സുഹാർ: ഓണം പടിവാതിലിൽ എത്തിനിൽക്കെ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ പ്രവാസികൾ മാർക്കറ്റിലേക്ക് ഇറങ്ങിക്കഴിഞ്ഞു. ഇപ്പോൾ കൂടുതൽ തിരക്ക് അനുഭപ്പെടുന്നത് ഓണക്കോടി വാങ്ങാനാണ്. രണ്ടുവർഷത്തെ നിയന്ത്രണത്തിന് ശേഷം സജീവമായ ഓണാഘോഷ കാഴ്ചയുടെ പൊലിമയാണ് എങ്ങും. അതുകൊണ്ടുതന്നെ വിപണി സജീവമാണ്. മാളുകളിൽ ഒരുക്കിയ ഓണം വസ്ത്ര പ്രദർശന വിൽപന കൗണ്ടറുകളിൽ നല്ല തിരക്കാണ്. സെറ്റ് സാരി, സെറ്റ് മുണ്ട്, പട്ടുപാവാട, ദാവണി എന്നിവക്കാണ് ആവശ്യക്കാരേറെ. ജുബ്ബ, കുർത്ത, പൈജാമ, ഷർട്ട്, മുണ്ട്, ദോത്തി എന്നിങ്ങനെ പോകുന്നു ആണുങ്ങളുടെയും കുട്ടികളുടെയും ഇഷ്ട വസ്ത്രങ്ങൾ.
പുതുതായി വിപണിയിലെത്തിയ സെറ്റ് ചുരിദാറിന് നല്ല വിൽപനയാണെന്ന് ആലപ്പുഴ സ്വദേശി ഗായത്രി പറഞ്ഞു. വസ്ത്രങ്ങൾ ഓണത്തിന് നാട്ടിൽനിന്ന് കൊണ്ടുവരുന്ന പ്രവണത മുമ്പുണ്ടായിരുന്നെങ്കിലും ഇപ്പോൾ എല്ലാ പുത്തൻ ഡിസൈനും മാർക്കറ്റിൽ ലഭ്യമാണെന്നു ഗായത്രിയുടെ കൂട്ടുകാരി പാലക്കാട് സ്വദേശി സജ്ന പറയുന്നു. സെറ്റ് സാരിയിൽ ആലിലയുടെയും പീലിയുടെയും കൃഷ്ണന്റെയും പടങ്ങൾ അലേഖനം ചെയ്ത സാരിയും വിപണിയിൽ ലഭ്യമാണ്. പട്ടുപാവാടയുടെ വ്യത്യസ്ത കളറുകളിൽ കൗമാരക്കാർക്ക് ഇണങ്ങുംവിധം ഡിസൈൻ വർക്ക് ചെയ്തും വർക്ക് ഇല്ലാതെയും വിറ്റുപോകുന്നുണ്ടെന്ന് മാളിലെ സെക്ഷൻ സ്റ്റാഫ് പറയുന്നു. ഓണ ദിവസത്തെ ഉപയോഗത്തിന് മാത്രം ഉപയോഗിക്കുന്ന മുണ്ടിന് വലിയ വിലയില്ല എന്നതാണ് ആശ്വാസമെന്ന് മാളിലെത്തിയ ഫാർമസി സെയിൽസ്മാൻ ശിവൻ പറഞ്ഞു.
ഫാൻസി സെക്ഷനുകളിലും നല്ല തിരക്കനുഭവപ്പെടുന്നുണ്ട്. മാല, വള, കമ്മൽ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവക്കാണ് കൂടുതൽ ആവശ്യക്കാരെന്ന് ഷോപ്പിങ്ങിനിറങ്ങിയ കൊല്ലം കരിക്കോട് സ്വദേശിനി അനു പറഞ്ഞു. പുതുവസ്ത്രത്തിൽ അവസാനിക്കുന്നതല്ല പ്രവാസികളുടെ ഓണാഘോഷം. മാസങ്ങളോളം വിവിധ പരിപാടികളുമായി സജീവമായിരിക്കും ഗൾഫ് നാടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.