
അതേസമയം, ഖരീഫ് ദോഫാറിന്റെ മറ്റ് പരിപാടികൾ ഇത്തീൻ, അൽ ഹഫ, സലാല പാർക്ക്, അൽ സഅദ ഗാർഡൻ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ജൂലൈ 25ന് അൽ ഹഫയിൽ പരിപാടികൾ ആരംഭിക്കുമെന്ന് ദോഫാർ മുനിസിപ്പാലിറ്റിയിലെ ഇവന്റ്സ് ആൻഡ് അവയർനെസ് ഡിപ്പാർട്മെന്റ് ഡയറക്ടർ അമ്മാർ ബിൻ ഉബേദ് ഗവാസ് പറഞ്ഞു. ഇത്തീനിൽ ലേസർ, ഡ്രോൺ ഷോകൾ ജൂലൈ 20ന് ആരംഭിക്കും. ആഗസ്റ്റ് ആദ്യം അൽ സഅദ ഗാർഡനിൽ നടക്കുന്ന ഒരു പരിപാടിയിൽ നിരവധി അന്താരാഷ്ട്ര റസ്റ്റാറന്റുകളും പാചകക്കാരും പങ്കെടുക്കും. പാചക മത്സരവും നടത്തും. സലാല ഇന്റർനാഷനൽ ചോക്ലറ്റ് എക്സിബിഷൻ, ഗൾഫ് പെർഫ്യൂം എക്സിബിഷൻ, ഗൾഫ് ഫാഷൻ ഷോ എന്നിവയും ഖരീഫ് ദോഫാർ പരിപാടിയുടെ ഭാഗമായി അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.