മസ്കത്ത്: ജൂൺ മുതൽ ഒമാനിലെ വിവിധ വിഭാഗങ്ങൾക്കായി മെഗാ വാക്സിനേഷൻ ആരംഭിക്കുന്നത് ഒമാൻെറ സാമ്പത്തിക മേഖലയിൽ ഉണർവിന് സഹായകമാവും. നിലവിൽ കോവിഡ് പ്രതിസന്ധി കാരണം ട്രാവൽ, ഹോസ്പിറ്റാലിറ്റി അടക്കമുള്ള മേഖലകളിൽ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
ഘട്ടം ഘട്ടമായി പൂർണ വാക്സിനേഷൻ നടപ്പാക്കുന്നതിൻെറ ഭാഗമായാണ് എല്ലാ ഗവർണറേറ്റുകളിലും മെഗാ വാക്സിൻ ഒരുക്കുന്നത്. മസ്കത്തിലെ ഒമാൻ എക്സിബിഷൻ സെൻറർ അടക്കമുള്ള സ്ഥലങ്ങളും ഇതിനായി തയാറായിക്കഴിഞ്ഞു. വിവിധ ഗവർണറേറ്റുകളിൽ സ്കൂളുകൾ, സ്പോർട്സ് കോംപ്ലക്സുകൾ എന്നിവ കേന്ദ്രീകരിച്ചാണ് വാക്സിനേഷൻ നടക്കുക. ജൂൺ മുതൽ ആരംഭിക്കുന്ന ഒന്നാംഘട്ട മെഗാ വാക്സിനേഷൻ പദ്ധതി വഴി ജനസംഖ്യയുടെ 30 ശതമാനം പേർക്ക് ഇൗ വർഷം ആഗസ്റ്റിനു മുമ്പായി വാക്സിനേഷൻ നൽകാനാണ് ആരോഗ്യ മന്ത്രാലയത്തിൻെറ പദ്ധതി.
രണ്ടാം ഘട്ടത്തിൽ 40 ശതമാനം പേർക്കാണ് വാക്സിനേഷൻ നൽകുന്നത്. മന്ത്രാലയത്തിൻെറ നിർദേശത്തിൻെറ ഭാഗമായി നിരവധി സ്വകാര്യ കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് വാക്സിനേഷൻ നൽകാൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി സ്വദേശികളും വിദേശികളുമായ നിരവധി പേർക്ക് കുത്തിവെപ്പ് നൽകാൻ കഴിയും. ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സഹകരിച്ച് എല്ലാ ഗവർണറേറ്റുകളിലെയും ജനറൽ എജുക്കേഷൻ ഡിപ്ലോമ വിദ്യാർഥികൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചിട്ടുണ്ട്.
ഇൗ കാമ്പയിനിലൂടെ 75,725 വിദ്യാർഥികൾക്ക് വാക്സിനേഷൻ നൽകാനാവും. ഇതോടൊപ്പം 47 സ്വകാര്യ സ്കൂളുകളിലെ 2,230 വിദ്യാർഥികൾക്കും ജനറൽ എജുക്കേഷൻ ഡിപ്ലോമ പരീക്ഷക്കു മുമ്പുതന്നെ വാക്സിനേഷൻ നൽകും. മസ്കത്ത് ഗവർണറേറ്റിൽ ബോഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിലും സീബ്, മത്ര, അൽ അമിറാത്ത്, ഖുറിയാത്ത് എന്നിവിടങ്ങളിലെ വാക്സിനേഷൻ സെൻററുകളിലും സൗകര്യമൊരുക്കിയിട്ടുണ്ട്.
ജൂൺ മുതൽ ആഴ്ചതോറും രണ്ട് ലക്ഷം ഡോസ് വാക്സിനുകൾ ഒമാനിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.കോവിഡ് വാക്സിനുമായി ഷിപ്മെൻറുകൾ എത്തുന്നത് തുടരുമെന്ന് ആരോഗ്യമന്ത്രി അഹ്മദ് ബിൻ മുഹമ്മദ് അൽ സഇൗദി ഉറപ്പു നൽകിയിരുന്നു. ആഗസ്റ്റ് അവസാനത്തോടെ സ്വദേശികൾക്കും വിദേശികൾക്കുമായി 35 ശതമാനം പേർക്ക് വാക്സിൻ നൽകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സർക്കാർ സ്ഥാപനത്തിലെ എല്ലാ ജീവനക്കാർക്കും വാക്സിനേഷൻ നൽകാൻ പ്രത്യേക ടീം രൂപവത്കരിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങൾ സ്ഥാപനത്തിനുള്ളിലെ ക്ലിനിക്കുകൾ വഴിയും സ്വകാര്യ -ആരാേഗ്യ സ്ഥാപനങ്ങൾ വഴിയും വാക്സിനേഷൻ നൽകാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.