വാഹനവിപണിയിലെ മാന്ദ്യം തുടരുന്നു: പുതിയ രജിസ്ട്രേഷനില്‍19.5 ശതമാനത്തിന്‍െറ ഇടിവ് 

മസ്കത്ത്: എണ്ണവിലയിടിവ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയും ചെലവുചുരുക്കലും വാഹനവിപണിയെ ഞെരുക്കുന്നു. ജനുവരിയിലും വാഹന വിപണിയില്‍ മാന്ദ്യം തുടരുന്നതായി ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍ പറയുന്നു. 
പുതിയ വാഹനങ്ങളുടെ ആകെ രജിസ്ട്രേഷനില്‍ 19.5 ശതമാനത്തിന്‍െറ കുറവാണുണ്ടായത്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ 8,612 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് 6935 വാഹനങ്ങളാണ് ഈ വര്‍ഷം ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്തത്. 
ഉപവിഭാഗങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വാണിജ്യ വാഹനങ്ങളുടെയും ടാക്സികളുടെയും വില്‍പനയാണ് ഏറ്റവും കുറഞ്ഞത്. യഥാക്രമം 44.8 ശതമാനത്തിന്‍െറയും 47.5 ശതമാനത്തിന്‍െറയും കുറവാണ് ഈ രണ്ട് വിഭാഗങ്ങളിലായി ഉണ്ടായത്. 
യഥാക്രമം 1145 വാണിജ്യ വാഹനങ്ങളും 30 ടാക്സികളുമാണ് ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഡ്രൈവിങ് സ്കൂള്‍ വാഹന രജിസ്ട്രേഷന്‍ 18.5 ശതമാനം കുറഞ്ഞ് 19ഉം ആയി. മോട്ടോര്‍ ബൈക്കുകളുടെ രജിസ്ട്രേഷനിലും കുറവുണ്ട്. 63 ബൈക്കുകളാണ് ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്തത്. 
സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ കഴിഞ്ഞ വര്‍ഷം 6042 ആയത് ഇക്കുറി 5309 ആയി. ജനുവരി അവസാനത്തെ കണക്കനുസരിച്ച് മൊത്തം 13,76,050 വാഹനങ്ങളാണ് ഒമാനിലെ റോഡിലുള്ളത്. കഴിഞ്ഞവര്‍ഷത്തെ കണക്കെടുക്കുകയാണെങ്കില്‍ 1,00,144 വാഹനങ്ങളാണ് മൊത്തം രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 74.80 ശതമാനവും സ്വകാര്യ വാഹനങ്ങളാണ്. 
മറ്റു മേഖലകളെ പോലെ സാമ്പത്തിക അരക്ഷിതാവസ്ഥയാണ് വാഹന വിപണിയിലെ മാന്ദ്യത്തിന് കാരണം. ജനങ്ങള്‍ വാഹനങ്ങള്‍ മാറ്റിവാങ്ങാന്‍ താല്‍പര്യപ്പെടുന്നില്ല. പുതിയ വാഹനങ്ങള്‍ വാങ്ങണമെന്നുള്ളവര്‍ തീരുമാനം നീട്ടിവെക്കുകയുമാണെന്ന് വാഹനമേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. 
ബിസിനസ് മേഖലയിലെ പണലഭ്യത കുറഞ്ഞതാണ് വാണിജ്യവാഹനങ്ങളുടെ രജിസ്ട്രേഷനിലെ കുറവിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞവര്‍ഷം അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ സര്‍ക്കാര്‍ നിക്ഷേപത്തിന്‍െറ ഗതിവേഗം കുറഞ്ഞതും പൂര്‍ത്തിയാക്കിയ പദ്ധതികളുടെ പണം ലഭിക്കുന്നതിലെ താമസവും കമ്പനികളുടെ സാമ്പത്തികനിലയെ ബാധിച്ചിട്ടുണ്ട്. 
നിര്‍മാണം, ഗതാഗതം, ഖനന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് വാണിജ്യ വാഹനങ്ങളുടെ പ്രധാന ഗുണഭോക്താക്കള്‍. 
ഇത്തരം കമ്പനികള്‍ അധിക നിക്ഷേപത്തിന് മുതിരാതെ നിലവിലുള്ള വാഹനങ്ങള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് ഒപ്പം വര്‍ധിക്കുന്ന ഇന്ധനവിലയും തൊഴിലവസരങ്ങളിലെ കുറവും പുതിയ വാഹനങ്ങള്‍ വാങ്ങുന്നതില്‍നിന്ന് ആളുകളെ പിന്നോട്ടടിപ്പിക്കുന്നു. 
പുതിയ വാഹനങ്ങളുടെ അന്വേഷണങ്ങളിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ സ്ഥിതിഗതികള്‍ക്ക് മാറ്റംവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വാഹന ഡീലര്‍ഷിപ്പുകളുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. 

Tags:    
News Summary - new

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.