മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ ത്വാരിഖിന്റെ നേതൃത്വത്തിൽ വികസനത്തിന്റെ പുത്തൻ വിഹായസ്സിലേക്ക് ഒമാൻ കുതിക്കുന്നു. 2020ൽ ജനുവരി 11ന് സുൽത്താൻ ബാബൂസിന്റെ പിൻഗാമിയായി ചുമതലയേറ്റ സുൽത്താൻ ഹൈതം രാജ്യത്തിന്റെ നവോത്ഥാനത്തിന്റെ പുതിയ യുഗത്തിന് വേറിട്ട മുഖം നൽകാനുള്ള പ്രയാണത്തിലാണ്. സ്വദേശികളോടൊപ്പം വിദേശികളേയും പരിഗണിച്ചുകൊണ്ടാണ് രാജ്യത്തിന്റെ മുന്നേറ്റത്തിന് ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്. എണ്ണയിതര മേഖലകളിൽനിന്നുള്ള വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങളും വിജയപടിയിലാണ്. നവോത്ഥാനത്തിന്റെ നേട്ടങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും ഈ രാജ്യത്തിന്റെ ഉയർച്ചക്കും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കാൻ ഭരണമേറ്റെടുത്ത അന്നുതന്നെ സുൽത്താൻ ഒമാനിലെ പൗരൻമാരോട് ആഹ്വാനം ചെയ്തിരുന്നു.
ശോഭനമായ ഭാവി ലക്ഷ്യമിട്ടുള്ള ഒമാൻ വിഷൻ 2040ന്റെ മുന്നൊരുക്കമായി ദേശീയ താൽപര്യം മുൻ നിർത്തിയുള്ള വിവിധ പദ്ധതികളും പരിഷ്കരണങ്ങളുമാണ് കഴിഞ്ഞ വർഷങ്ങളിൽ നടപ്പാക്കിയത്. 2021 മുതൽ 2025വരെ നീളുന്ന പത്താം പഞ്ചവത്സര പദ്ധതിക്കും തുടക്കമായിട്ടുണ്ട്. ഒമാനി ജനതയുടെ വരുംകാല ആവശ്യങ്ങളും ആഗ്രഹങ്ങളും പൂർത്തീകരിക്കുന്നതിനൊപ്പം പിന്നിട്ട വർഷങ്ങളിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ സംരക്ഷിക്കുന്നതുമായ നയങ്ങളാണ് സർക്കാർ ആവിഷ്കരിക്കുന്നത്. ഒമാൻ വിഷൻ പദ്ധതിയുടെ ആദ്യ ഘട്ടമായാണ് പഞ്ചവത്സര പദ്ധതിയെ വിലയിരുത്തുന്നത്. സാമ്പത്തിക വൈവിധ്യവത്കരണത്തിനൊപ്പം എണ്ണയിതര വരുമാനത്തിൽ ക്രമമായ വർധനവുമാണ് പത്താം പഞ്ചവത്സര പദ്ധതി ലക്ഷ്യമിടുന്നത്. നൂതന സാങ്കേതികത അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങൾ, കാർഷിക, ഫിഷറീസ്, ഭക്ഷ്യോൽപാദനം, ഗതാഗതം,ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചുള്ള സാമ്പത്തിക പ്രവർത്തനങ്ങൾക്കായിരിക്കും മുൻഗണന നൽകുക.
സാമ്പത്തിക മേഖലയിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കാനും പദ്ധതിയുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് രാജ്യത്തിന്റെ മുന്നേറ്റത്തിനായി നിര്‍ദേശങ്ങൾ സ്വീകരിക്കുന്ന സന്ദർശനങ്ങൾക്കും കഴിഞ്ഞ ദിവസങ്ങളിൽ തുടക്കംകുറിച്ചു. ഇതിന്റെ ഭാഗമായി തെക്കന്‍ ശര്‍ഖിയ, അൽ വുസ്ത, ദാക്കിലിയ തുടങ്ങിയ ഗവർണറേറ്റുകളിലെ ശൈഖമാരുമായി കൂടിക്കാഴ്ച നടത്തി. പൗരന്മാര്ക്ക് സേവനങ്ങളും സൗകര്യങ്ങളും ഉറപ്പുവരുത്താൻ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നൽകുകയും ചെയ്തു. ഓരോ ഗവര്‍ണറേറ്റുകളിലെയും അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി രണ്ട് കോടി റിയാലാണ് അനുവദിച്ചിരിക്കുന്നത്. അയൽ രാഷ്ട്രങ്ങളുമായുള്ള സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനായി ഖത്തറിലും സൗദിയിലും കഴിഞ്ഞ വർഷം സുൽത്താൻ സന്ദർശിക്കുകയുണ്ടായി. വിവിധ മേഖലകളിലെ സഹകരണത്തിനും നിക്ഷേപക്കരാറിന് ഈ സന്ദർശനം വഴിവെച്ചു. ബ്രിട്ടനിലെത്തിയ സുല്‍ത്താന്‍ ഊഷ്മളമായ സ്വീകരണമൊരുക്കിയാണ് പ്രധാനമന്ത്രിയും രാജകൊട്ടരവും വരവേറ്റത്. യെമന്‍ വിഷയങ്ങളുൾപ്പെടെയുള്ള അന്താരാഷ്ട്ര വിഷയങ്ങളിൽ സുല്‍ത്താന്റെ നേതൃതത്തിൽ നടന്നുവരുന്ന സമാധാന ശ്രമങ്ങളെയും ലോകം അഭിനന്ദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.