മസ്കത്ത്: ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷന്റെ (ഒ.എ.എ) ആഭിമുഖ്യത്തിൽ നടത്തുന്ന ഒമാൻ ഇന്റർനാഷനൽ ഡ്രിഫ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ആറാമത് പതിപ്പിന് തുടക്കമായി. ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷന്റെ മസ്കത്ത് ഡ്രിഫ്റ്റ് അരീനയിൽ ഫെബ്രുവരി 23 വരെ മൂന്ന് റൗണ്ട് മത്സരങ്ങളാണ് നടക്കുക. ആദ്യ റൗണ്ട് ഫെബ്രുവരി എട്ട് മുതൽ ഒമ്പതുവരെയും, രണ്ടാമത്തേത് ഫെബ്രുവരി 15, 16, ഫൈനൽ 22, 23 തീയതികളിലുമാണ് നടക്കുക.
109,500 യുറോയാണ് സമ്മാനത്തുക. 19 രാജ്യങ്ങളിൽ നിന്നുള്ള 180 ഡ്രൈവർമാരാണ് മത്സരത്തിൽ മാറ്റുരക്കുന്നത്. ചാമ്പ്യൻഷിപ് ആഗോളതലത്തിൽതന്നെ ശ്രദ്ധയാകർഷിച്ചതാണെന്ന് ജനപ്രിയ ഡ്രിഫ്റ്ററും ഒ.എ.എ അംഗവുമായ അലി അൽ ബലൂഷി പറഞ്ഞു. ഈ വർഷം, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ജോർഡൻ, ലബനാൻ, ലിത്വേനിയ, ലാത് വി, യുക്രെയ്ൻ, ബ്രിട്ടൻ, അയർലൻഡ്, റഷ്യ, യു.എസ്.എ എന്നിവിടങ്ങളിൽ നിന്നുള്ള മത്സരാർഥികൾ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ബലൂഷി പറഞ്ഞു. മസ്കത്ത് ഡ്രിഫ്റ്റ് അരീനയിൽ നേരിട്ട് മത്സരം കാണാൻ കഴിയാത്ത ആരാധകർക്കായി, ഒ.എ.യുടെ യൂട്യൂബ്, ഫേസ്ബുക്ക് ചാനലുകളിൽ അറബിക്, ഇംഗ്ലീഷ്, റഷ്യൻ ഭാഷകളിൽ പരിപാടി സംപ്രേക്ഷണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.