മസ്കത്ത്: മധ്യ പൗരസ്ത്യ ദേശത്തെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഒമാനിലെ സ്വദേശി ഉൽപന്നങ്ങൾക്ക് പ്രിയമേറുന്നതായി വ്യാപാര മേഖലയിലുള്ളവർ പറയുന്നു.കഴിഞ്ഞ രണ്ടു മാസമായി ഇത്തരം കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വ്യാപാരം വർധിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങളായി പലർക്കും സ്വദേശി ഉൽപന്നങ്ങൾ വാങ്ങാനാണ് താൽപര്യം. ഇത് ഒമാനിലെ പല മൾട്ടി നാഷനൽ കമ്പനികളുടെയും വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ചില സ്വദേശി ഭക്ഷ്യ ഉൽപന്നങ്ങൾക്കാണ് ഇപ്പോൾ ആവശ്യക്കാർ വർധിച്ചിരിക്കുന്നത്. ചില ഒമാനി ശീതളപാനീയങ്ങൾക്കും ഇപ്പോൾ ആവശ്യക്കാർ കൂടിയിട്ടുണ്ട്. എന്നാൽ തണുപ്പ് കാലമായതിനാൽ ശീതള പാനീയങ്ങൾക്ക് പൊതുവെ ഡിമാൻഡ് കുറവാണ്. ജങ്ക് ഭക്ഷ്യ ഉൽപന്നങ്ങളും പലരും സ്വദേശി ഉൽപന്നങ്ങളിലേക്ക് മാറിയിട്ടുണ്ട്.
ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്വദേശി സ്ഥാപനങ്ങൾക്കെല്ലാം കഴിഞ്ഞ കുറെ ദിവസങ്ങളായി നല്ല കച്ചവടമാണ് ലഭിച്ചത്. ഇത് മറികടക്കാൻ പല ബഹുരാഷ്ട്ര കമ്പനികളും ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്. വ്യാപാരം കുറഞ്ഞതോടെ ചില സ്ഥാപനങ്ങൾ സാമ്പത്തിക അച്ചടക്കം ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്.
ജീവനക്കാർക്ക് അവധി നൽകിയും പ്രവൃത്തിസമയം കുറച്ചുമൊക്കെയാണ് ഇത്തരം സ്ഥാപനങ്ങൾ ചെലവ് കുറക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചയായി തങ്ങളുടെ വ്യാപാരം വർധിച്ചതായി ജങ്ക് ഫുഡ് മേഖലയിൽ പ്രവർത്തിക്കുന്ന ആർ.എഫ്.സി ഫ്രൈഡ് ചിക്കനുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.
പൂർണമായി ഒമാനിൽ ഒരുക്കുന്ന തങ്ങളുടെ ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കൂടിയിട്ടുണ്ട്. ഒമാനിലെ വിവിധ ഭാഗങ്ങളിലുള്ള അഞ്ച് ശാഖകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. അടുത്തിടെ വ്യാപാരം മൂന്ന് മടങ്ങായി വർധിക്കുകയും ചെയ്തു. സ്ഥാപനത്തിന്റെ അൽഖുവൈർ, മൊബേല ശാഖകളിലാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. തിരക്ക് വർധിച്ചതോടെ ഉൽപാദനം വർധിപ്പിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചതായി കമ്പനി അധികൃതർ വ്യക്തമാക്കി.
ഇത്തരം മേഖലകളിൽ പ്രവർത്തിക്കുന്ന മറ്റ് സ്വദേശി കമ്പനികളിലും നല്ല തിരക്കാണുള്ളത്. ആരോഗ്യപരമായ കാരണങ്ങളാൽ ഒമാൻ അധികൃതർ നിരവധി ശീതളപാനീയങ്ങളുടെ നികുതി വർധിപ്പിക്കുകയും ഉപയോഗം നിരുത്സാഹപ്പെടുത്തുകയും ചെയ്തിരുന്നു. പുതിയ സാഹചര്യത്തിൽ ചില ബഹുരാഷ്ട്ര കമ്പനികളുടെ ശീതള പാനീയങ്ങളുടെ ഉപഭോഗം കുറഞ്ഞിട്ടുണ്ട്. വ്യാപാരം കുറഞ്ഞതോടെ ചില ശീതള പാനീയങ്ങൾക്ക് ഓഫറും മറ്റും പ്രഖ്യാപിച്ച് വ്യാപാരം വർധിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഒമാനിലെ ചെറുകിട കമ്പനികളുടെ ഉൽപന്നങ്ങൾക്കും സ്ഥാപനങ്ങൾക്കും പുതിയ സാഹചര്യത്തിൽ ബിസിനസ് വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.