മസ്കത്ത്: കോവിഡ് വ്യാപനം തടയാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ രാത്രി സഞ്ചാര വിലക്ക് ഒരാഴ്ച പിന്നിട്ടു. സഞ്ചാര വിലക്ക് ലംഘിച്ചതുമായി ബന്ധപ്പെട്ട് വളരെ കുറവ് നിയമലംഘനങ്ങൾ മാത്രമാണ് പിന്നിട്ട ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തത്. സഞ്ചാര വിലക്കിെൻറ ലംഘനത്തെ തുടർന്ന് റൂവിയിലെ പ്രമുഖ കഫേക്ക് കഴിഞ്ഞ ദിവസം ആയിരത്തിലധികം റിയാലിെൻറ പിഴ ചുമത്തി. രാത്രി എട്ടുമണിയായിട്ടും കടയിൽ ജീവനക്കാർ ഉണ്ടായിരുന്നതിനെ തുടർന്നാണ് പൊലീസ് പിഴ ചുമത്തിയത്. ജീവനക്കാർക്ക് എട്ടുമണിക്ക് മുമ്പ് താമസ സ്ഥലത്ത് എത്താൻ സാധിക്കുന്ന വിധത്തിൽ സ്ഥാപനങ്ങളുടെ പ്രവർത്തനം ക്രമീകരിക്കണമെന്നാണ് പൊലീസ് നിർദേശം നൽകിയിട്ടുള്ളത്.
രാത്രി സഞ്ചാര വിലക്ക് സംബന്ധിച്ച നിയമം ലംഘിച്ചതിന് ബുറൈമിയിൽ സ്വദേശിക്കും സൂറിൽ എട്ട് വിദേശികൾക്കും കോടതി ശിക്ഷ വിധിച്ചിരുന്നു. ഇവരുടെ ചിത്രങ്ങൾ പബ്ലിക് പ്രോസിക്യൂഷൻ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഒത്തുചേരൽ, മുഖാവരണം ധരിക്കാതിരിക്കൽ തുടങ്ങിയ സുരക്ഷാ നിയമങ്ങൾ പാലിക്കാതിരിക്കുന്നവരെ കണ്ടെത്തുന്നതിനായുള്ള പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. സുപ്രീം കമ്മിറ്റി നിർദേശം ലംഘിച്ച് ഒത്തുചേരൽ നടത്തിയ ഒരുസംഘം വിദേശികൾ അൽ വുസ്ത ഗവർണറേറ്റിൽ പിടിയിലായതായി റോയൽ ഒമാൻ പൊലീസ് ശനിയാഴ്ച രാവിലെ അറിയിച്ചു. വെള്ളിയാഴ്ച വടക്കൻ ശർഖിയ ഗവർണറേറ്റിലും മുൻകരുതൽ ലംഘിച്ച് ഒത്തുചേർന്ന ഒരുസംഘം വിദേശികൾ പിടിയിലായിരുന്നു. സുപ്രീംകമ്മിറ്റി നിർദേശങ്ങൾ ലംഘിച്ചതിന് ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തിയായിവരുകയാണെന്ന് പൊലീസ് അറിയിച്ചു. മാസ്കുകൾ കൃത്യമായി ധരിക്കാത്തവർക്കും കർശനമായി പിഴ ചുമത്തുന്നുണ്ട്. കുറഞ്ഞ വേതനക്കാരായ പലർക്കും അശ്രദ്ധമൂലം ഇങ്ങനെ പിഴ ലഭിച്ചിട്ടുണ്ട്.
സഞ്ചാരവിലക്ക് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രധാന റോഡുകളിലടക്കം രാത്രി എട്ടുമുതൽ പൊലീസ് പട്രോളിങ് നടത്തുന്നുണ്ട്. പൊലീസ് ഹെലികോപ്ടറിെൻറയും ഡ്രോണുകളുടെയും സേവനവും ഉപയോഗിക്കുന്നുണ്ട്. രാത്രി ഏഴുമുതൽ തന്നെ കടകൾ അടക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. സ്ഥാപനത്തിെൻറ കണക്കുകളും മറ്റും ശരിയാക്കി ജീവനക്കാർക്ക് എട്ട് മണിക്ക് മുമ്പ് വീടണയേണ്ടതിനാലാണിത്. കെട്ടിടങ്ങളുടെയും താമസ ഇടങ്ങളുടെയും പാർക്കിങ്ങുകൾ വൈകീട്ട് ഏഴു മുതൽ തന്നെ നിറയും. മാലിന്യ വസ്തുക്കൾ നിക്ഷേപിക്കാൻ പോലും പുറത്തിറങ്ങരുതെന്ന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. രാത്രി ഭക്ഷണത്തിന് ഹോട്ടലുകളെ ആശ്രയിച്ചിരുന്നവർക്കും കർഫ്യൂ പ്രയാസകരമാണ്. എന്നിരുന്നാലും നേരത്തേ ഭക്ഷണം കഴിക്കുക, നേരത്തേ ഉറങ്ങുക തുടങ്ങിയ നല്ല ജീവിത ശീലങ്ങൾ നടപ്പാക്കാൻ രണ്ടാമത്തെ രാത്രികാല സഞ്ചാരവിലക്ക് സഹായിക്കുന്നുണ്ടെന്ന് സ്വദേശികളും വിദേശികളും പറയുന്നു. എന്തായാലും ഒമാൻ സർക്കാർ കർശനമായി നടപ്പാക്കുന്ന രാത്രികാല കർഫ്യൂവിനെ പിന്തുണക്കുന്നവരാണ് ജനങ്ങൾ. കോവിഡ് വൈറസിെൻറ ഇൻക്യുബേഷൻ പിരീഡ് രണ്ടാഴ്ചയാണ്. അതിനാൽ, സഞ്ചാരവിലക്ക് അവസാനിക്കുന്ന ഒക്ടോബർ 24ന് ശേഷമാണ് രോഗവ്യാപനം തടയാൻ ഇത് എത്രമാത്രം സഹായിച്ചുവെന്ന വിവരം വ്യക്തമാവുകയുള്ളൂ. രോഗവ്യാപനം തടയാൻ ഫലപ്രദമാണെന്ന് കാണുന്ന പക്ഷം രാത്രി സഞ്ചാരവിലക്ക് നീട്ടാനും സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.