സുഹാർ: ഓണം പടിവാതിക്കലെത്തി നിൽക്കുമ്പോൾ ആഘോഷത്തിനൊരുങ്ങി പ്രവാസികളും. ഇപ്പോൾ തന്നെ നാട്ടിൽ നിന്ന് എത്തുന്ന മലയാളികളുടെ ബാഗേജിലെ സാധനങ്ങളുടെ പതിവ് രീതി മാറിത്തുടങ്ങി. അരിമുറുക്കും അവലോസ് പൊടിയും ഹലുവയും ഉണ്ണിയപ്പവും കൊണ്ടുവരുന്ന ലഗേജിൽ ഇപ്പോൾ പപ്പടവും ശർക്കര വരട്ടിയതും കാവറുത്തതും ചക്കിലാട്ടിയ വെളിച്ചെണ്ണയും നാടൻ അച്ചാർ കുപ്പിയും നിറയുകയാണ്. പ്രവാസ ലോകത്ത് ഓണം ആഘോഷമാക്കാനുള്ള സാധനങ്ങൾ കരുതിവെക്കാനാണ് നാട്ടിൽനിന്ന് വരുന്നവരോട് സുഹൃത്തുക്കളും ബന്ധുക്കളും ആവശ്യപ്പെടുന്നത്.
പ്രവാസലോകത്ത് കിട്ടാൻ പ്രായസമുള്ള സാധങ്ങളുടെ ലിസ്റ്റാണ് മിക്കവരും അയക്കുന്നത്. വലിയ ഓണസദ്യ ഒരുക്കാനുള്ള മുൻകരുതലിലാണ് പപ്പടം അടക്കമുള്ളവ കൊണ്ടുവരാൻ ആവശ്യപ്പെടുന്നത്.‘മാവേലി’യെ ഒരുക്കിയെടുക്കാൻ മാവേലിയുടെ ഉടയാടകളും കുടയും മുടിയും ചമയങ്ങളും നാട്ടിൽ നിന്ന് എത്തിക്കുന്നവരുമുണ്ട്. ഓണാഘോഷത്തിന്റെ പൊലിമയായ തിരുവാതിരക്കളിയുടെ വസ്ത്രങ്ങളും ആഭരണങ്ങളും മേക്കപ്പും കൊണ്ടുവരുന്നവരുമുണ്ട്.
പ്രവാസലോകത്ത് ഓണാഘോഷം മാസങ്ങളോളം തുടരുന്നതാണ്. പ്രവാസ സംഘടനകൾ, കൂട്ടായ്മകൾ, അസോസിയേഷനുകൾ, സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവ ഓണസദ്യയും ഓണക്കളികളും മാവേലിവരവും കൊണ്ട് ഓണം പൊടിപൊടിക്കുന്നത് എല്ലാ വർഷത്തെയും പതിവാണ്. ഓണം മുതലുള്ള വെള്ളിയാഴ്ചകൾ പലരും ഇതിനായി ബുക്ക് ചെയ്തു കഴിഞ്ഞു.
ചില കൂട്ടായ്മകളും സംഘടനകളും നാട്ടിൽനിന്ന് പാചക വിദഗ്ധരെ കൊണ്ടുവന്നു ഓണസദ്യ കേമമാക്കാനും ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. കല്യാണ ഹാളുകളും ഫാം ഹൗസുകളും ഹോട്ടൽ ഹാളുകളും ഇതിനോടകം ബുക്കിങ് നടത്തിയിട്ടുണ്ട്. കോവിഡിനു ശേഷം കഴിഞ്ഞ വർഷമാണ് ഓണാഘോഷം ഒമാനിൽ പ്രവാസികൾ കൊണ്ടാടിയത്. കൂടുതൽ കെങ്കേമമായ ആഘോഷമാണ് ഇത്തവണ ആസൂത്രണം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.