മസ്കത്ത്: ഈ വർഷത്തെ ഖരീഫ് സീസണിനോടനുബന്ധിച്ച് പ്രദേശങ്ങളിൽ ക്യാമ്പിങ് അനുവദിക്കില്ലെന്ന് ദോഫാർ മുനിസിപ്പാലിറ്റി പ്രസ്താവനയിൽ അറിയിച്ചു. പ്രദേശത്ത് ക്യാമ്പിങ് സൈറ്റുകൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് മുനിസിപ്പാലിറ്റി ഇത്തരമൊരു തീരുമാനത്തിലെത്തിയത്. വർഷം മുഴുവൻ പ്രവർത്തിക്കുന്ന രണ്ട് സൈറ്റുകൾ ഒരുക്കാനാണ് അധികൃതരുടെ ലക്ഷ്യം. ഈ സ്ഥലങ്ങളിൽ വിനോദ സൗകര്യങ്ങൾ, ക്യാമ്പിങ് കുടകൾ, റോഡുകൾ, കാർ പാർക്കിങ്ങിനുള്ള ഇടം എന്നിവയും ഒരുക്കും.
ഒരു സ്ഥലത്ത് നിർമാണം ആരംഭിക്കാനുള്ള തീയതി ഉടൻ പ്രഖ്യാപിക്കും. ഇതിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയും ജനങ്ങളുടെ അഭിപ്രായവും കേട്ടശേഷമായിരിക്കും രണ്ടാമത്തെ സൈറ്റ് ഒരുക്കുകയെന്നും അധികൃതർ അറിയിച്ചു. അതേസമയം, രണ്ടു വർഷത്തെ ഇടവേളക്ക് ശേഷമെത്തുന്ന ഖരീഫ് സീസണിനെ വരവേൽക്കാനുള്ള ഊർജിത ശ്രമങ്ങളാണ് അധികൃതർ നടത്തുന്നത്. വിനോദ സഞ്ചാരികളെ സ്വീകരിക്കാനായി വിവിധ വകുപ്പുകൾ എടുത്തുകൊണ്ടിരിക്കുന്ന നടപടികളും മറ്റും ചർച്ച ചെയ്യാനായി ദിവസങ്ങൾക്കുമുമ്പ് യോഗം ചേർന്നിരുന്നു. ദോഫാറിലേക്കുള്ള എല്ലാ റോഡുകളിലും ഗതാഗതം ക്രമീകരിക്കുന്നതിന് മതിയായ പൊലീസ് സേവനം ഉറപ്പാക്കുക, ഹരിത ഇടങ്ങളും ബീച്ചുകളും സുരക്ഷിതമാക്കുക, സന്ദർശകരുടെ സുരക്ഷ നിലനിർത്തുക എന്നീ വിഷയങ്ങളാണ് പ്രധാനമായും ചർച്ചചെയ്തത്.
ഭവന-താമസ സൗകര്യങ്ങളുടെ ലഭ്യത, സേവന നിലവാരം, സന്ദർശകരെ ഉൾക്കൊള്ളാനുള്ള കഴിവ്, സലാല നഗരത്തിലെയും വിലായത്തുകളിലെയും ഭക്ഷണ ലഭ്യത, ടെലികമ്യൂണിക്കേഷൻ, ടൂറിസ്റ്റ് സൈറ്റുകളിലേക്കുള്ള റോഡുകളുടെ നിലവാരം എന്നിവയും അധികൃതർ പരിശോധിക്കുന്നുണ്ട്. ഖരീഫിനോടനുബന്ധിച്ചുള്ള മഴക്കാല സീസൺ ആരംഭിക്കുന്നത് ജൂലൈ 23 മുതൽ സെപ്റ്റംബർ 21 വരെയാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഇവിടേക്ക് ഓരോ സീസണിലും എത്താറുള്ളത്. സീസൺ മുന്നിൽക്കണ്ട് നിരവധി വിമാന കമ്പനികളും സലാലയിലേക്ക് സർവിസ് നടത്തുമെന്നറിയിച്ചിട്ടുണ്ട്.
ദോഫാർ ഗവർണറേറ്റിന്റെ അനുകൂല കാലാവസ്ഥയും പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളും സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. 2019ൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 7,50,000 സഞ്ചാരികളാണ് ദോഫാർ ഗവർണറേറ്റിൽ എത്തിയിരുന്നത്. ഖരീഫ് സീസണിനോടനുബന്ധിച്ച ദോഫാർ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന സലാല ടൂറിസം ഫെസ്റ്റിവെലിന്റെ ആഘോഷ പരിപാടികൾ ഈ വർഷം വിവിധ ഇടങ്ങളിലാണ് നടക്കുക. ഇത്തീനിലെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നിരുന്ന പരിപാടികൾ, പാർക്കുകൾ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. കോവിഡിന്റെ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കിയതിനാൽ ഈ വർഷം സലാലയിലേക്കും മറ്റും രാജ്യത്തുനിന്നും പുറത്തുനിന്നുമായി കൂടുതൽ ആളുകൾ എത്തുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.