മസ്കത്ത്: വീടിന്റെ പരിസരത്തും മട്ടുപ്പാവിലും പച്ചപ്പിന്റെ മലർവാടി തീർക്കാൻ ഒമാൻ കൃഷിക്കൂട്ടം കൂട്ടായ്മ ഈ വർഷവും രംഗത്തെത്തി. ഒമാൻ കൃഷിക്കൂട്ടം വിത്ത് വിതരണം റൂവിയിലെ ഉഡുപ്പി റസ്റ്റാറന്റ് പാർട്ടി ഹാളിൽ നടന്നു. തക്കാളി, മുളക്, ചീര, കാരറ്റ്, ബീറ്റ്റൂട്ട്, പാവക്ക, കുമ്പളം, കുക്കുമ്പർ, പടവലം, വെള്ളരി, പയർ തുടങ്ങി 19 ഓളം വിത്തുകൾ അടങ്ങിയ പാക്കറ്റും, തൈകളും, കമ്പുകളും രജിസ്റ്റർ ചെയ്ത കൃഷിക്കൂട്ടം അംഗങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്തു.
കൃഷിയെ സ്നേഹിക്കുന്ന ഒരാളും വിത്തുകൾ കൈവശമില്ലാത്തതിന്റെ പേരിൽ ഒമാനിൽ കൃഷിചെയ്യാതിരിക്കരുത് എന്ന ആശയം ലക്ഷ്യംവെച്ച് കഴിഞ്ഞ11വർഷമായി സീസൺ തുടങ്ങുന്നതിനു മുമ്പേ ഒമാൻ കൃഷിക്കൂട്ടം വിത്തുകൾ വിതരണം ചെയ്തുപോരുന്നു.
ഒമാൻ കൃഷിക്കൂട്ടം അംഗം ജോർജ് മാത്യുവിന് വിത്തു പാക്കറ്റ് നൽകി അഡ്മിൻ സന്തോഷ് വിതരണോദ്ഘാടനം ചെയ്തു. അഡ്മിൻമാരായ സുനി ശ്യാം, സെൽവി സുമേഷ്, രശ്മി സന്ദീപ്, വിദ്യപ്രിയ എന്നിവരുടെ നേതൃത്വത്തിൽ കൃഷിയെ പറ്റിയുള്ള സംശയ നിവാരണവും നടന്നു.
ഒമാൻ കൃഷിക്കൂട്ടത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ഷൈജു വേതോട്ടിൽ വിശദീകരിച്ചു. ഇരുനൂറോളം അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ അൻവർ സ്വാഗതവും അജീഷ് നന്ദിയും പറഞ്ഞു. സെപ്റ്റംബറിൽതന്നെ, സോഹാർ, ബുറൈമി റീജ്യനുകളിൽ വിത്തുവിതരണം നടക്കും. വിത്തുകൾ ആവശ്യമുള്ളവർക്ക് 9380 0143 നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.