സുഹാർ: അത്തം തുടങ്ങിയതുമുതൽ പ്രവാസിവീട്ടമ്മയായ മായ തിരക്കിലാണ്. അത്തം മുതൽ ഓരോ ദിവസവും വ്യത്യസ്ത രുചികളിലുള്ള പായസമാണ് മായ ഉണ്ടാക്കുന്നത്. പൊന്നോണം വരെ പത്ത് വ്യത്യസ്ത രുചികളിലുള്ള പായസം പാചകം ചെയ്യും. ഇതിനൊപ്പം ഓരോ ദിവസവും ഓണസദ്യയും പൂക്കളവുമൊരുക്കുന്നുണ്ട്.
രുചി വൈവിധ്യങ്ങളായ ഇനങ്ങൾ തിരഞ്ഞെടുത്താണ് ഓരോ ദിവസവും പായസവും സദ്യയും ഒരുക്കുക. ഉണ്ണ്യപ്പ പായസം, ഗുലാംജാം പായസം, ചക്കക്കുരു പായസം എന്നിങ്ങനെ പോകുന്നു മായയുടെ മെനു. അത്തം തുടങ്ങിയതുമുതൽ പത്തു ദിവസവും സദ്യ ഉണ്ടാക്കുന്നുണ്ട്. ഓരോ ദിവസവും ഓരോ ജില്ലയിലെയും സദ്യ വട്ടങ്ങളാണ് ഒരുക്കുക. മലബാർ ഭാഗങ്ങളിൽ നോൺ വെജ് അടങ്ങിയ സദ്യയാണ് മുഖ്യം അതുകൊണ്ട് ഒരു ദിവസം അതുപോലുള്ള സദ്യയും പാചകം ചെയ്യുമെന്ന് തികച്ചും സസ്യാഹാരിയായ മായ പറയുന്നു.
ഗൾഫ് പരിമിതിയിൽ പൂക്കളവും തീർക്കുന്നുണ്ട്. കോവിഡ് സാഹചര്യത്തിൽ ആഘോഷങ്ങൾ നാല് ചുവരുകൾക്കുള്ളിൽ ഒതുക്കി കഴിയുന്നതിെൻറ ബുദ്ധിമുട്ടും മായ വിവരിക്കുന്നു. വർഷങ്ങളായി നാട്ടിലെ ഓണവും വിഷുവും ആഘോഷിക്കാനാകാത്തതിെൻറ വിഷമം മറക്കാൻ കൂടിയാണ് ഇങ്ങനെ ഓരോദിവസവും ആഘോഷമാക്കുന്നതെന്നും മായ പറയുന്നു. കണ്ണൂർ പുതിയതെരു സ്വദേശിനിയായ മായ ഇരുപത് വർഷമായി സോഹാറിലുണ്ട്.
ബിസിനസുകാരനായ ശ്രീശൻ ആണ് ഭർത്താവ്. എം.ബി.എക്ക് പഠിക്കുന്ന അനുഗ്രഹ് ഏക മകനാണ്. സുഹാർ മലയാളി സംഘം മെമ്പർകൂടിയാണ് മായ. പത്തു ദിവസം തയാറാക്കുന്ന വിഭവങ്ങൾ അടുത്ത വീടുകളിലും തെൻറ സ്ഥാപനത്തിലെ ജീവനക്കാർക്കും എത്തിച്ചു നൽകുമെന്ന് ശ്രീശൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.