മസ്കത്ത്: കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം 2022ൽ കന്നുകാലികൾക്ക് 40 ലക്ഷത്തിലധികം വാക്സിൻ നൽകി. പകർച്ചവ്യാധികളിൽനിന്ന് രാജ്യത്തെ കന്നുകാലികളെ സംരക്ഷിക്കാനാണ് ദേശീയ കന്നുകാലി പ്രതിരോധ കുത്തിവെപ്പ് പദ്ധതി നടപ്പാക്കിയത്. വിവിധ രോഗങ്ങൾ കന്നുകാലി സമ്പത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിൽ മന്ത്രാലയം മൃഗങ്ങളുടെ വാക്സിനേഷനിൽ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്.
പ്രതിരോധ കുത്തിവെപ്പ് പദ്ധതി പ്രധാനമായും ചെമ്മരിയാടുകൾ, ആട്, ഒട്ടകം, പശുക്കൾ എന്നിവയെയാണ് ലക്ഷ്യമിടുന്നത്. 2021ൽ 30 ലക്ഷം ഡോസ് മാത്രമാണ് വിതരണം ചെയ്തത്. നിലവിൽ പ്രതിരോധ കുത്തിവെപ്പിന്റെ പ്രയോജനം ലഭിക്കുന്ന കന്നുകാലി കർഷകരുടെ എണ്ണം 35,624 ആയി. കുളമ്പുരോഗം, ആട് പ്ലേഗ്, ചെമ്മരിയാട് -ആട് ചിക്കൻപോക്സ് തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിൽ കുത്തിവെപ്പ് പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് മന്ത്രാലയം ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദേശീയ കന്നുകാലി പ്രതിരോധ കുത്തിവെപ്പ് പദ്ധതിയിലൂടെ മൃഗങ്ങളിലെ പകർച്ചവ്യാധികളും സാംക്രമിക രോഗങ്ങളും തടയുന്നതിനു പുറമെ, മനുഷ്യരെ അണുബാധകളിൽനിന്ന് സംരക്ഷിക്കാനും ലക്ഷ്യമിടുന്നു. കന്നുകാലികളുടെ നല്ല ആരോഗ്യം ഉറപ്പാക്കുന്നതിലൂടെ, ഉയർന്ന പോഷകഗുണമുള്ള മൃഗ ഉൽപന്നങ്ങൾ ലഭ്യമാക്കാനും സാധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.