മസ്കത്ത്: തിങ്കളാഴ്ച മുതൽ തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന മസ്കത്ത് നൈറ്റ് ഫെസ്റ്റിവലിന്റെ സന്നദ്ധ സേവനത്തിന് 500 വളന്റിയര്‍മാരെ നിയമിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി. സേവന തത്പരരായ ആളുകളിൽനിന്നാണ് വളന്റിയേഴ്സിനെ തെരഞ്ഞെടുത്തിരുക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം മസ്കത്ത് മുനിസിപ്പാലിറ്റി ചെയര്മാന് അഹമദ് ബിന്‍ മുഹമ്മദ് അല്‍ ഹുമൈദി വിശദീകരിച്ചു നല്കി.
ഫെസ്റ്റിവൽ നഗരികളിലേക്ക് എത്തുന്നവർക്ക് മികച്ച സേവന അനുഭവം സമ്മാനിക്കുന്നതിനാണ് വളന്റിയർമാരെ തെരഞ്ഞെടുത്തിട്ടുള്ളത്. യുവാക്കള്‍ക്ക് മികച്ച തൊഴില്‍-സേവന അവസരം കൂടിയാണ് വളന്റിയർ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. ഇവര്‍ക്ക് മികച്ച പരിശീലനവും സംഘാടകര്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ സന്ദര്‍ശകരെത്തുന്ന ആമിറാത്ത് പാര്‍ക്ക്, നസീം ഗാര്ഡന് എന്നിവിടങ്ങളില്‍ കൂടുതല്‍ സന്നദ്ധ സേവകരുടെ സാന്നിധ്യമുണ്ടാകും.
അതേസമയം, തലസ്ഥാന നഗരിക്ക് ആഘോഷരാവുകളുമായെത്തുന്ന മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവലിനുള്ള അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഡിസംബർ 23മുതൽ ജനുവരി 21നും ഇടയിൽ നസീം പാർക്ക്, വാദി അൽ ഖൗദ്, സീബ് ബീച്ച്- സുർ അൽ ഹദീദ്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ഖുറം നാച്ചുറൽ പാർക്ക്, അമീറാത്ത് പബ്ലിക് പാർക്ക് എന്നിങ്ങനെ ഒന്നിലധികം വേദികളിലാണ് ഇപ്രാവശ്യം ഫെസ്റ്റിവൽ നടക്കുക.
മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി പരിപാടികളിലും വൈവിധ്യങ്ങളുണ്ട്. 700-ലധികം ചെറുകിട, ഇടത്തരം സംരംഭങ്ങൾ അവരുടെ ഉൽപന്നങ്ങളും സേവനങ്ങളും പ്രദർശനം ഒരുക്കുന്നുണ്ട്. ഖുറം നാച്ചുറൽ പാർക്കിൽ ഫ്ലവർ ഷോയും ഫുഡ് ഫെസ്റ്റിവലും നടക്കും. ഡ്രോൺ ലൈറ്റ് ഷോകൾ, ലേസർ ഡിസ്പ്ലേകൾ, കുതിരസവാരി തുടങ്ങിയ ഇവന്റുകൾ പരിപാടിയെ കൂടുതൽ ആകർഷകമാക്കും. ഫുഡ് ഫെസ്റ്റിവൽ, വിവിധ രാജ്യങ്ങളിലെ എംബസികൾ പ്രതിനിധീകരിക്കുന്ന പവലിയൻ തുടങ്ങി ചില ജനപ്രിയ പരിപാടികളുടെ തിരിച്ചുവരവ് ഉൾപ്പെടെ ഈ വർഷത്തെ ഫെസ്റ്റിവലിന് ചില പുതിയ സവിശേഷതകൾ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.