മസ്കത്ത്: രാജ്യത്ത് ആദ്യമായി പുറത്തിറക്കിയ ഇലക്ട്രിക് കാറിന് ഉപഭോക്താക്കളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മെയ്സ് മോട്ടോഴ്സ് കമ്പനി ഭാരവാഹികൾ. വാഹനത്തിനായി ഇതുവരെ 500 പേർ ബുക്ക് ചെയ്തിട്ടുണ്ടെന്ന് മെയ്സ് മോട്ടോഴ്സിന്റെ സഹസ്ഥാപകനായ ഹൈദർ ബിൻ അദ്നാൻ അൽ സാബി അറിയിച്ചു. രാജ്യത്ത് ഫെബ്രുവരി 20നാണ് ഗതാഗതരംഗത്ത് പുതിയ വിപ്ലവങ്ങൾക്ക് തുടക്കമിട്ട് ആദ്യ ഇലക്ട്രിക് കാർ കമ്പനി പുറത്തിറക്കിയത്.
ലോഞ്ചിങ്ങിന് മുമ്പുതന്നെ 100 വാഹനങ്ങൾക്കുള്ള ബുക്കിങ് കഴിഞ്ഞിരുന്നു. ലോഞ്ചിങ്ങിന് ശേഷം രണ്ട് ദിവസങ്ങൾക്കുള്ളിൽ 400ഓളം ബുക്കിങ്ങാണ് നടന്നതെന്ന് ഹൈദർ ബിൻ അദ്നാൻ അൽ സാബി അറിയിച്ചു. കമ്പനിയുടെ പ്രാരംഭ നിക്ഷേപം അഞ്ച് ദശലക്ഷം റിയാലാണ്. നിക്ഷേപം നടത്താൻ താൽപര്യം പ്രകടിപ്പിച്ച് നിരവധി പേർ സമീപിച്ചിട്ടുണ്ട്. മികച്ച നിക്ഷേപം നേടിയശേഷം വലിയ ഫാക്ടറി നിർമിക്കും. ലോകത്തിലെ ടെക് കമ്പനികളുമായും നിക്ഷേപങ്ങളുമായും ബന്ധപ്പെട്ട് നടക്കുന്ന 'സ്റ്റെപ്' ഇന്റർനാഷനൽ കോൺഫറൻസിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഒമാൻ ടെക്നോളജി ഫണ്ടിന്റെ സഹകരണത്തോടെയാണ് മെയ്സ് മോട്ടോഴ്സ് കാർ നിർമിക്കുന്നത്. കാറിന് 4.9 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കി.മീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പരമാവധി വേഗത 280 മണിക്കൂറിൽ 280 കി.മീറ്റർ ആയിരിക്കും.
പൂർണമായും കാർബൺ ഫൈബറിലാണ് ബോഡി നിർമിച്ചിരിക്കുന്നത്. പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി കൂടുതൽ നിക്ഷേപക പങ്കാളിത്തത്തിനും കമ്പനി അവസരമൊരുക്കിയിട്ടുണ്ട്. ആഗോളവിപണിയിലും തങ്ങളുടെ ഇ-വാഹനങ്ങൾ വിൽക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഉൽപാദനം വർധിപ്പിക്കുന്നതോടെ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകാൻ സാധിക്കുമെന്നാണ് കമ്പനി കരുതുന്നത്. പെട്രോൾ സ്റ്റേഷനുകളിൽ റീചാർജ് പോയന്റുകൾ ഒരുക്കാൻ ചില സ്വകാര്യ കമ്പനികളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.