മസ്കത്ത്: ഖരീഫ് സീസണോടനുബന്ധിച്ച് സലാലയിലേക്ക് കൂടുതൽ വിമാനങ്ങൾ എത്തിത്തുടങ്ങി. കുവൈത്ത് ബജറ്റ് വിമാനക്കമ്പനിയായ ജസീറ എയർവേസിന്റെ ആദ്യ വിമാനം ദോഫാറിലെ സലാല വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം എത്തി. പരമ്പരാഗത വാട്ടർ സല്യൂട്ട് നൽകിയാണ് വിമാനത്തെ അധികൃതർ വരവേറ്റത്. യാത്രക്കാരെ പൂക്കളും സുവനീറും നൽകി ഒമാൻ എയർപോർട്ട് ജീവനക്കാരും സ്വീകരിച്ചു. ഖരീഫ് സീസണോടനുബന്ധിച്ച് സലാലക്കും കുവൈത്തിനുമിടയിൽ ആഴ്ചയിൽ വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലായിരിക്കും മസ്കത്തിനും കുവൈത്തിനുമിടയിൽ ജസീറ എയർവേസ് പറക്കുക.
ഖരീഫ് സീസണിൽ സർവിസ് നടത്താൻ ഷെഡ്യൂൾ ചെയ്ത പ്രാദേശിക വിമാനങ്ങളുടെ ഭാഗമായാണ് കുവൈത്ത് ജസീറ എയർവേസ് സലാലയിൽ എത്തിയിരിക്കുന്നതെന്ന് സലാല എയർപോർട്ട് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് സലിം ബിൻ അവാദ് അൽയാഫെയ് പറഞ്ഞു. താപനില 25 ഡിഗ്രി സെൽഷ്യസായി കുറയുന്നതോടെ വരുംദിവസങ്ങളിൽ ദോഫാർ ഗവർണറേറ്റ് വേനൽക്കാല വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ സീസണിൽ രാജ്യത്തുനിന്നും ജി.സി.സി.സി രാജ്യങ്ങളിൽനിന്നുമായി കൂടുതൽ ആളുകൾ ദോഫാറിലേക്ക് ഒഴുകാൻ സാധ്യതയുണ്ട്. വിനോദസഞ്ചാരികളെയും യാത്രക്കാരെയും സ്വീകരിക്കാൻ സലാല വിമാനത്താവളം സജ്ജമാണെന്ന് അൽയാഫി പറഞ്ഞു.
യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനായി എല്ലാ വർഷത്തേയുംപോലെ ഈ സീസണിലും ഒമാൻ എയർപോർട്ടുകൾ മികച്ച തയാറെടുപ്പാണ് നടത്തിയിട്ടുള്ളത്. ദിവസങ്ങൾക്കുമുമ്പ് കുവൈത്ത് എയർവേസും സലാലയിലേക്ക് സർവിസ് തുടങ്ങിയിരുന്നു. ആഴ്ചയിൽ ശനി, ചൊവ്വ ദിവസങ്ങളിൽ രണ്ടുവീതം സർവിസായിരിക്കും കുവൈത്ത് എയർവേസ് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.