മത്ര: കോവിഡ് കാലം ഏറ്റവും ചെറു ജീവികളോടു പോലും കരുതൽ ആവശ്യമുള്ള സമയമാണ്. മത്രയിലെ ഖശ്കൂല് ഖാന് സാഹിബ് അക്കാര്യത്തില്‍ ഉത്തമ മാതൃകയാണ്. ഖാന് ചാച്ചയുടെ വരവും പ്രതീക്ഷിച്ച് തെരുവിൽ ജീവിക്കുന്ന ഒരുകൂട്ടം മിണ്ടാപ്രാണികൾ പതിവായി കാത്തിരിക്കുന്ന കാഴ്ചയും അവരുടെ നന്ദിപ്രകടനവും കാണേണ്ടതുതന്നെയാണ്. ഹോട്ടലുകളും കഫത്തീരിയകളുമൊക്കെ അടഞ്ഞു കിടക്കുന്നതിനാല്‍ പട്ടിണിയിലാണ്ടിരിക്കുകയാണ് ഇവ. തങ്ങളുടെ ഒട്ടിയ വയറിലേക്കുള്ള ഭക്ഷണവുമായി ചാച്ച വരുന്ന സമയം അവര്‍ക്കറിയാം. ദീര്‍ഘകാലമായി മത്രയില്‍ ഹോട്ടല്‍ നടത്തിയിരുന്ന ചാച്ചക്ക് ലോക്ഡൗണ്‍ മൂലം ജോലിയോ വരുമാനമോ ഇല്ല. എന്നുവെച്ച് സഹജീവികളോടുള്ള ഈ കാരണവരുടെ കരുതലിന് ഒരു മുടക്കവും വരാറില്ല.
മത്ര ജിദാനില് ചാച്ച വിരുന്നൂട്ടുന്നതിൽ പട്ടികളും പൂച്ചകളും കാക്കകളുമടക്കം ഉണ്ട്. ദിവസവും രണ്ടുനേരം ചാച്ച ദിനചര്യ പോലെ മുടങ്ങാതെ ഈ പുണ്യകർമം നടത്തിവരുന്നു. മത്രയിലുള്ള വിവിധ ഇറച്ചിക്കടകളില്‍ കയറിയിറങ്ങി ഇറച്ചി വേസ്റ്റുകൾ ശേഖരിക്കും. കൂടാതെ തന്തൂരിക്കടകളില് മുറിഞ്ഞ് ഒഴിവാക്കുന്ന റൊട്ടികളുമാണ് ചാച്ച മൃഗങ്ങൾക്കായി കൊണ്ടുവരുന്നത്. ചാച്ചയെ ദൂരെനിന്ന് കണ്ടാല്‍തന്നെ മൃഗങ്ങളുടെ ഒരുകൂട്ടം നന്ദിപൂർവം വാലാട്ടിക്കൊണ്ട് അടുത്തേക്ക് ചെല്ലും. അവർ പട്ടിണിയിലാണ്, അവരുടെ വിശപ്പ് മാറ്റിയാലുള്ള പ്രതിഫലം ദൈവം തമ്പുരാന് തരും എന്നാണ് ചാച്ച പറയുന്നത്. പാകിസ്താനിലെ പെഷാവറില്‍ നിന്നുള്ള ഖാന് സാഹിബ് ചാച്ച ദീർഘകാലമായി മാത്രയിൽ തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.