മസ്കത്ത്: ഫെബ്രുവരി 22 മുതൽ നടക്കുന്ന മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയിൽ 32 രാജ്യങ്ങളിൽനിന്നായി 826 പ്രസാധക സ്ഥാപനങ്ങൾ പങ്കെടുക്കുമെന്ന് ഇൻഫർമേഷൻ മന്ത്രാലയം അണ്ടർ സെക്രട്ടറിയും മസ്കത്ത് ഇന്റർനാഷനൽ ബുക്ക് ഫെയർ മീഡിയ കമ്മിറ്റി ചെയർമാനുമായ മുഹമ്മദ് ബിൻ സഈദ് അൽ ബലൂഷി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ തെക്കൻ ബാത്തിന ഗവർണറേറ്റ് ആയിരിക്കും ഈവർഷത്തെ വിശിഷ്ടാതിഥികൾ. 5900 പുതിയ പുസ്തകങ്ങളുടെ പ്രകാശനം നടക്കും.
പുസ്തകമേളയെ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെയും ഇപ്രാവശ്യം പരിപാടിക്ക് ക്ഷണിച്ചിട്ടുണ്ട്. 1194 പവിലിയനുകളായി 5900 ആധുനിക പ്രസിദ്ധീകരണങ്ങളും 204,411 വിദേശ പുസ്തകങ്ങളും 260,614 അറബിക് പുസ്തകങ്ങളും അവതരിപ്പിക്കും. പ്രാദേശിക ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണക്കുന്നതിന്റെ ഭാഗമായി വേദിയിലെ ഭക്ഷണശാലകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. ബാങ്ക് ദോഫാറുമായി സഹകരിച്ച് ആരംഭിച്ച ഇലക്ട്രോണിക് പേമെന്റ് സംവിധാനം പുസ്തകങ്ങളുടെ വിൽപനയിൽനിന്നുള്ള വരുമാനം അറിയാൻ സഹായിക്കുന്നതായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. എഴുത്തുകാരുടെ സംഗമങ്ങളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.