മസ്കത്ത്: രാജ്യത്തെ മാധ്യമ മേഖലയുടെ ശാക്തീകരണം ലക്ഷ്യമിട്ട് രൂപപ്പെടുത്തിയ പുതിയ നിയമം പ്രഖ്യാപിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ്. ഞായറാഴ്ച പുറത്തിറക്കിയ പുതിയ നിയമം ഒമാൻ വിഷൻ 2040 ന്റെ ലക്ഷ്യങ്ങളുമായും വികസിച്ചുവരുന്ന രാജ്യത്തെ മാധ്യമ മേഖലയുമായും ചേർന്നുനിൽക്കുന്നതാണെന്ന് ഇൻഫർമേഷൻ മന്ത്രി ഡോ.അബ്ദുല്ല ബിൻ നാസർ അൽ ഹറാസി പറഞ്ഞു.
ഒമാനിന്റെ വികസനത്തിൽ ക്രിയാത്മകവും നിർണായകവുമായ പങ്കുവഹിക്കാൻ മാധ്യമപ്രവർത്തകർക്ക് അവസരമൊരുക്കുന്നതുമാണ് നിയമം. ഒമാനി മാധ്യമങ്ങളുടെ വസ്തുനിഷ്ഠത, സത്യസന്ധത, നിഷ്പക്ഷത എന്നിവ ഉറപ്പുവരുത്തുന്നതിനും, രാജ്യത്തിന്റെ അടിസ്ഥാന നിയമത്തിന് അനുസരിച്ച് അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുമാണ് നിയമം രൂപകൽപന ചെയ്തിരിക്കുന്നത്.
പൗരത്വത്തിന്റെയും ദേശീയതയുടെയും അടിസ്ഥാന മൂല്യങ്ങളും ഇത് ഉയർത്തിപ്പിടിക്കുന്നുണ്ട്. മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾ നിയമം ഉറപ്പുനൽകുകയും, മാധ്യമ തൊഴിലിനെ നിയന്ത്രിക്കുകയും, മാധ്യമ പ്രവർത്തനത്തിന് വ്യക്തമായ മാർഗനിർദേശങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ഒമാനിലെ മാധ്യമ പ്രവർത്തനം ഫലപ്രദവും സുതാര്യവുമാണെന്ന് ഉറപ്പാക്കിക്കൊണ്ട് കലാസൃഷ്ടികളും പ്രസിദ്ധീകരണങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള ചട്ടക്കൂടുകളും ഇത് രൂപപ്പെടുത്തുന്നുണ്ട് -മന്ത്രിയുടെ പ്രസ്താവനയിൽ വ്യക്തമാക്കി.
ഒമാനി മാധ്യമങ്ങൾക്ക് വിശാലമായ ചക്രവാളങ്ങളിലേക്ക് മുന്നേറുന്നതിന് നിയമം വലിയ രീതിയിൽ സംഭാവന ചെയ്യുമെന്ന് ഡോ. ഹറാസി ആത്മവിശ്വാസം പ്രകടിപ്പിച്ചു. മാധ്യമ മേഖലയുടെ പുതിയ ഘട്ടത്തിന്റെ തുടക്കമാണ് നിയമം അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.