മസ്കത്ത്: കോവിഡ് ബാധിച്ച 70 ഗർഭിണികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ ഒമ്പത് പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്. ഗുരുതരാവസ്ഥയിലുള്ള മൂന്നുപേരുടെ മരുന്നുകളോടുള്ള പ്രതികരണം മെച്ചപ്പെടുത്തുന്നതിനായി പ്രസവം നേരത്തേയാക്കി. ഇതിൽ ഒരാൾക്ക് 24 ആഴ്ചക്ക് മുമ്പാണ് ശസ്ത്രക്രിയ നടത്തിയത്. ഇൗ കേസിൽ ഗർഭസ്ഥ ശിശു മരണപ്പെട്ടു. മറ്റ് രണ്ട് കേസുകളിൽ ഗർഭത്തിന് 28 ആഴ്ചയിലധികമായിരുന്നു. ഇൗ കുട്ടികളെ നവജാത ശിശുക്കൾക്കുള്ള തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും റോയൽ ആശുപത്രിയിലെ ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റെട്രിക്സ് ഡയറക്ടർ ഡോ. മോസ അബ്ദുല്ല അൽ സുലൈമാനി പറഞ്ഞു.
ഗർഭിണികളിലെ ശാരീരികമായ മാറ്റം പൊതുവെ രോഗപ്രതിരോധ ശക്തിയെ ബാധിക്കുമെന്ന് ഡോ.മോസ പറഞ്ഞു. അതിനാൽ അവർക്ക് വൈറസ് ബാധക്കുള്ള സാധ്യത കൂടുതലാണ്. കോവിഡ് ബാധിതരായ ഗർഭിണികളിൽ ലഘുവായ ലക്ഷണങ്ങൾ മുതൽ ഇടത്തരം ലക്ഷണങ്ങൾ വരെയാണ് ഉണ്ടാകാനിടയുള്ളത്. ഗർഭകാലാവധി കൂടുന്നതിന് അനുസരിച്ച് നെഞ്ചിലും ശ്വാസകോശങ്ങളിലും സമ്മർദമുണ്ടാകാനുള്ള സാധ്യതയുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗർഭിണികളിൽ ഭൂരിപക്ഷം പേർക്കും ലഘുവായ ലക്ഷണങ്ങൾ മാത്രമാണ് ഉള്ളതെന്നും ഡോ. അൽ സുലൈമാനി പറഞ്ഞു. പലരും സുഖപ്പെട്ടിട്ടുണ്ട്. ഇതുവരെ നവജാത ശിശുക്കളുടെ ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അവർ പറഞ്ഞു. ഭർത്താവിൽ നിന്നും അടുത്ത കുടുംബാംഗങ്ങളിൽ നിന്നുമാണ് കുടുതൽ പേർക്കും രോഗം പകർന്നത്.
കോവിഡ് രോഗികളുടെ എണ്ണം വർധിച്ചത് മെഡിക്കൽ ജീവനക്കാരിൽ സമ്മർദമേറ്റുന്നുണ്ട്. വിവിധ ഡിപ്പാർട്മെൻറുകളിൽ ക്രമീകരണം ഏർപ്പെടുത്തിയും ഒാപറേഷനുകളും അപ്പോയിൻമെൻറുകളും നീട്ടിവെച്ചുമാണ് കോവിഡ് രോഗികൾക്കുള്ള കിടക്കകൾ കണ്ടെത്തുന്നത്. ചില ഗർഭിണികൾ കുടുംബത്തിലുള്ളവർ കോവിഡ് ബാധിതരാണെന്ന വിവരം മറച്ചുവെക്കുന്നത് പ്രയാസമുണ്ടാക്കുന്നതായി ഡോ. അൽ സുലൈമാനി പറഞ്ഞു. സ്വയം സുരക്ഷക്ക് ഒപ്പം മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കുന്നതിനും ഇത്തരം വിവരങ്ങൾ മറച്ചുവെക്കരുത്. കോവിഡ് വൈറസ് ഗർഭിണികൾക്കും ഗർഭസ്ഥശിശുവിനും ഉണ്ടാക്കുന്ന ആഘാതങ്ങളെ കുറിച്ച് വളരെ കുറവ് ധാരണമാത്രമാണ് ഉള്ളത്.
അതിനാൽ വൈറസ് ബാധക്കുള്ള സാധ്യത കുറക്കുന്നതിനായി പ്രതിരോധ നടപടികൾ കർശനമായി പാലിക്കണം. ഗർഭിണികൾ ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനങ്ങളിൽ പതിവ് പരിശോധനകൾ നടത്തണം. തിരക്കുള്ള സ്ഥലങ്ങളിൽ നിന്ന് ഇവർ ഒഴിഞ്ഞുനിൽക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിലെത്തി പരിശോധന നടത്തണം. ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും മാനസിക സമ്മർദങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയും വേണമെന്നും ഡോ. മോസ പറഞ്ഞു. കോവിഡ് ബാധിതരായ ഗർഭിണികളുടെ ചികിത്സ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയവും റോയൽ ആശുപത്രിയും ചേർന്ന് ദേശീയ മാർഗരേഖക്ക് രൂപം നൽകിയിട്ടുണ്ട്. കോവിഡ് സ്ഥിരീകരിക്കുന്ന ഗർഭിണികളുടെ ആരോഗ്യനില പ്രത്യേക മെഡിക്കൽ സംഘം അവലോകനം ചെയ്യുമെന്നും ഡോ. മോസ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.