മസ്കത്ത്: ഒമാനിലെ സാധാരണ ടാക്സികളിൽ നിരക്കുകൾ കാണിക്കാനുള്ള അബർ ടാക്സി മൊബൈൽ ആപ് ജൂൺ ഒന്ന് മുതൽ നടപ്പാക്കുമെന്ന് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു. ഗതാഗതനിരക്ക് നിർണയിക്കുന്നത് സംബന്ധിച്ച് 2018 ഡിസംബർ 26ന് പുറപ്പെടുവിച്ച മന്ത്രിതല പ്രമേയം 195/2018ലെ വ്യവസ്ഥകൾ പ്രകാരം ടാക്സികളുടെ പ്രവർത്തനം നിയന്ത്രിക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. സ്ട്രീറ്റ് ടാക്സികളിൽ മാത്രമേ ആബർ ഡിജിറ്റൽ മീറ്റർ ഉപയോഗിക്കൂ. എന്നാൽ, ഇത് ഒ ടാക്സി, ഉബർ, മുവാസലാത്ത് ടാക്സി, എയർപോർട്ട് ടാക്സി തുടങ്ങിയ ടാക്സി കമ്പനികൾക്ക് ആപ് ബാധകമായിരിക്കില്ല. മീറ്റർ ടാക്സികൾ എന്ന ആശയത്തിന് ഏറെ വർഷങ്ങളുടെ പാരമ്പര്യമുണ്ട്. നിരവധി തവണ ഇതുസംബന്ധമായ തീരുമാനങ്ങൾ എടുത്തിരുന്നെങ്കിലും നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല.
രാജ്യത്തെ എല്ലാ ഓറഞ്ച്, വൈറ്റ് സ്ട്രീറ്റ് ടാക്സികളും പുതുതായി പുറത്തിറക്കിയ അബർ ടാക്സി മീറ്റർ മൊബൈൽ ആപ് ഉപയോഗിച്ച് പ്രവർത്തിക്കുമെന്ന് ഗതാഗത അണ്ടർ സെക്രട്ടറി ഖാമിസ് ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഷമാഖി പറഞ്ഞു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി വരും മാസങ്ങളിൽ സേവനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മിനിമം ചാർജ് 300 ബൈസ
പിന്നീട് വരുന്ന ഓരാ കിലോമീറ്ററിനും 130 ബൈസ ഈടാക്കും
സൗജന്യ അഞ്ച് മിനിറ്റ് കാത്തിരിപ്പിന് ശേഷം പിന്നീട് ഓരോ മിനിറ്റിനും 50 ബൈസ കാത്തിരിപ്പ് ചാർജായി നൽകണം
യാത്രയുടെ തുടക്കത്തിൽ മീറ്റർ ഉപയോഗിക്കാൻ ഡ്രൈവർ ബാധ്യസ്ഥനാണ്. അല്ലാത്തപക്ഷം മുഴുവൻ യാത്രയും സൗജന്യമായി കണക്കാക്കും.
ഒന്നിലധികം യാത്രക്കാരുടെ കാര്യത്തിൽ, നിരക്ക് അവർക്കിടയിൽ തുല്യമായി വിഭജിക്കും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.