മസ്കത്ത്: അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ്’ ക്രമക്കേടിൽ പ്രതിസന്ധിയിലായി പ്രവാസി വിദ്യാർഥികളും. മെഡിക്കൽ പ്രവേശനം ആഗ്രഹിച്ച് പരീക്ഷയെഴുതിയ നൂറു കണക്കിന് പ്രവാസി വിദ്യാർഥികളാണ് ഭാവി നടപടി എന്തെന്ന് തീരുമാനിക്കാവാതെ പ്രതിസന്ധിയിലായത്. മികച്ച മാർക്ക് നേടി നാട്ടിലോ വിദേശത്തോ മെഡിക്കൽ പഠനത്തിന് പ്രവേശനം നേടാനാവുമെന്ന പ്രതീക്ഷയിലായിരുന്നു വിദ്യാർഥികൾ. എന്നാൽ, ക്രമക്കേട് ഉയർന്നതോടെ പരീക്ഷ റദ്ദാക്കുമോ എന്ന ആശങ്കയിലാണിവർ. വിദേശ കോളജുകളിൽ പ്രവേശനത്തിന് സമയപരിധി അവസാനിക്കാറായതും ആശങ്കയുളവാക്കുന്നുണ്ട്. ഒമാനിലെ ഏക കേന്ദ്രമായ മസ്കത്ത് ഇന്ത്യൻ സ്കൂളിൽ 300ഓളം വിദ്യാർഥികളായിരുന്നു പരീക്ഷ ഏഴുതിയിരുന്നത്. കഴിഞ്ഞ വർഷം 269പേരായിരുന്നു ഒമാനിൽനിന്ന് പരീക്ഷ ഏഴുതുന്നത്. ഏറെ കാലത്തെ മുറവിളിക്കൊടുവിൽ 2022ലാണ് ഒമാനിൽ ആദ്യമായിട്ട് പരീക്ഷ കേന്ദ്രം അനുവദിക്കുന്നത്. ഈ വർഷത്തിന്റെ തുടക്കത്തിൽ നീറ്റ് പരീക്ഷക്കുള്ള കേന്ദ്രം പ്രഖ്യാപിച്ചപ്പോൾ ഒമാനടക്കമുള്ള പല ഗൾഫ് രാജ്യങ്ങളും പുറത്തായിരുന്നു. ഏറെനാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഒമാനടക്കമുള്ള ആറ് ഗൾഫ് രാജ്യങ്ങളിലായി എട്ടു കേന്ദ്രങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കുകയായിരുന്നു. ഒമാനിലെ നീറ്റ് പരീക്ഷ കേന്ദ്രം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ മസ്കത്തിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങിന് നിവേദനം നൽകിയിരുന്നു. ഇതിനുപുറമെനടന്ന ഓപ്പൺ ഫോറത്തിലും വിവിധ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിലും രക്ഷിതാക്കൾ നീറ്റ് പരീക്ഷ കേന്ദ്രം പുനസ്ഥാപിക്കേണ്ട ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 400ൽ അധികം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.
എൻ.ടി.എ സൈറ്റുകളിൽ വിദേശത്തുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാനുള്ള ഓപ്ഷൻ ആക്ടീവാകാത്തതും ആദ്യ ഘട്ടത്തിൽ പ്രതിസന്ധി തീർത്തിരുന്നു. പ്ലസ് ടു പരീക്ഷയുടെ തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലാണ് വിദ്യാർഥികൾ അധിക സമയം കണ്ടെത്തി നീറ്റിനായി തയാറെടുത്തതെന്ന് രക്ഷിതാക്കൾ പറഞ്ഞു. പക്ഷെ, എല്ലാ പ്രയ്തനങ്ങളും പാഴായ മനോവിഷമത്തിലാണിപ്പോൾ കുട്ടികൾ. ക്രമക്കേട് പുറത്തുവന്നതോടെ നീറ്റ് പരീക്ഷയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതായും ചില വിദ്യാർഥികൾ പറഞ്ഞു. 600ന് മുകളിൽ മാർക്ക് നേടിയ നിരവധി വിദ്യാർഥികൾ ഗൾഫ് രാജ്യങ്ങളിലുണ്ട്. മികച്ച മെഡിക്കൽ കോളജുകളിൽ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിൽ നാട്ടിലേക്ക് പോയവരും ഏറെയാണ്.
മസ്കത്ത്: രാജ്യത്തെ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ദേശീയ യോഗ്യതാ പ്രവേശന പരീക്ഷയിൽ (നീറ്റ്) വൻക്രമകേടാണ് കണ്ടെത്തിയത്. ‘നീറ്റ്’ നടത്തിപ്പിനെക്കുറിച്ച് ഉയർന്ന സംശയങ്ങളും വിവാദങ്ങളും പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത് ആശങ്ക ഉളവാക്കുന്നതാണെന്ന് പ്രവാസി വെൽഫയർ പ്രസ്താവനയിൽ പറഞ്ഞു. 23.33 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ അഴിമതിയിലൂടെയും സ്വജനപക്ഷപാതത്തിലൂടെയും ആസൂത്രിതമായ പല നീക്കങ്ങളും നടന്നുവെന്നുകൂടിയാണ് ഇതിനകം അറസ്റ്റിലായ വിദ്യാർഥികളുടെയും ഇടനിലക്കാരുടെയും കുറ്റസമ്മത മൊഴികളിൽനിന്ന് വ്യക്തമാകുന്നത്. കൂടുതൽ യോഗ്യരായവരെ കണ്ടെത്താനായി നടത്തുന്ന പരീക്ഷയിൽ ഗ്രേസ് മാർക്കിലൂടെയും ക്രമക്കേടിലൂടയും വിജയിച്ച ഒരാൾ ഡോക്ടർ ആയാൽ അത് സമൂഹത്തിനുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. നീറ്റ് ക്രമക്കേടുകൾക്ക് പുറമേ നെറ്റ് യു.ജി.സി പരീക്ഷയും വിവാദങ്ങളിലായത് പരീക്ഷക്ക് തയാറെടുക്കുന്ന പുതു തലമുറയുടെ ഭാവി ഇരുളടഞ്ഞതാക്കിയിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ കുറ്റമറ്റ രീതിയിൽ നിലനിർത്തേണ്ടതും വിദ്യാർഥികളുടെ ആശങ്ക അകറ്റേണ്ടതും ഭരണകൂടത്തിന്റെ ബാധ്യതയാണെന്ന് പ്രവാസി വെൽഫെയർ കേന്ദ്ര കമ്മിറ്റി വാർത്തകുറുപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.