ദേ​ശീ​യ ദി​ന​ത്തി​ൽ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ സ​ലാ​ല​യി​ലു​ള്ള അ​ൽ നാ​സ​ർ സ്‌​ക്വ​യ​റി​ൽ

ന​ട​ന്ന സൈ​നി​ക പ​രേ​ഡ്​

52ാം ദേശീയദിനം; ആഘോഷങ്ങളിൽ അലിഞ്ഞ്​ ഒമാൻ

മസ്കത്ത്: മൂവർണ ശോഭയിൽ രാജ്യം 52ാം ദേശീയദിനം ആഘോഷിച്ചു. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനാൽ കൂടുതൽ ആവേശത്തോടെയും പൊലിമയോടെയുമായിരുന്നു ആഘോഷ പരിപാടിയിൽ ജനങ്ങൾ പങ്കുചേർന്നത്. ദേശസ്നേഹം പ്രകടിപ്പിച്ചും രാജ്യത്തിന് കൂറു പ്രഖ്യാപിച്ചും സുൽത്താൻ ഹൈതം ബിൻ താരിഖിന് അഭിവാദ്യമർപ്പിച്ചും ഗവർണറേറ്റുകളിൽ വിവിധങ്ങളായ പരിപാടികളാണ് നടന്നത്. വിവിധ വിലായത്തുകളിൽ സ്വദേശികളുടെയും വിദേശികളുടെയും നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചു. ദേശീയപതാകയും സുൽത്താന്‍റെ ചിത്രങ്ങളും വഹിച്ചുള്ള റാലിയിൽ കുട്ടികളടക്കം നിരവധിപേർ പങ്കാളികളായി.

രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന സുൽത്താന് നന്ദി അറിയിച്ചായിരുന്നു റാലികൾ. സാമൂഹിക, സാംസ്കാരിക പരിപാടികളും നടന്നു.

ആഘോഷങ്ങൾക്ക് നിറംപകർന്ന് ലേസർ, ഡ്രോൺ ഷോകളും പട്ടം പറത്തലും നടന്നു. മസ്കത്തിലെ അമിറാത്ത് പാർക്കിലും സലാലയിലെ സാഹിൽ ഇത്തീൻ പാർക്കിലുമായിരുന്നു ലേസർ, ഡ്രോൺ ഷോകൾ അരങ്ങേറിയത്. രാത്രി എട്ടിന് നടന്ന ഷോ കാണാൻ കുട്ടികളും സ്ത്രീകളടക്കമുള്ള നൂറുകണക്കിന് പേരാണ് തടിച്ചുകൂടിയത്.

സാങ്കേതികവിദ്യയുടെ സഹായത്താൽ മിന്നിമറഞ്ഞ വർണരാജികൾ കാണികൾക്ക് നയനവിസ്മയ കാഴ്ചകളാണ് സമ്മാനിച്ചത്. സലാലയിലെ സാഹൽ ഇത്തീൻ പാർക്കിൽ ഉച്ചക്ക് രണ്ടുമുതൽ അഞ്ചുവരെ പട്ടം പറത്തൽ അരങ്ങേറി.

ശനിയാഴ്ച മസ്കത്തിലെ അൽഖൂദ് ഡാമിലും മുസന്തം ഗവർണറേറ്റിലെ കസബിലും ലേസർ, ഡ്രോൺ ഷോയും നടക്കും. രാത്രി എട്ടിനാണ് ഷോ. നവംബർ 20, 21 തീയതികളിൽ സീബ് ബീച്ചിലും അസൈബ ബീച്ചിലും പട്ടംപറത്തൽ ഷോ നടക്കും. ഉച്ചക്ക് രണ്ടുമുതൽ അഞ്ച് വരെയാണ് ഷോ. 20 ലധികം പേർ പങ്കെടുക്കുന്ന ഷോയിലെ പട്ടങ്ങൾ വിവിധ രൂപത്തിലും വർണത്തിലുമുള്ളതായിരിക്കും. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതമിന്‍റെ ചിത്രങ്ങളും ഒമാൻ പതാകയും പട്ടങ്ങളിൽ തെളിഞ്ഞുവരും.

പാതയോരങ്ങളും കെട്ടിടങ്ങളും ദേശീയ പതാകകള്‍ കൊണ്ടും വര്‍ണങ്ങള്‍ കൊണ്ടും അലങ്കരിച്ചിട്ടുണ്ട്. റൂവി, മത്ര, അല്‍ ഖുവൈര്‍, ഗുബ്ര, ഗാല, അസൈബ, സലാല, സൂർ, സുഹാർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ദീപങ്ങള്‍ തെളിഞ്ഞു. സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങളിൽ ദേശീയദിനാഘോഷം നടന്നു. അന്നം തരുന്ന രാജ്യത്തോട് ഐക്യപ്പെട്ട് പ്രവാസി സമൂഹവും ആഘോഷങ്ങളില്‍ പങ്കുചേർന്നു.

സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലായിരുന്നു ആഘോഷങ്ങള്‍. വിവിധ ഇടങ്ങളിൽ മലയാളി പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ശുചീകരണ പരിപാടികളും നടത്തി.

Tags:    
News Summary - Oman National Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.