മസ്കത്ത്: ടൈറ്റാനിയം ഡൈഓക്സൈഡ് (ഇ 171)അടങ്ങിയ ഭക്ഷ്യവിഭവങ്ങൾ വിപണനം നടത്തുന്നവർക്കും ഇറക്കുമതി ചെയ്യുന്നവർക്കും 1000 റിയാൽ പിഴ ചുമത്തും. നിലവിലെ ഭക്ഷ്യ സുരക്ഷ നിയമങ്ങളിൽ ഭേദഗതി വരുത്തി ഒമാൻ ആരോഗ്യ മന്ത്രി സഊദ് ബിൻ ഹമൂദ് അൽ ഹസ്ബിയാണ് മന്ത്രിതല ഉത്തരവിറക്കിയത്. ഉത്തരവിറക്കി ആറു മാസത്തിനു ശേഷമായിരിക്കും നിയമം പ്രാബല്യത്തിൽ വരിക.
ഇ171 എന്നപേരിൽ അറിയപ്പെടുന്ന ടൈറ്റാനിയം ഡൈഓക്സൈഡ് ഭക്ഷ്യവസ്തുക്കൾ നിറവും ഭംഗിയും നൽകാനാണ് ഉപയോഗിക്കുന്നത്. അതോടൊപ്പം പെയിൻറുകൾ, കോട്ടിങ്ങുകൾ, ഫാർമസ്യൂട്ടിക്കൽ, കോസ്മറ്റിക്, ടൂത്ത് പേസ്റ്റ് എന്നിവയിലും ഉപയോഗിക്കുന്നുണ്ട്. ഇ 171 തീരെ ചെറുതായതിനാൽ സൂക്ഷ്മഘടക വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഇത്തരം ഉൽപന്നങ്ങൾക്ക് ശരീരത്തിന്റെ പ്രകൃതി ദത്തമായ പ്രതിരോധ മാർഗങ്ങളെ മറികടന്ന് കരൾ, ശ്വാസകോശം, ദഹനേന്ദ്രീയ സംവിധാനം എന്നിവയിലേക്ക് പ്രവേശിക്കാൻ കഴിയും.
ഭക്ഷ്യവസ്തുക്കളിൽ കാൻഡി, കോഫി ക്രീമർ, ചില ബേക്കറി ഇനങ്ങൾ എന്നിവയിലും കേക്ക് അലങ്കരിക്കാനുമാണ് ഇ171 ഉപയോഗിക്കുന്നത്. ഭക്ഷ്യവസ്തുക്കൾക്ക് വെളുപ്പ് നിറം നൽകാനും കാണാൻ ഭംഗിയുള്ളതാവാനും ഇത് ഉപയോഗിക്കുന്നുണ്ട്. ചില ഇനം പാൽ ഉൽപന്നങ്ങൾ, ചോക്ലറ്റുകൾ, ച്യുയിങ്ഗം എന്നിവയിലും ഇവയുടെ ഘടകങ്ങളുണ്ടാവാൻ സാധ്യതയുണ്ട്.
ചെറിയ അളവിൽ ഇത് ശരീരത്തിൽ എത്തുന്നതിന് വലിയ കുഴപ്പമുണ്ടാക്കില്ലെങ്കിലും വലിയ അളവിൽ ഇവ ശരീരത്തിലെത്തുന്നത് കാൻസർ, ഡി.എൻ.എ മാറ്റം എന്നിവക്കും കാരണമാക്കും. സൺക്രീമുകളിലും പേസ്റ്റുകളിലും ഇ 171 ഘടകങ്ങൾ ഉണ്ടെങ്കിലും വായിൽ ഉപയോഗിക്കുന്നത് അപകടമല്ലെന്ന് വിദഗ്ധർ പറയുന്നു. കണ്ണിൽ ഇവയുടെ ഘടകം എത്തുന്നത് ചൊറിച്ചിലിന് കാരണമാകും. ശ്വസിക്കുമ്പോൾ ഇ171 അംശങ്ങൾ ഉള്ളിൽ കടക്കുന്നത് ശ്വാസകോശ അർബുദത്തിന് കാരണമാക്കുമെന്നും വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.