മത്ര: ഏപ്രില്‍ അവസാനവാരം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനും പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കുകൊള്ളാനുമായി അവധികള്‍ ക്രമീകരിച്ച് പ്രവാസികള്‍ നാട്ടിലേക്കു മടങ്ങിത്തുടങ്ങി. പെരുന്നാളും വിഷുവും ഒപ്പം ഇലക്ഷനും ഒരേ മാസം ഒത്തുവന്നതിനാല്‍ ഇത്തവണത്തെ അവധി യാത്രകള്‍ക്ക് ഒരേ സമയം പലര്‍ക്കും പല ലക്ഷ്യങ്ങൾ കൈവരിക്കാനായി എന്ന പ്രത്യേകതയുമുണ്ട്.
അതേ സമയം, ജോലിത്തിരക്ക് കാരണം പെരുന്നാളിനും വിഷുവിനും അവധി ലഭിക്കാത്തവര്‍ അടുത്ത ദിവസങ്ങളില്‍ വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിലുമാണ്. നാട്ടില്‍ നിന്നും കുടുംബത്തെ കൊണ്ട് വരുവാന്‍ സന്ദര്‍ശക വിസ എടുത്തവരൊക്കെ കുടുംബാംഗങ്ങളോട് ഇലക്ഷന് ശേഷം വന്നാല്‍മതിയെന്ന നിര്‍ദേശവും നല്‍കിയിരിക്കുകയാണ്.
ഒരു മാസത്തെ ഫ്ലാറ്റ് വാടക നഷ്ടമായാലും വോട്ട് 'മിസ്' ആക്കേണ്ടെന്ന ആലോചനയുടെ ഭാഗമാണ് ഈ തീരുമാനമെന്ന് മത്ര സൂഖില്‍ കഫ്റ്റീരിയ നടത്തുന്ന അലി അറിയിച്ചു. പെരുന്നാളിനും വിഷുവിനും നാട്ടില്പോകാന് പറ്റാത്തവര്‍ ടിക്കറ്റ് നിരക്കിലെ വര്‍ധനവും ചാഞ്ചാട്ടമൊന്നും കാര്യമാക്കാതെ നാട്ടില്‍ പോകാന്‍ ഒരുങ്ങുന്നുമുണ്ട്. നാട്ടിലെ കനത്ത ചൂട് കാരണം പോകാനുള്ള തീരുമാനത്തെ പിറകോട്ട് അടുപ്പിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഓര്‍ക്കുമ്പോള്‍ അന്തരീക്ഷ ചൂടൊക്കെ തിരഞ്ഞെടുപ്പ് ചൂടിന് വഴിമാറുകയാണ് ചെയ്യുന്നതെന്നാണ് പൊതുവേ എല്ലാവരും പറയുന്നത്. ജനാധിപത്യ മത നിരപേക്ഷ ഇന്ത്യ നിലനിൽപ്പിനായി മറ്റു തടസ്സങ്ങളൊക്കെ തട്ടി മാറ്റാനാണ് പ്രവാസികളില്‍ നല്ലൊരു വിഭാഗവും ചിന്തിക്കുന്നത്. അതുകൊണ്ടുതന്നെ പെരുന്നാളിന് മുമ്പും ശേഷവും നാട്ടില്‍ പോകുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.
റമദാന് നോമ്പും കച്ചവട, ജോലി തിരക്കുകളുമൊക്കെ ഒഴിഞ്ഞ് പ്രവാസലോകത്തെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം ലോക്സഭാ ഇലക്ഷന് തന്നെയാണ്.
കേരളത്തിലെ 20 മണ്ഡലങ്ങളിലുംപെട്ടഏതെങ്കിലും വോട്ടര്‍മാര്‍ പ്രവാസ ചുറ്റുപാടുകളിലെ ‘ഠ’ വട്ടങ്ങളിലുണ്ടാകുമെന്നതിനാല് ഓരോ മണ്ഡലങ്ങളിലെ സ്ഥിതിവിവര കണക്കുകളും ജയപരാജയ അവലോകനങ്ങളും കൂട്ടലും കിഴിക്കലുകളുമൊക്കെ നാലാളുകൂടുന്ന ഇടങ്ങളിലൊക്കെ നടന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണെങ്ങും.
പ്രവാസികള്‍ ഏറെയുള്ള മത്ര സൂഖ് പോലുള്ള ഇടങ്ങളില്‍ രാവിലെ മുതല്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് വേദിയാവുന്നുണ്ട്. നാട്ടിലെ കവലകളില്‍ പോലും ഇവിടെ നടക്കുന്നത് പോലുള്ള അവലോകനങ്ങള്‍ നടക്കുന്നുണ്ടാവില്ലെന്ന് തോന്നിക്കും വിധമാണ് ചര്‍ച്ചകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.