മസ്കത്ത്: ഇസ്രായേൽ നരനായാട്ടിൽ ദുരിതക്കയത്തിൽ കഴിയുന്ന ഗസ്സയിലെ കുട്ടികൾക്ക് കൈത്താങ്ങുമായി ഒമാൻ. ഫലസ്തീനിലെ കുട്ടികളെ സഹായിക്കാൻ സുൽത്താനേറ്റ് പത്ത് ലക്ഷം യു.എസ് ഡോളർ സംഭാവന നൽകി. വിനാശകരമായ മാനുഷിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന ഗസ്സ മുനമ്പിലെ ദുർബലരായ കുട്ടികൾക്ക് അവശ്യ സഹായം എത്തിക്കാനുള്ള യുനിസെഫിന്റെ ശ്രമങ്ങളിൽ ഈ സംഭാവന നിർണായക പങ്ക് വഹിക്കും.
തുടർച്ചയായ ഇസ്രായേൽ ബോംബാക്രമണത്തിൽ ഫലസ്തീനിലെ കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യനിലയെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയടക്കം പറഞ്ഞിട്ടുള്ളത്. പല ആശുപത്രികളും തകർന്നതിനാൽ ശരിയായ പരിചരണംപോലും കുട്ടികൾക്ക് നൽകാൻ സാധിക്കുന്നില്ല. ഒമാന്റെ സഹായം ഫലസ്തീനിലെ കുട്ടികൾക്കുള്ള ജീവൻരക്ഷാ പിന്തുണ ശക്തിപ്പെടുത്താൻ യുനിസെഫിന് കഴിയും.
കുട്ടികളോടുള്ള പ്രതിബദ്ധതക്ക് ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന് ഞങ്ങൾ ആത്മാർഥ നന്ദി അറിയിക്കുകയാണെന്ന് ഒമാനിലെ യുനിസെഫ് പ്രതിനിധി സുമൈറ ചൗധരി പറഞ്ഞു. ഈ ഉദാരസംഭാവന സമാനതകളില്ലാത്ത ദുരിതങ്ങൾ അനുഭവിക്കുന്ന കുട്ടികളുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കും. അവർക്ക് അതിജീവിക്കാനായി എല്ലാ പിന്തുണയും ആവശ്യമാണെന്നും സുമൈറ പറഞ്ഞു. കനത്ത വെല്ലുവിളികൾക്കിടയിലും കുടിവെള്ളം, മെഡിക്കൽ-വിദ്യാഭ്യാസ സഹായങ്ങൾ, ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ, ഗസ്സയിലെ കുട്ടികൾക്കും കുടുംബങ്ങൾക്കും പോഷകാഹാര സപ്ലിമെൻറുകളും വിറ്റാമിനുകളും നൽകൽ തുടങ്ങിയ കാര്യങ്ങൾ യുനിസെഫ് ചെയ്തുവരുന്നുണ്ട്. ജലവിതരണ പൈപ്പുകൾ, വാക്സിനുകൾ, സിറിഞ്ചുകൾ, അക്യൂട്ട് വാട്ടറി ഡയേറിയ പെരിഫററി കിറ്റുകൾ, ഒബ്സ്റ്റട്രിക് സർജിക്കൽ കിറ്റുകൾ, ബ്ലാങ്കറ്റുകൾ, ഫാമിലി ടെൻറുകൾ, സ്ലീപ്പിങ് മാറ്റുകൾ, സ്ത്രീകൾക്കുള്ള ശുചിത്വ കിറ്റുകൾ, നവജാത ശിശുക്കൾക്കുള്ള ശുചിത്വ കിറ്റുകൾ എന്നിവയുൾപ്പെടെ അടിയന്തര സാമഗ്രികൾ യുനിസെഫ് ഗസ്സ മുനമ്പിലെ ആളുകൾക്ക് നൽകിയിട്ടുണ്ട്.
ഇതിനുപുറമെ 5,00,000ലധികം ആളുകൾക്ക് മാനുഷിക ധനസഹായവും കൈമാറി. വെസ്റ്റ് ബാങ്കിൽ, ശിശു സംരക്ഷണ സേവനങ്ങളും യുനിസെഫ് നടത്തുന്നുണ്ട്. ഗസ്സയിൽ അടിയന്തരമായി വെടിനിർത്തണമെന്നും മാനുഷിക സഹായം എത്തിക്കുന്നതിന് സൗകര്യമൊരുക്കണമെന്നും യുനിസെഫ് നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, ഫലസ്തീനിലേക്ക് വിവിധ ഘട്ടങ്ങളിലായി ഒമാൻ അവശ്യ വസ്തുക്കൾ എത്തിച്ചിട്ടുണ്ട്. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷനാണ് അവശ്യവസ്തുക്കളും ഭക്ഷണവും മെഡിക്കൽ സാമഗ്രികളും റഫ അതിർത്തി വഴി കൈമാറിയത്. ഫലസ്തീനിലെ ജനങ്ങളെ സഹായിക്കാൻ ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ (ഒ.സി.ഒ) നേരത്തെതന്നെ സംവിധാനം ഒരുക്കിയിരുന്നു. ഇതിനകം നിരവധി ആളുകളും സ്ഥാപനങ്ങളുമാണ് ഒ.സി.ഒ വഴി ധനസഹായം കൈമാറിയത്. സംഭാവനകൾ സ്വീകരിക്കുന്നതിനായി വിവിധ മാർഗങ്ങളാണ് ഒ.സി.ഒ സജ്ജീകരിച്ചിരിക്കുന്നത്.
ഒനീക്ക് (ഒ.എൻ. ഇ.ഐ.സി) ഓട്ടോമേറ്റഡ് പേമെന്റ് മെഷീനുകൾ വഴിയോ ബാങ്ക് അക്കൗണ്ടിലൂടെയോ (ബാങ്ക് മസ്കത്ത്: 0423010869610013, ഒമാൻ അറബ് ബാങ്ക് അക്കൗണ്ട്: 3101006200500) സംഭാവന കൈമാറാവുന്നതാണ്. പൊതുജനങ്ങൾക്ക് ഫോണിൽനിന്ന് ടെക്സ്റ്റ് മെസേജ് അയച്ചും സംഭാവനയിൽ പങ്കാളിയാകാം. ഒമാൻടെൽ ഉപയോക്താക്കൾക്ക് 90022 എന്ന നമ്പറിലേക്ക് “donate” എന്ന് ടൈപ്പ് ചെയ്തും ഉരീദോയിൽനിന്ന് ‘Palestine’ എന്ന് ടൈപ്പ് ചെയ്ത് 90909 എന്ന നമ്പറിലേക്കും സന്ദേശങ്ങൾ അയക്കാം. റെന്ന വരിക്കാർക്ക് 181092# എന്ന കോഡും ഉപയോഗിക്കാം. www.jood.om, www.oco.org.om എന്നീ വെബ്സൈറ്റ് വഴിയും സംഭാവന ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.