ദേശീയ ദിനാഘോഷം; മത്ര വ്യാപാരമേഖലയിൽ ഉണർവ്

മസ്കത്ത്: ദേശീയ ദിനാഘോഷത്തിന്റെ ഉൽപന്നങ്ങൾ മൊത്തമായും ചില്ലറയായും വിൽക്കുന്ന പ്രധാന മാർക്കറ്റായ മത്രയിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ തിരക്ക്. ഇതോടെ മത്രയിലെ മൊത്ത, ചെറുകിട വ്യാപാര മേഖല വീണ്ടും ഉണർന്നു. കോവിഡ് അടക്കമുള്ള വെല്ലുവിളി കാരണം പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുകയായിരുന്ന പല സ്ഥാപനങ്ങൾക്കും ദേശീയ ദിനത്തിന്‍റെ ഭാഗമായി ലഭിച്ച വ്യാപാരം അനുഗ്രഹമായി. ഈ വർഷം ആവശ്യം വർധിച്ചതിനാൽ പല ഉൽപന്നങ്ങളുടെയും സ്റ്റോക്ക് തീർന്നു.

മുൻ വർഷങ്ങളെ അപേക്ഷിച്ച് മികച്ച വ്യാപാരമാണ് ഈ വർഷമെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ, ദേശീയ ദിന ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിലും വിൽക്കുന്നതിനും ഈ വർഷം കർശന നിയന്ത്രണമുണ്ടായിരുന്നു. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പരിശോധനയും ശക്തമായിരുന്നു. അതിനാൽ മൊത്ത വ്യാപാര മേഖലയിലുള്ളവർ കരുതലോടെയാണ് ഉൽപന്നങ്ങൾ എത്തിച്ചത്.

കടുത്ത നിയന്ത്രണങ്ങളും കഴിഞ്ഞ വർഷങ്ങളിൽ വ്യാപാരം മോശമായതും കാരണം പലരും ഉൽപന്നം എത്തിക്കാൻ മടിച്ചു. ഇത് സാധനങ്ങളുടെ ദൗർലഭ്യതക്ക് കാരണമായി. രാജ്യത്തിന്റെ കൊടി, ഷാൾ, ടീ ഷർട്ട് തുടങ്ങിയ ഇനങ്ങൾക്കായിരുന്നു ആവശ്യക്കാർ. അവസാന ദിനങ്ങളിലാണ് മത്രയിൽ കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. കൊടികൾക്കാണ് കൂടുതൽ ആവശ്യക്കാർ. അവസാന ദിവസം സ്വദേശികളും വിദേശികളും കൂട്ടമായി മാർക്കറ്റിലിറങ്ങിയത് തിരക്ക് വർധിക്കാനും ഇടയാക്കി.

45ാം ദേശീയ ദിനാഘോഷത്തിന് ശേഷമുള്ള മികച്ച വ്യാപാരമാണ് ഈ വർഷത്തേതെന്ന് മൊത്ത വ്യാപാര സ്ഥാപനമായ അമാൻ പൈനിയർ ഇന്റർനാഷനലിന്‍റെ മാനേജിങ് ഡയറക്ടർ റാസിഖ് പറഞ്ഞു. 50ാം ദേശീയ ദിനത്തിലായിരുന്നു നല്ല വ്യാപാരം പ്രതീക്ഷിച്ചത്. എന്നാൽ, കോവിഡ് പ്രതിസന്ധി കാരണം ഇത് മുടങ്ങിപ്പോയി. തങ്ങൾ ചൈനയിൽ നിന്നാണ് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നത്. എല്ലാ നിയന്ത്രണങ്ങളും മാനദന്ധങ്ങളും പാലിച്ചാണ് ഇറക്കുമതി. ഈ വർഷം ആദ്യഘട്ടത്തിൽ ചില്ലറ വിൽപനക്കാരിൽ പലരും ദേശീയ ദിന ഉൽപന്നങ്ങൾ വാങ്ങാൻ മടിച്ചിരുന്നു. എന്നാൽ, അവസാന ഘട്ടത്തിൽ പലതിന്റെയും സ്റ്റോക്ക് തീർന്നതായും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - National Day Celebration; Progress in business sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.