മസ്കത്ത്: വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ്, യുനൈറ്റഡ് കിങ്ഡത്തിലെ വ്യാപാര നയത്തിനും സാമ്പത്തിക സുരക്ഷക്കുമുള്ള സഹമന്ത്രി ഡഗ്ലസ് അലക്സാണ്ടറുമായി കൂടിക്കാഴ്ച നടത്തി. വാണിജ്യം, വ്യവസായം, നിക്ഷേപം എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ തേടിയായിരുന്നു കൂടിക്കാഴ്ച.
വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുക, ഗൾഫ് സഹകരണ കൗൺസിലും (ജി.സി.സി) യു.കെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള (എഫ്.ടി.എ) ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകുന്നതിനെ ക്കുറിച്ചും ചർച്ചകൾ നടത്തി.
ഒമാനി-ബ്രിട്ടീഷ് ബന്ധത്തിന്റെ ആഴം, ഒമാൻ വിഷൻ 2040, സാമ്പത്തിക വികസനം, മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പ്രോത്സാഹനങ്ങൾ എന്നിവയുൾപ്പെടെ ഒമാനിലെ നിക്ഷേപ അന്തരീക്ഷത്തിന്റെ അവലോകനം ദൃശ്യരൂപത്തിൽ അവതരിപ്പിച്ചു.
വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ സാലിഹ് ബിൻ സഈദ് മസാൻ, വിദേശ വ്യാപാര, അന്താരാഷ്ട്ര സഹകരണത്തിനുള്ള വാണിജ്യ വ്യവസായ നിക്ഷേപക പ്രോത്സാഹന മന്ത്രാലയ ഉപദേഷ്ടാവ് പങ്കജ് ഖിംജി, മിഡിലീസ്റ്റിലെ ട്രേഡ് കമ്മീഷണർ, എഫ്.ടി.എയുടെ യു.കെ ചീഫ് നെഗോഷ്യേറ്റർ, ഒമാനിലെ ബ്രിട്ടീഷ് അംബാസഡർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.
ഒമാനിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പകുതിയോളം യു.കെയാണ്. ഗ്രീൻ എനർജി പോലുള്ള മേഖലകളിൽ യു.കെ കമ്പനികളുമായി വലിയ കരാറുകളിൽ ഒപ്പുവെക്കുന്ന ഒമാൻ യു.കെയിലെ പ്രധാന നിക്ഷേപകരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.