മസ്കത്ത്: ഒമാനിലേക്കുള്ള വിമാനയാത്രക്ക് മുമ്പ് പി.സി.ആർ പരിശോധന വേണമെന്ന നിബന്ധന ഒഴിവാക്കിയതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി പറഞ്ഞു. എന്നാൽ പി.സി.ആർ പരിശോധനാ ഫലം നൽകിയാലേ യാത്ര അനുവദിക്കൂവെന്ന നിബന്ധന ചില വിമാന കമ്പനികൾക്ക് ഉണ്ടെന്നും ആരോഗ്യ മന്ത്രി സുപ്രീം കമ്മിറ്റിയുടെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യാത്രക്കാരുടെ കൈവശം ആേരാഗ്യ ഇൻഷൂറൻസ് നിർബന്ധമായും ഉണ്ടായിരിക്കണം. വിമാനത്താവളത്തിലെ പി.സി.ആർ പരിശോധനയടക്കം നിബന്ധനകൾ നിലനിൽക്കുകയും ചെയ്യും. കര അതിർത്തി വഴി വരുന്നവരുടെ കൈവശം പി.സി.ആർ പരിശോധനാ ഫലം വേണമെന്നതിന് മാറ്റമില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ഒക്ടോബർ പകുതി മുതൽ ഒമാനിലെ രോഗബാധ കുറഞ്ഞുവരുകയാണ്. ജനങ്ങൾ മുൻകരുതൽ നടപടികൾ കർശനമായി പാലിക്കുന്നതിനാലാണ് രോഗവ്യാപനവും മരണവും കുറഞ്ഞുവരുന്നത്. കോവിഡ് വാക്സിൻ ഇൗ വർഷം അവസാനം തന്നെ എത്തുമെന്നാണ് കരുതുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. 65 വയസിന് മുകളിൽ പ്രായമുള്ളവർ, പ്രമേഹം, ഗുരുതര രോഗങ്ങളുള്ളവർ, മുൻ നിര പ്രതിരോധന പ്രവർത്തകർ, കോവിഡ് ഡിപ്പാർട്ട്മെൻറുകളിൽ ജോലി ചെയ്യുന്നവർ എന്നിവർക്ക് സൗജന്യമായി വാക്സിനേഷൻ നൽകും. ഇൗ വിഭാഗത്തിൽ പെടുന്ന അറുപത് ശതമാനം പേർക്ക് വാക്സിനേഷൻ നൽകുകയാണ് ലക്ഷ്യമിടുന്നത്. കോവിഡ് വാക്സനേഷൻ എടുക്കണമെന്നത് നിർബന്ധമായിരിക്കില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
മസ്ജിദുകളിലെ പ്രവേശനത്തിന് പ്രായപരിധി ഏർപ്പെടുത്തിയിരുന്ന നിബന്ധന ഒഴിവാക്കിയതായി ആരോഗ്യ മന്ത്രി അറിയിച്ചു. 12 വയസിൽ താഴെയും 65 വയസിന് മുകളിലും പ്രായമുള്ളവർക്കും ഇനി പ്രാർഥനക്ക് പള്ളിയിൽ പ്രവേശിക്കാം. എന്നാൽ മതിയായ ആരോഗ്യ മുൻ കരുതൽ നടപടികൾ പാലിക്കണമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.