മസ്കത്ത്: ഒമാൻ ഹജ്ജ് മിഷൻ അംഗങ്ങൾ സൗദി അറേബ്യയിലേക്കു തിരിച്ചു. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൽകിയ യാത്രയയപ്പിൽ, എൻഡോവ്മെന്റ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അൽ മമാരി, മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. സുൽത്താൻ ബിൻ സഈദ് അൽ ഹിനായിയാണ് ഹജ്ജ് മിഷനെ നയിക്കുന്നത്. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ശേഷം മക്കയിലെ മിഷൻ ആസ്ഥാനത്തേക്കു പോകും. സുൽത്താനേറ്റിൽ വരുംദിവസങ്ങളിലായി ഹജ്ജിനെത്തുന്നവർക്ക് സേവനവും അവരുടെ ചടങ്ങുകൾക്ക് ഒമാനി ഹജ്ജ് മിഷൻ സംഘം മേൽനോട്ടം വഹിക്കുകയും ചെയ്യും.
ഫത്വ്വ, മത മാർഗനിർദേശം, ഭരണപരവും സാമ്പത്തികവുമായ കൈകാര്യം ചെയ്യൽ, ഹജ്ജ് കമ്പനികളുടെ മേൽനോട്ടം വഹിക്കുന്നയാൾ, മെഡിക്കൽ, റോയൽ ഒമാൻ പൊലീസ് പ്രതിനിധി, സ്റ്റേറ്റ് ഓഡിറ്റ് സ്ഥാപന പ്രതിനിധി, മാധ്യമ പ്രതിനിധി സംഘം, സ്കൗട്ട് എന്നിവരാണ് ഒമാൻ ഹജ്ജ് മിഷൻ അംഗങ്ങളിലുൾപ്പെടുന്നത്.
മിന, അറഫ ക്യാമ്പുകളുടെ ഒരുക്കങ്ങൾ കരാർ പ്രകാരമാണ് നടക്കുന്നതെന്ന് ഒമാനി ഹജ്ജ് മിഷൻ മേധാവി കഴിഞ്ഞയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. തീർഥാടകർ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും ചടങ്ങുകൾ അനുഷ്ഠിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യാനും വേണ്ട സൗകര്യങ്ങൾ രണ്ട് ക്യാമ്പുകളിലുമുണ്ടാകും. ഈ വർഷം14,000 തീർഥാടകർക്കാണ് ഹജ്ജിന് പോകാൻ അനുമതി കിട്ടിയിട്ടുള്ളത്. ഇതിൽ 13,500 ഒമാനികളും 250 അറബ് താമസക്കാരും 250 അറബ് ഇതര താമസക്കാരുമാണ് ഉൾപ്പെടുന്നത്. എറ്റവും കൂടുതൽ ഹജ്ജിന് പോകുന്നത് മസ്കത്ത് ഗവർണറേറ്റിൽനിന്നാണ്. ആകെ തീർഥാടകരുടെ 20.77 ശതമാനവും ഇവിടെനിന്നുള്ളവരാണ്.
19.86 ശതമാനവുമായി വടക്കൻ ബത്തിനയാണ് തൊട്ടടുത്ത്. കുറവു തീർഥാടകരുള്ളത് അൽവുസ്തയിൽനിന്നാണ്-ഒമ്പത് ശതമാനം. പ്രായം, കുടുംബ അവകാശം, മഹ്റം, സഹയാത്രികർ, ആവർത്തിച്ചുള്ള അപേക്ഷകൾ, ഹജ്ജിന്റെ തരം, ഏറ്റവും പ്രായം കൂടിയ വ്യക്തി, മരിച്ച വ്യക്തിയുടെ പേരിൽ എന്നിങ്ങനെയുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് അപേക്ഷകരിൽനിന്ന് വിശുദ്ധ കർമത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.