മസ്കത്ത്: സ്വദേശികൾക്കും പ്രവാസികൾക്കും പൂർണ ശമ്പളത്തോടെയുള്ള പ്രസവാവധി 98 ദിവസമാക്കുമെന്ന് ധനമന്ത്രാലയം സെക്രട്ടറി ജനറൽ നാസർ അൽ-ജാഷ്മി പറഞ്ഞു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്ന ‘ടുഗെദർ വി പ്രോഗ്രസ്‘ ഫോറം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സാമൂഹിക സംരക്ഷണ നിയമത്തിലാണ് പ്രസവാവധി 50 ദിവസത്തിൽ നിന്ന് 98 ആയി ഉയർത്തിയിരിക്കുന്നത്. വനിത ജീവനക്കാരോട് ഏതെങ്കിലും തരത്തിലുള്ള പക്ഷപാതം ഉണ്ടാകാതിരിക്കാനാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികളുടെ മിനിമം വേതനം ഉയർത്താനുള്ള നിർദേശം സർക്കാർ പഠിച്ചു വരുകയാണെന്ന് പരിപാടിയിൽ സംസാരിച്ച തൊഴിൽ മന്ത്രി പ്രഫ. മഹദ് അൽ ബവയ്ൻ പറഞ്ഞു. മന്ത്രിമാരുടെ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റിലേക്ക് പ്രാരംഭ ഡ്രാഫ്റ്റ് അയച്ചിട്ടുണ്ട്. മിനിമം വേതനം 360 റിയാൽമുതൽ 400 വരെയാകാമെന്നാണ് കരുതുന്നത്. പ്രവാസികൾക്ക് ജോലിയിൽ തുടരാനുള്ള പരമാവധി പ്രായപരിധി 60 വയസ്സ് റദ്ദാക്കിയത് രാജ്യത്തെ ബിസിനസ് മേഖലക്ക് സഹായകമാകും. കഴിഞ്ഞ വർഷമാണ്, തൊഴിൽ മന്ത്രാലയം സർക്കുലറിന്റെ അടിസ്ഥാനത്തിൽ പ്രവാസി തൊഴിലാളികളുടെ 60 വയസ്സ് പ്രായപരിധി റദ്ദാക്കിയത്. ഇത് ആ വ്യക്തി ഇവിടെയുള്ള കാലത്ത് നേടിയ സമ്പത്തിന്റെയും അനുഭവത്തിന്റെയും നേട്ടങ്ങൾ സ്വകാര്യമേഖലയെ സഹായിക്കുന്നതിന് വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു.
ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷന് സെന്ററിൽ മന്ത്രിസഭാ ജനറൽ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച ‘ടുഗെദർ വി പ്രോഗ്രസ്‘ ഫോറം സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം അൽ സഈദ് ഉദ്ഘാടനം ചെയ്തു. സർക്കാറും സമൂഹവും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനുള്ള സുൽത്താന്റ കാഴ്ചപാടിന്റെ ഭാഗമായാണ് ‘ടുഗെദർ വി പ്രോഗ്രസ്‘ ഫോറമെന്ന് മന്ത്രിമാരുടെ കൗൺസിൽ സെക്രട്ടറി ജനറൽ ഷെയ്ഖ് അൽ ഫദൽ ബിൻ മുഹമ്മദ് അൽ ഹാർത്തി പറഞ്ഞു.
ഒമാൻ 2040 ഇംപ്ലിമെന്റേഷൻ ഫോളോ-അപ്പ് യൂനിറ്റ് മേധാവി ഡോ. ഖമീസ് ബിൻ സെയ്ഫ് അൽ ജാബ്രി വിഷൻ 2040മായി ബന്ധപ്പെട്ട കാര്യങ്ങൾ അവതരിപ്പിച്ചു. സാമൂഹിക സംരക്ഷണ സംവിധാനം അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ധനകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.