മസ്കത്ത്: ഉള്ളി കയറ്റുമതിക്ക് ഇന്ത്യൻ സർക്കാർ ഏർപ്പെടുത്തിയിരുന്ന നിരോധനം കഴിഞ്ഞ മേയിൽ പിൻ വലിച്ചെങ്കിലും ഒമാനിൽ ഉള്ളിവില കാര്യമായി കുറഞ്ഞില്ല. കഴിഞ്ഞ ഡിസംബർ മുതലായിരുന്നു കേന്ദ്ര സർക്കാർ ഉള്ളിക്ക് കയറ്റുമതി നിരോധനം പ്രഖ്യാപിച്ചത്. ഇതോടെ ഒമാനിൽ ഉള്ളിവില കുതിച്ചുയർന്നിരുന്നു. വില പിടിച്ചു നിർത്താൻ മറ്റ് രാജ്യങ്ങളിൽനിന്നുള്ള ഉള്ളി വിപണിയിലിറക്കിയെങ്കിലും കാര്യമായൊന്നും ഫലം കണ്ടിരുന്നില്ല. എന്നാൽ, കഴിഞ്ഞ മേയിൽ ഉള്ളി കയറ്റുമതി നിയന്ത്രണം എടുത്ത് കളഞ്ഞതോടെ ഇന്ത്യൻ ഉള്ളി ഒമാൻ വിപണിയിലേക്ക് എത്തി. ഇന്ത്യൻ ഉള്ളി വിപണിയിലെത്തിയാലും വില വല്ലാതെ കുറയില്ലെന്ന് ഉള്ളി ഇറക്കുമതി മേഖലയിലുള്ളവർ സൂചിപ്പിച്ചിരുന്നു.
ഇപ്പോഴും ഒരു കിലോ ഉള്ളിക്ക് 450 ബൈസക്കടുത്താണ് ഈടാക്കുന്നത്. ഇത് സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിക്കുന്നുണ്ട് ഹോട്ടലുകളിലാണ് ഉള്ളി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്.
ചെറുകിട ഹോട്ടലുകൾക്കാണ് ഉള്ളി വില തിരിച്ചടിയാവുന്നത്. ഉള്ളി കയറ്റുമതിക്ക് ഇന്ത്യൻ സർക്കാർ ഏർപ്പെടുത്തിയ 40 ശതമാനം നികുതിയും മിനിമം കയറ്റുമതി വിലയും ചരക്ക് കൂലിയിലെ വർധനയുമാണ് ഉള്ളി വില വർധിക്കാൻ പ്രധാന കാരണം. കഴിഞ്ഞ ഒക്ടോബറിലാണ് ഉള്ളിക്ക് 40 ശതമാനം കയറ്റുമതി നികുതി ഏർപ്പെടുത്തിയത്. ഉള്ളി കയറ്റുമതി നിരോധനം പിൻവലിച്ചിട്ടും നികുതി ഒഴിവാക്കിയിട്ടില്ല. അതോടൊപ്പം ഒരു ടണ്ണിന്റെ മിനിമം കയറ്റുമതി വില 800 ഡോളറായി നിശ്ചയിച്ചതും വില വർധിക്കാൻ കാരണമായി. പിന്നീട് മിനിമം കയറ്റുമതി വില 550 ഡോളറായി കുറച്ചിരുന്നു.
ചരക്ക് കടത്ത് ചാർജും അടുത്തിടെ ഗണ്യമായി വർധിച്ചിരുന്നു. ഇതോടെ ഒരു ടൺ ഉള്ളിക്ക് കയറ്റിയയക്കാൻ 770 ഡോളറെങ്കിലും വേണ്ടി വരുമെന്നാണ് കയറ്റുമതിക്കാർ പറയുന്നത്. വില വർധിച്ചതോടെ കയറ്റുമതിയും കുറഞ്ഞിട്ടുണ്ട്. ഇതാണ് ഉള്ളി വില വർധിക്കാൻ പ്രധാന കാരണം. കയറ്റുമതി നികുതിയും മിനിമം കയറ്റുമതി വിലയും കാരണം കയറ്റുമതിയും കുറഞ്ഞിട്ടുണ്ട്. ഇതോടെ ഉള്ളിയുടെ കയറ്റുമതി നികുതി നീക്കണമെന്ന് കർഷകർ ആവശ്യം ഉന്നയിക്കാൻ തുടങ്ങിയിട്ടുണ്ട്.
ഉള്ളിയുടെ കയറ്റുമതി നിരോധനം കാരണം കഴിഞ്ഞ സാമ്പത്തിക വർഷം 41 ശതമാനം വിദേശനാണ്യം കുറഞ്ഞതായാണ് കണക്ക്. മുൻ സാമ്പത്തിക വർഷത്തെക്കാൾ 1,170 കോടിയുടെ വിദേശനാണ്യ നഷ്ടമാണ് ഈ സാമ്പത്തിക വർഷം ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വർഷം 2,848 കോടി രൂപയായിരുന്നു ഉള്ളി കയറ്റുമതിയിലൂടെ ലഭിച്ചത്. ഈ വർഷം വരുമാനം 1678 കോടി രൂപയായി കുറഞ്ഞു. കയറ്റുമതി നിരോധനം നടപ്പാക്കിയതോടെ ഇന്ത്യൻ മാർക്കറ്റിൽ ഉള്ളിവില കുത്തനെ കുറഞ്ഞിരുന്നു. ഇത് ഉള്ളി കർഷകരെ പ്രതികൂലമായി ബാധിച്ചിരുന്നു. ഏതായാലും നിലവിലെ അവസ്ഥയിൽ ഉള്ളിവില പെട്ടെന്നൊന്നും കുറയില്ലെന്നാണ് ഇറക്കുമതി മേഖലയിലുള്ളവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.