മസ്കത്ത്: രാജ്യത്തിന്റെ 52ാത് ദേശീയ ദിനാഘോഷ ഭാഗമായി നവംബർ 18ന് നടക്കുന്ന സൈനിക പരേഡിന് സായുധസേനയുടെ പരമോന്നത കമാൻഡർ സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം നൽകും. ദോഫാർ ഗവർണറേറ്റിലെ സലാലയിലുള്ള അൽ-നാസർ സ്ക്വയറിലാണ് സൈനിക പരേഡ് നടക്കുക. സുൽത്താൻ അധികാരമേറ്റതിന് ശേഷമുള്ള രണ്ടാമത്തെ സൈനികപരേഡാണ് ഈ വർഷം നടക്കാൻപോകുന്നത്. റോയൽ ഒമാൻ എയർഫോഴ്സ്, റോയൽ നേവി ഓഫ് ഒമാൻ, റോയൽ ഗാർഡ് ഓഫ് ഒമാൻ, സുൽത്താന്റെ പ്രത്യേക സേന, റോയൽ ഒമാൻ പൊലീസ്, റോയൽ കോർട്ട് അഫയേഴ്സ്, റോയൽ കാവൽറി, റോയൽ ഗാർഡ് കാവൽറി ഓഫ് ഒമാൻ തുടങ്ങിയ വിഭാഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും. കഴിഞ്ഞ വർഷം അൽ-മുതഫ ക്യാമ്പിലായിരുന്നു സൈനിക പരേഡ്.
ആഘോഷങ്ങൾക്കുള്ള എല്ലാവിധ ഒരുക്കവും പൂർത്തിയായതായി ദേശീയ ആഘോഷങ്ങളുടെ സെക്രട്ടേറിയറ്റ് ജനറൽ അറിയിച്ചു. സുൽത്താനേറ്റിലെ ഗവർണറേറ്റുകളിലും വിലായത്തുകളിലുമായി പൗരന്മാരെ പങ്കെടുപ്പിച്ച് സ്വീകരണപരിപാടികൾ നടത്തുമെന്ന് ദേശീയ ആഘോഷങ്ങളുടെ സെക്രട്ടറി ജനറൽ ഷെയ്ഖ് സെബാ ബിൻ ഹംദാൻ അൽ സാദി പറഞ്ഞു.
അതേസമയം, രണ്ട് വർഷത്തെ കോവിഡ് ഭീതിക്ക് ശേഷമുള്ള ആദ്യത്തെ ദേശീയദിനമായതിനാൽ ഇത്തവണ ആഘോഷങ്ങൾക്ക് പൊലിമ വർധിക്കും.
ഇതിന്റെ ഭാഗമായി റോഡുകളിൽ ഒമാന്റെ ത്രിവർണ പതാക പാറിക്കളിക്കാൻ തുടങ്ങിയിട്ടുണ്ട്. തലസ്ഥാന നഗരിയിൽ അൽ-ബുസ്താൻ റൗണ്ട് എബൗട്ട് മുതൽ അൽ-ബറാക്ക പാലസ് റൗണ്ട് എബൗട്ട്വരെയും മസ്കത്ത് എക്സ്പ്രസ് വേയുടെ പാതയോരങ്ങളിലുമാണ് മൂവർണക്കൊടികൾകൊണ്ട് അലങ്കരിച്ചിരിക്കുന്നത്.
വരുംദിവസങ്ങളിൽ ഒമാന്റെ എല്ലാ ഗ്രാമങ്ങളും കൊടിതോരണങ്ങൾകൊണ്ട് അലങ്കരിച്ച് ദേശീയദിനാഘോഷത്തെ നെഞ്ചേറ്റും. വാഹനങ്ങൾ അലങ്കരിക്കാൻ റോയൽ ഒമാൻ പൊലീസ് അനുമതിനൽകിയിട്ടുണ്ട്. ഇത്തവണ വിദേശികളും സ്വദേശികളുമടക്കം നിരവധിപേർ കാർ അലങ്കരിക്കാനെത്തുമെന്നാണ് ഈ മേഖലയിലെ വ്യാപാരികൾ കണക്കുകൂട്ടുന്നത്.
പഴയ സുൽത്താന്റെയും പുതിയ ഭരണാധികാരിയുടെയും വർണച്ചിത്രങ്ങളുള്ള നൂറുകണക്കിന് സ്റ്റിക്കറുകളാണ് തയാറായിരിക്കുന്നത്. മുൻവർഷങ്ങളിൽ ദേശീയ ദിനത്തിന്റെ ഭാഗമായി സ്വദേശികളും വിദേശികളും വ്യാപകമായി വാഹനങ്ങൾ അലങ്കരിക്കാറുണ്ട്. നവംബർ ആദ്യ വാരത്തോടെതന്നെ അലങ്കരിച്ച വാഹനങ്ങളുടെ നീണ്ടനിരകൾ റോഡുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. നവംബര്‍ 30വരെയാണ് വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിച്ച് അലങ്കരിക്കാൻ അനുമതിനൽകിയിരിക്കുന്നത്.
വിന്‍ഡോ ഗ്ലാസ്, നമ്പര്‍ പ്ലേറ്റ്, ലൈറ്റുകള്‍ എന്നിവിടങ്ങളിലേക്ക് സ്റ്റിക്കറുകള്‍ വ്യാപിക്കരുത്. ഗതാഗതസുരക്ഷ ലംഘിക്കുന്നതരത്തിലുള്ളവ നിരോധിച്ചിട്ടുണ്ട്. ദേശീയ ചിഹ്നങ്ങൾ സ്റ്റിക്കറായി പതിക്കാൻ പാടില്ല. വിധ്വംസകമോ മൂല്യരഹിതവുമായ വാക്കുകളോ ഉപയോഗിക്കരുത്. അതേസമയം, ഈ കാലയളവില്‍ വാഹനത്തിന്റെ നിറം മാറ്റാന്‍ അനുമതി ഇല്ലെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. ദേശീയദിനത്തിന്റെ ഭാഗമായി നിരവധി അലങ്കാരവസ്തുക്കളും വിപണിയിൽ എത്തിയിട്ടുണ്ട്. തൊപ്പി, ഷാളുകൾ, ടീ ഷർട്ടുകൾ, കൊടികൾ, കീചെയിനുകൾ, പേനകൾ, വിവിധതരം സ്റ്റിക്കറുകൾ തുടങ്ങിയവയാണ് എത്തിയത്. മുൻ കാലങ്ങളിൽ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മത്ര അടക്കമുള്ള പ്രധാന സൂഖുകളിൽ വൻ തിരക്ക് അനുഭവപ്പെടാറുണ്ട്. ഇതിനായി വ്യാപാരികളും ഒരുങ്ങാറുണ്ട്. ദുബൈയിൽനിന്നും മറ്റും ആഘോഷത്തിന്റെ ഭാഗമായി അലങ്കാര ഉൽപന്നങ്ങൾ എത്തിച്ചാണ് ഇവർ വ്യാപാരം നടത്തുന്നത്. ഈ വർഷവും നല്ല ദേശീയദിന കച്ചവടമാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.