മസ്കത്ത്: രാജ്യത്തിന്‍റെ 52ാം ദേശീയദിനാഘോഷത്തോടനുബന്ധിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് ദോഫാർ ഗവർണറേറ്റിലെത്തി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മറ്റും നേതൃത്വത്തിൽ ഊഷ്മള വരവേൽപാണ് സുൽത്താന് നൽകിയത്. ഈ വർഷത്തെ സൈനിക പരേഡ് വെള്ളിയാഴ്ച സലാലയിലെ അൽനാസർ സ്ക്വയറിലാണ് നടക്കുന്നത്. ചടങ്ങിൽ സുൽത്താൻ സല്യൂട്ട് സ്വീകരിക്കും. ഇതിനായുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.
സുൽത്താൻ അധികാരമേറ്റതിനുശേഷമുള്ള രണ്ടാമത്തെ സൈനിക പരേഡാണ് ഈ വർഷം നടക്കാൻ പോകുന്നത്. റോയൽ ഒമാൻ എയർഫോഴ്സ്, റോയൽ നേവി ഓഫ് ഒമാൻ, റോയൽ ഗാർഡ് ഓഫ് ഒമാൻ, സുൽത്താന്റെ പ്രത്യേക സേന, റോയൽ ഒമാൻ പൊലീസ്, റോയൽ കോർട്ട് അഫയേഴ്സ്, റോയൽ കാവൽറി, റോയൽ ഗാർഡ് കാവൽറി ഓഫ് ഒമാൻ തുടങ്ങിയ വിഭാഗങ്ങൾ പരേഡിൽ പങ്കെടുക്കും. നാടും നഗരവും ഇതിനകം ദേശീയദിനാഘോഷത്തിൽ അലിഞ്ഞിട്ടുണ്ട്. ദോഫാറിലെ വിവിധ ഇടങ്ങളിലെ വഴിയോരങ്ങളിൽ സുൽത്താനേറ്റിന്‍റെ പതാക ഉയരുകയും അലങ്കാരവിളക്കുകൾ തെളിയുകയും ചെയ്തിട്ടുണ്ട്. കോവിഡ് നിയന്ത്രണമില്ലാത്തതിനാൽ ഇത്തവണ ആഘോഷങ്ങൾക്ക് കൂടുതൽ പൊലിമ കൈവരും.
രാജ്യസ്നേഹവും കൂറും പ്രകടിപ്പിച്ചും സുൽത്താൻ ഹൈതം ബിൻ താരിഖിനോടുള്ള വിശ്വസ്തതയും കൃതജ്ഞതയും രേഖപ്പെടുത്തിയും ദോഫാർ ഗവർണറേറ്റിലെ മക്‌ഷാൻ വിലായത്തിൽ ദിവസങ്ങൾക്കുമുമ്പ് റാലി സംഘടിപ്പിച്ചിരുന്നു. മക്ഷാൻ വാലി ശൈഖ് അഹമ്മദ് ബിൻ മുസ്ലി ജദാദിന്‍റെ നേതൃത്വത്തിലായിരുന്നു പരിപാടി. നിരവധി ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, ഒമാൻ വിമൻ അസോസിയേഷൻ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ബാനറുകളും രാജ്യത്തിന്‍റെ പതാകയും ഉയർത്തി നടത്തിയ റാലിയിൽ, സുൽത്താന്‍റെ ഭരണ കാലത്തുണ്ടായ നേട്ടങ്ങൾക്ക് നന്ദിപറഞ്ഞു.
ദോഫാർ ഗവർണറേറ്റടക്കം ഒമാനിലെ വിവിധ മേഖലകളിൽ ഉണ്ടായിട്ടുള്ള പുരോഗതിയും വികസനവും അവലോകനം ചെയ്യുന്നതിനുള്ള അവസരമായാണ് ഈ മഹത്തായ ദേശീയ ദിനാഘോഷത്തോടൊപ്പം കണക്കാക്കുന്നതെന്ന് ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സെയ്ദ് പറഞ്ഞു. സമഗ്രവും സുസ്ഥിരവുമായ വികസനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യം, ടൂറിസം, ലോജിസ്റ്റിക് മേഖലകൾ ഉൾപ്പെടെ നിരവധി വികസനപദ്ധതികൾക്ക് വരും കാലയളവിൽ പല സർക്കാർ സ്ഥാപനങ്ങളും തുടക്കമിടും. ശരത്കാല സീസണായതിനാൽ ഗവർണറേറ്റ് അതിന്റെ ടൂറിസം സാധ്യതകളാൽ സമ്പന്നമാണെന്നും ദോഫാർ ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.