മസ്കത്ത്: വേനൽച്ചൂടിൽനിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകാനായി ഉച്ചവിശ്രമം കർശനമായി കമ്പനികൾ നടപ്പാക്കണമെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചു. ഉച്ചസമയങ്ങളിൽ തൊഴിലാളികളെ ജോലിക്ക് നിയമിക്കരുതെന്നും മുന്നറിയിപ്പ് നൽകി. രാജ്യത്ത് ജൂൺ മുതൽ ആഗസ്റ്റുവരെയുള്ള കാലയളവിൽ ഉച്ച 12.30 മുതൽ 3.30വരെയാണ് തൊഴിലാളികൾക്ക് ഉച്ചവിശ്രമം നൽകേണ്ടത്.
നിയമം അടുത്ത മാസം ഒന്നുമുതൽ പ്രാബല്യത്തിൽ വരും. തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി എല്ലാ നിർമാണ, തുറസ്സായ സ്ഥലങ്ങളിൽ ഉച്ചസമയങ്ങളിൽ ജോലി നിർത്തിവെക്കേണ്ടതാണെന്ന് തൊഴിൽമന്ത്രാലയത്തിലെ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് ഡിപ്പാർട്മെന്റ് മേധാവി സക്കറിയ ഖമീസ് അൽ സാദി പറഞ്ഞു. എയർകണ്ടീഷൻ ചെയ്ത വിശ്രമകേന്ദ്രങ്ങൾ നൽകൽ, ശാരീരിക ബുദ്ധിമുട്ടുള്ള ജോലികൾ തണുപ്പുള്ള സമയങ്ങളിലേക്ക് പുനഃക്രമീകരിക്കൽ, ജീവനക്കാർ 45 മിനിറ്റ് ജോലി ചെയ്യുന്ന റൊട്ടേഷനൽ സംവിധാനം, തുടർന്ന് 15 മിനിറ്റ് ഇടവേള എന്നിവ ഉൾപ്പെടെയുള്ള ബദൽമാർഗങ്ങളും അൽ സാദി ചൂണ്ടിക്കാണിച്ചു.
ഇന്ധനസ്റ്റേഷനുകളിൽ ഉച്ചസമയത്ത് അത്യാവശ്യമല്ലാതെ ഇന്ധനം നിറക്കുന്നത് ഒഴിവാക്കാൻ കമ്യൂണിറ്റി ബോധവത്കരണ കാമ്പയിനുകളും മന്ത്രാലയം സജീവമാക്കിയിട്ടുണ്ട്. ഉച്ചസമയങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ കണ്ടെത്തിയാൽ, തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 118ലെ വ്യവസ്ഥകൾ അനുസരിച്ച് മന്ത്രാലയം നിയമനടപടികൾ സ്വീകരിക്കും.
നിയമം പാലിക്കുന്നുണ്ടോ എന്ന് ടാസ്ക് ഫോഴ്സ് നിരീക്ഷിക്കും. കേസ് ആവർത്തിക്കുന്ന സാഹചര്യത്തിൽ ജുഡീഷ്യൽ അധികാരികൾക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. നിയമം ലംഘിക്കുന്നവർക്ക് 500 റിയാൽവരെ പിഴയും ഒരുമാസത്തെ തടവും ലഭിച്ചേക്കും. അല്ലെങ്കിൽ രണ്ടും ഒരുമിച്ച് അനുഭവിക്കേണ്ടിയും വരും. നിയമം പാലിക്കാത്ത സ്ഥാപനങ്ങളെക്കുറിച്ച് ഫോൺ വഴിയോ മന്ത്രാലയത്തിന്റെ വെബ്സൈറ്റുകൾ വഴിയോ അറിയിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
ബുറൈമിയിൽ ബോധവത്കരണവുമായി മന്ത്രാലയം
മസ്കത്ത്: വേനൽക്കാല മാസങ്ങളിൽ പുറത്ത് ജോലിയെടുക്കുന്നവർക്ക് ഉച്ചവിശ്രമം അനുവദിക്കേണ്ടതിന്റെ അവബോധം വളർത്താനായി തൊഴിൽ മന്ത്രാലയം പ്രചാരണ പരിപാടികൾ നടത്തി. ബുറൈമി ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബറാണ് ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ നിർമാണ സ്ഥലങ്ങളിൽ ഉച്ചക്ക് 12.30 മുതൽ 3.30 വരെ ജോലികൾ നിർത്തിവെക്കുന്ന നയത്തെക്കുറിച്ച് ബിസിനസ് ഉടമകൾക്കും തൊഴിലാളികൾക്കും ബോധവത്കരണങ്ങൾ നൽകിയത്.
വിവിധ ഭാഷകളിൽ തയാറാക്കിയ ലഘുലേഖകളും വിതരണം ചെയ്തു. രാജ്യത്ത് മൂന്ന് മാസത്തെ ഉച്ചവിശ്രമം ജൂൺ ഒന്നിന് ആരംഭിക്കും. തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കാത്ത കമ്പനികൾക്ക് കനത്ത പിഴ ചുമത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.