മത്ര: ഓൺലൈനിലൂടെ പണം തട്ടിയെടുക്കാൻ പുതിയ രീതികളുമായി സംഘം രംഗത്ത്. കഴിഞ്ഞദിവസം റൂവിയിലുള്ള സാമൂഹികപ്രവര്‍ത്തകന്‍റെ ഫോണിലേക്ക് വിളിയെത്തിയത് ആരോഗ്യവകുപ്പിൽനിന്ന് എന്ന് പറഞ്ഞായിരുന്നു. മൂന്നു ഡോസ് വാക്സിനെടുത്തോ, തറാസുദില്‍ രജിസ്റ്റർ ചെയ്തോ തുടങ്ങിയ കാര്യങ്ങളായിരുന്നു അന്വേഷിച്ചിരുന്നത്. തറാസൂദ് ആപ്പിൽ രജിസ്റ്റർ ചെയ്ത വിവരങ്ങൾ ആരോഗ്യമന്ത്രാലയത്തിലെ കോവിഡ് വാക്സിൻ സെർവറിൽ അപ്‌ഡേറ്റ് ആയിട്ടില്ല. അതിനാൽ അഞ്ചക്ക നമ്പർ നിങ്ങളുടെ മൊബെലിലേക്ക് വരും. അത് പറഞ്ഞുതരണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, ഒ.ടി.പി നമ്പർ പറഞ്ഞുകൊടുക്കാൻ വിസമ്മതിച്ചതോടെ വിളിച്ചയാൾ ഫോൺ കട്ട് ചെയ്യുകയായിരുന്നു. ഒ.ടി.പി ഷെയർ ചെയ്യുന്നതോടെ വാട്സ് ആപ്പിന്‍റെ പ്രവർത്തനങ്ങൾ ഇത്തരം സംഘങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ തട്ടിപ്പ് അരങ്ങേറുന്നത്. വ്യക്തിപരമായ ചാറ്റുകളിലും മറ്റും സംഘത്തിന് കാണാൻ കഴിയില്ല. എന്നാൽ ഗ്രൂപ്പുകളിൽ കയറി അടുത്ത സുഹൃത്തുക്കളോടും മറ്റും പണം ആവശ്യപ്പെടുന്ന രീതിയാണ് ഇവർ തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ഒരാളുടെ ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമായി നിർമിച്ച് അയാളുടെ അടുത്ത സുഹൃത്തുക്കളിൽനിന്നും പണം തട്ടുന്ന രീതിയും അടുത്തകാലത്തായി വർധിച്ചിരുന്നു.
നിരവധി പ്രവാസികളാണ് ഇത്തരം വ്യാജ അക്കൗണ്ടുകളിൽനിന്നുള്ള സന്ദേശം ലഭിച്ചതിന് പണം അയച്ചുകൊടുത്തത്. പിന്നീട് ദിവസങ്ങൾ കഴിഞ്ഞാണ് പർക്കും മനസ്സിലാകുന്നത് തങ്ങളുടെ അടുത്ത സുഹൃത്തുകളുടെ പേരിൽ നിർമിച്ച വ്യാജ അക്കൗണ്ടായിരുന്നു ഇതെന്ന്. ബാങ്ക് മസ്കത്തിൽനിന്ന് വിളിക്കുകയാണെന്നു പറഞ്ഞായിരുന്നു സംഘം തട്ടിപ്പിനുപയോഗിച്ചിരുന്ന മറ്റൊരു രീതി. എന്നാൽ ഇത്തരം തട്ടിപ്പുകൾ ആളുകൾ ഏറക്കുറെ മനസ്സിലാക്കിയതോടെയാണ് 'ആരോഗ്യവകുപ്പിനെ' കൂട്ടുപിടിച്ച് ആളുകളെ പറ്റിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.