ഇവിടെയുള്ള സ്ഥാപനങ്ങളിൽ 30 ശതമാനവും മലയാളികൾ, മേയ് മാസത്തോടെ ബർക്കക്കടുത്തുള്ള ഖസാഇനിലേക്ക് മാർക്കറ്റ് മാറ്റും
മസ്കത്ത്: രണ്ടര പതിറ്റാണ്ടിലധികമായി റമദാനിനും പെരുന്നാളിനും ഓണത്തിനും വിഷുവിനും ക്രിസ്മസിനും ദീപാവലിക്കും പഴങ്ങളും പച്ചക്കറികളും പൂക്കളും എത്തിച്ച മവേല സെൻട്രൽ പഴം- പച്ചക്കറി മാർക്കറ്റ് ഓർമയാവുന്നു. വളർച്ചയുടെ രണ്ടര പതിറ്റാണ്ടിന്റെ കഥ പറയുന്ന മാർക്കറ്റിലെ അവസാന റമദാനും പെരുന്നാളും ആണ് ഇത്തവണത്തേത്.
അടുത്ത മേയ് മാസത്തോടെ ബർക്കക്കടുത്തുള്ള ഖസാഇനിലേക്ക് മാർക്കറ്റ് മാറുന്നതോടെ മവേലയിലെ ഈ മാർക്കറ്റ് ഒന്നുമല്ലാതാകും. ഇതോടെ പഴങ്ങളുടെയും പച്ചക്കറിയുടെയും ഗന്ധവും അതിരാവിലെ എത്തുന്ന ജനപ്രവാഹവും വാഹനങ്ങളുടെ ഇരമ്പലും കച്ചവടക്കാരുടെ ആരവവും നിലച്ച് മവേല ശാന്തമാവും.
ഒമാന്റെ പ്രധാന പഴം പച്ചക്കറി മാർക്കറ്റാണ് മവേല സെൻട്രൽ മാർക്കറ്റ്. ലോകത്തിന്റെ നാനാഭാഗത്തുനിന്നാണ് ഇവിടേക്ക് പഴങ്ങളും പച്ചക്കറികളും എത്തുന്നത്. പഴം പച്ചക്കറികളിൽ 95 ശതമാനവും പുറം രാജ്യങ്ങളിൽനിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്നവയാണ്. മൊത്തവ്യാപാരികൾ, ചെറുകിട വ്യാപാരികൾ, മാർക്കറ്റിലെ ചില്ലറ വ്യാപാരികൾ, ഹോട്ടലുകൾ, കഫറ്റീരിയകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളും ആളുകളും സെൻട്രൽ മാർക്കറ്റിനെ ചുറ്റിപ്പറ്റി കഴിയുന്നുണ്ട്.
ഇവരിൽ പലരും ഖസാഇനിലേക്ക് മാറുമെങ്കിലും പലർക്കും രംഗം വിടേണ്ടിവരും. ഇവിടെയുള്ള സ്ഥാപനങ്ങളിൽ 30 ശതമാനവും മലയാളികളാണ്. മർക്കറ്റുമായി ബന്ധപ്പെട്ട ഹോട്ടലുകൾക്കും കഫറ്റീരിയകൾക്കും ചെറുകിട സ്ഥാപനങ്ങൾക്കുമൊക്കെയാണ് രംഗം വിടേണ്ടിവരുക.
1987ലാണ് മവേലയിൽ പഴം പച്ചക്കറി മാർക്കറ്റ് ആരംഭിച്ചത്. എന്നാൽ, ഒറ്റപ്പെട്ട സ്ഥലമായതിനാലും ആളുകൾ എത്തിപ്പെടാത്തതിനാലും ഒരു വർഷംകൊണ്ട് പൂട്ടി. അക്കാലത്ത് സീബിലും വാദീ കബീറിലും ഫഞ്ചയിലുമൊക്കെയായിരുന്നു പ്രധാന മാർക്കറ്റുകൾ. ദുബൈയിൽനിന്നാണ് ഇവിടങ്ങളിലേക്ക് പച്ചക്കറികളും പഴ വർഗങ്ങളും കൊണ്ടുവന്നിരുന്നത്.
വീണ്ടും മാർക്കറ്റ് തുറന്ന് പ്രവർത്തിച്ചത് 1997ലായിരുന്നുവെന്ന് മവേല മാർക്കറ്റിലെ ഓരോ ശ്വാസത്തിലും ഒപ്പമുണ്ടാവുകയും വളർച്ചയിൽ കൂടെ നടക്കുകയുംചെയ്ത സുഹൂൽ അൽ ഫൈഹയുടെ മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് ഓർക്കുന്നു. ആരംഭകാലത്ത് 30 വ്യാപാര സ്ഥാപനങ്ങൾ മാത്രമാണ് മാർക്കറ്റിലുണ്ടായിരുന്നത്. ആളൊഴിഞ്ഞ സ്ഥലമായിരുന്നതിനാൽ പൊതുജനങ്ങൾപോലും എത്തിപ്പെട്ടിരുന്നില്ല.
അതിനാൽ അവിടെ ബിസിനസ് ഇറക്കാൻ പലരും മടിച്ചിരുന്നു. ഏറെ പേടിച്ചാണ് ഇവിടെ വ്യാപാരം തുടങ്ങിയതെന്ന് അബ്ദുൽ വാഹിദ് പറയുന്നു. ആദ്യകാലത്ത് പ്രാദേശിക മാർക്കറ്റായിരുന്നു മവേല. ദുബൈയിൽനിന്ന് ട്രക്കുകൾ വഴിയാണ് പച്ചക്കറികളും പഴവർഗങ്ങളും എത്തിച്ചിരുന്നത്. വിവിധ വിദേശരാജ്യങ്ങളിൽനിന്ന് ദുബൈയിൽ എത്തുന്ന ഉൽപന്നങ്ങൾ അവിടെനിന്ന് ഒമാനിൽ എത്തിക്കുകയായിരുന്നു.
മസ്കത്ത് മുനിസിപ്പാലിറ്റിയുടെ മവേല മാർക്കറ്റിന്റെ ചുമതലയുള്ള മുസല്ലം ആണ് 2000മോടെ സെൻട്രൽ മാർക്കറ്റായി ഉയർത്തിയത്. ഒമാന്റെ പല ഭാഗങ്ങളിലും കേന്ദ്രീകരിച്ചിരുന്ന വ്യാപാരികളെയും സ്ഥാപനങ്ങളെയും മവേലയിൽ എത്തിക്കാൻ ഇദ്ദേഹം കഠിനമായ ശ്രമമായിരുന്നു നടത്തിയിരുന്നത്. അക്കാലം മുതലാണ് മറ്റ് രാജ്യങ്ങളിൽനിന്ന് പഴങ്ങളും പച്ചക്കറികളും നേരിട്ട് ഇറക്കുമതി ചെയ്യാൻ തുടങ്ങിയത്.
ഇതോടെ മാർക്കറ്റ് വളരാൻ തുടങ്ങുകയും ഒമാനിലെ ഏറ്റവും തിരക്കേറിയ സ്ഥലമായി മാറുകയുമായിരുന്നു. പച്ചക്കറികളും പഴവർഗങ്ങളും മറ്റ് രാജ്യങ്ങളിൽനിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്ന നിലവിൽ 400ഓളം സ്ഥാപനങ്ങൾ മാർക്കറ്റിലുണ്ട്. ഇത്തരം മൊത്തവ്യാപാരികളിൽനിന്ന് പഴങ്ങളും പച്ചക്കറികളും വിൽപന നടത്തുന്ന 500ഓളം ചെറുകിട കച്ചവടക്കാരുമുണ്ട്. മാർക്കറ്റിലെ പ്രധാന ആകർഷണമായ ചില്ലറ വ്യാപാര മാർക്കറ്റിൽ 300ലധികം പേരുണ്ട്.
കൂടാതെ നിരവധി ഹോട്ടലുകൾ, കഫറ്റീരിയകൾ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളും ഇപ്പോഴുണ്ട്. ഈ കാലയളവിൽ മാർക്കറ്റിൽ വ്യാപാരം നടത്തി വിജയം നേടിയവർക്കൊപ്പം പൊളിഞ്ഞ് വ്യാപാരം വിട്ടേച്ചുപോയ നൂറുകണക്കിന് ആളുകളുടെ കഥയും മാർക്കറ്റിന് പറയാനുണ്ട്.
മവേല മാർക്കറ്റ് കൂടുതൽ സൗകര്യങ്ങളുള്ള ഖസാഇനിലേക്കാണ് മാറുന്നത്. നിലവിൽ സ്ഥല പരിമിതി മൂലം വൻ ഞെരുക്കമാണ് മാർക്കറ്റിൽ അനുഭവപ്പെടുന്നത്. ഗതാഗതക്കുരുക്കും മറ്റ് പ്രശ്നങ്ങളും വേറെയുമുണ്ട്. ഇതിന് പരിഹാരമായാണ് ഏറെ സൗകര്യങ്ങളുള്ള ഖസാഇനിൽ പദ്ധതി ആരംഭിക്കുന്നത്. സ്റ്റോറേജ് അടക്കമുള്ള നിരവധി സൗകര്യങ്ങളാണ് ഇവിടെയുള്ളത്. മവേല മാർക്കറ്റിലെ നിരവധി പേർ ഖസാഇനിലേക്ക് മാറുന്നുണ്ട്. എന്നാൽ വ്യാപാരം നിർത്തി നാട്ടിലേക്ക് മടങ്ങുന്നവരും നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.