മസ്കത്ത്: യു.എ.ഇയുടെ 53ാം ദേശീയദിനാഘോഷത്തിൽ പങ്കാളിയായി സുൽത്താനേറ്റും. റോയൽ ഒമാൻ പൊലീസിന്റെ (ആർ.ഒ.പി) സഹകരണത്തോടെ അൽ വജാജ ബോർഡർ ക്രോസിങ്ങിൽ നടന്ന ആഘോഷങ്ങളിൽ പൗരന്മാരടക്കം നിരവധിപേർ പങ്കാളികളായി. ദേശീയ ആഘോഷങ്ങൾക്കായുള്ള സെക്രട്ടേറിയറ്റ് ജനറൽ ആണ് ചടങ്ങ് സംഘടിപ്പിച്ചത്. പരിപാടിയിൽ യു.എ.ഇ ഉദ്യോഗസ്ഥർക്കും പൗരന്മാർക്കും സ്വീകരണം നൽകി ദേശീയ ദിനത്തിൽ അവരെ അഭിനന്ദിച്ചു.
റോയൽ നേവി ഓഫ് ഒമാന്റെ ബാൻഡ് കച്ചേരി, ഒമാനി സംഗീതജ്ഞരുടെ പരിപാടികൾ, നാടോടി കലകൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ഇരു രാജ്യങ്ങളുടെയും ആഴത്തിൽ വേരൂന്നിയ ചരിത്രബന്ധങ്ങളെയും നല്ല അയൽപ്പക്കത്തെയും കുടുംബ ബന്ധങ്ങളെയും പ്രതീകപ്പെടുത്തുന്ന ഗാനത്തോടെ ആഘോഷ പരിപാടികൾക്ക് തിരശ്ശീല വീണു.
ദേശീയദിനാഘോഷത്തിന്റെ ഭാഗമായി മസ്കത്തിലെ യു.എ.ഇ എംബസി സ്വീകരണ പരിപാടി സംഘടിപ്പിച്ചു. സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് ദി യസിൻ ബിൻ ഹൈതം അൽ സഈദ്, നിരവധി ഉന്നതർ, മന്ത്രിമാർ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, സുൽത്താനേറ്റിന്റെ അംഗീകാരമുള്ള നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാർ, വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.