ഒ.ഐ.സി.സി ഇബ്രയുടെ ആഭിമുഖ്യത്തിൽ നടന്ന ഓണം-ഗാന്ധിജയന്തി ആഘോഷം
ഇബ്ര: ഒ.ഐ.സി.സി ഇബ്രയുടെ ആഭിമുഖ്യത്തിൽ ഓണം-ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു. ഇബ്ര നന്ദനം നൃത്ത വിദ്യാലയവും കൊച്ചിൻ ഫ്ലയിങ് ഷാഡോസ് മ്യൂസിക് ആൻഡ് ഡാൻസ് അക്കാദമിയും ചേർന്ന് അവതരിപ്പിച്ച നൃത്തസന്ധ്യയോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
സാംസ്കാരിക സമ്മേളനം ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കര പിള്ള ഉദ്ഘാടനം ചെയ്തു. ഇബ്ര പ്രസിഡന്റ് അലി കോമത്ത് അധ്യക്ഷതവഹിച്ചു. ഒ.ഐ.സി.സി ഒമാൻ ദേശീയ പ്രസിഡന്റ് സജി ഔസേഫ് മുഖ്യ പ്രഭാഷണവും നടത്തി.
സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മാത്യു മെഴുവേലി, ഇബ്ര മുൻ പ്രസിഡന്റ് തോമസ് ചെറിയാൻ, ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം പ്രതിനിധി മുഹമ്മദ് സെയ്ഫ് അൽ റിയാമി, ഇബ്ര കോളജ് ഓഫ് ടെക്നോളജി അധ്യാപകൻ ഡോ. പാർഥി തുടങ്ങിയവർ സംസാരിച്ചു. ഒ.ഐ.സി.സി ഒമാൻ സ്ഥാപക നേതാവ് എം.ജെ. സലിം സ്വാഗതവും ഇബ്ര ജനറൽ സെക്രട്ടറി സുനിൽ മാളിയേക്കൽ നന്ദിയും പറഞ്ഞു.
സാംസ്കാരിക സമ്മേളനത്തിൽ ഇബ്രയിലേയും സമീപ പ്രദേശങ്ങളിലേയും വിവിധ മേഖലകളിൽ ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന പ്രവാസി മലയാളികളെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. പ്രശസ്ത പിന്നണി ഗായികയും വയലിനിസ്റ്റുമായ രൂപ രേവതിയുടേയും ഗായകൻ കണ്ണൂർ സലീലിന്റെയും നേതൃത്വത്തിൽ നടന്ന രൂപ രേവതി ലൈവ് മെഗാ ഫ്യൂഷൻ ആൻഡ് കോമിക്ക് നൈറ്റ് പരിപാടി ഇബ്രയിലെ മലയാളികൾക്ക് പുതുമയുള്ള അനുഭവമായി. ആഘോഷങ്ങൾക്ക് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എ.സി. ബിനോജ്, കൺവീനർ സജീവ് മേനോത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
സമ്മാന കൂപ്പൺ നറുക്കെടുപ്പ് വിജയികളെ അവതാരകൻ സത്യനാഥ് കെ. ഗോപിനാഥും ഒ.ഐ.സി.സി ഇബ്ര ട്രഷറർ ഷാനവാസും ചേർന്ന് പ്രഖ്യാപിച്ചു. പരിപാടി വിജയമാക്കാൻ പ്രവർത്തിച്ച എല്ലാ അംഗങ്ങളേയും ഒ.ഐ.സി.സി ഒമാൻ സെൻട്രൽ കമ്മിറ്റി അംഗം പി.എം. ഷാജി അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.