വിവിധ വികസന പദ്ധതികൾ നടപ്പാക്കാനായി വടക്കൻ ശർഖിയ ഗവർണറും ടെൻഡർ കമ്മിറ്റി

ചെയർമാനുമായ ശൈഖ് അലി ബിൻ അഹ്മദ് അൽ ഷംസി കരാറിൽ ഒപ്പിടുന്നു

വടക്കൻ ശർഖിയയിൽ 25.66 ലക്ഷം റിയാലിന്‍റെ വികസന പദ്ധതി

മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിൽ വിവിധ വികസന പദ്ധതികൾ നടപ്പാക്കാനായി 25,66,035 റിയാലിന്‍റെ ഏഴു കരാറിൽ ഒപ്പുവെച്ചു. ഗവർണറും ടെൻഡർ കമ്മിറ്റി ചെയർമാനുമായ ശൈഖ് അലി ബിൻ അഹമ്മദ് അൽ ഷംസിയാണ് പ്രാദേശിക കമ്പനികളുമായി കരാർ ഒപ്പുവെച്ചത്.

മുദൈബി വിലായത്തിലെ നിരവധി ഗ്രാമങ്ങളിൽ 1.3 ദശലക്ഷം റിയാലിൽ ഉൾഭാഗങ്ങളിലെ റോഡുകൾ രൂപകൽപന ചെയ്യുന്നതിനും നടപ്പാക്കുന്നതിനുമുള്ളതാണ് ആദ്യ കരാർ. മുദൈബി വിലായത്തിൽ 100 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 70,388 റിയാൽ ചെലവിൽ മുനിസിപ്പൽ അറവുശാല സ്ഥാപിക്കാനാണ് രണ്ടാമത്തെ കരാറിലൂടെ ലക്ഷ്യമിടുന്നത്.

സ്പോർട്സ് ട്രാക്കുകൾ നിർമിക്കുന്നതിനും വിലായത്തുകളുടെ ഗേറ്റുകൾ മനോഹരമാക്കുന്നതിനുമായി ഇന്റർലോക്ക് ടൈലുകളും മറ്റും വിതരണം ചെയ്യുന്നതിനാണ് മൂന്നാമത്തെ കരാർ. 2,89,000 റിയാലാണ് മൊത്തം ചെലവ്. 83,647 റിയാൽ ചെലവിൽ ഗവർണറേറ്റിലെ പാർക്കുകളിലും പൂന്തോട്ടങ്ങളിലും കുട്ടികളുടെ റൈഡുകൾ വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനുമുള്ള പദ്ധിതി രൂപവത്കരിക്കാനാണ് നാലാമത്തെ കരാറിലൂടെ ഉദ്ദേശിക്കുന്നത്. മുദൈബി വിലായത്തിലെ സിനാവിലെ സ്ഥലങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിന് 33,000 റിയാൽ ചെലവിൽ 10 കിലോമീറ്റർ പൈപ്പ് ലൈൻ നിർമിക്കുന്നതിനാണ് അഞ്ചാമത്തെ കരാർ ഒപ്പിട്ടത്. വടക്കൻ ശർഖിയ മുനിസിപ്പാലിറ്റിക്ക് 6,90,000 റിയാലിന്റെ ഉപകരണം വിതരണം ചെയ്യുന്നതാണ് ആറാമത്തെ കരാർ. മുദൈബിയിൽ കന്നുകാലികൾക്കും കാലിത്തീറ്റക്കുമുള്ള പദ്ധതിയുടെ പഠനത്തിനും രൂപകൽപനക്കും വേണ്ടിയുള്ളതാണ് ഏഴാമത്തെ കരാർ. 20,000 റിയാലാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.