മസ്കത്ത്: ജീവനക്കാർക്ക് സ്ഥാപനത്തിൽ തന്നെ തൊഴിൽപരമായ പരാതികൾ നൽകാൻ അവസരമൊരുക്കണമെന്ന് പരിഷ്കരിച്ച തൊഴിൽനിയമം വ്യവസ്ഥ ചെയ്യുന്നു. ഇതനുസരിച്ച് 50ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ സംവിധാനം ഒരുക്കണം. ബന്ധപ്പെട്ടവരിൽനിന്ന് അഗീകാരം നേടിയ ശേഷമാണ് ഈ സംവിധാനം ഒരുക്കേണ്ടത്.
പരാതി ഒത്തുതീർപ്പാക്കണമെങ്കിൽ പരാതി നൽകി ഒരു മാസത്തിനുള്ളിലെങ്കിലും ശ്രമങ്ങൾ ആരംഭിക്കണം. ബന്ധപ്പെട്ട അധികൃതർക്ക് മുന്നിൽ പരാതി എത്തുന്നതിനുമുമ്പാണ് ഒത്തുതീർപ്പാവുന്നതെങ്കിൽ ഇരു വിഭാഗങ്ങളും ഒപ്പുവെച്ച റിപ്പോർട്ട് സൂക്ഷിക്കുകയും വേണം. ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തി രേഖകൾ ഉണ്ടാക്കിയ ശേഷവും പ്രശ്നം പരിഹരിക്കുന്നില്ലെങ്കിൽ കേസ് അധികൃതർ കോടതിയിൽ സമർപ്പിക്കണം. ഇങ്ങനെ സമർപ്പിക്കുന്നത് ഒത്തുതീർപ്പ് കഴിഞ്ഞ് ഏഴ് ദിവസത്തിനുള്ളിലാവുകയും വേണം.
പരാതി സംബന്ധമായ എല്ലാ വിവരങ്ങളും കേസുമായി ബന്ധപ്പെട്ട വ്യക്തികളുടെ മുഴുവൻ കാര്യങ്ങളും കോടതിയിൽ സമർപ്പിക്കണം. ജീവനക്കാരെ പിരിച്ചു വിടുകയാണെങ്കിൽ ഇത് സംബന്ധമായ പരാതി പരിച്ചു വിടൽ അറിയിപ്പ് ലഭിച്ച ദിവസം മുതൽ 30 ദിവസത്തിനുള്ളിൽ നൽകിയിരിക്കണം.
ജീവനക്കാരെ ജോലിയിൽനിന്ന് പിരിച്ചു വിട്ടാൽ ഒന്നെങ്കിൽ കമ്പനിയിലേക്ക് തിരിച്ചെടുക്കണം. അല്ലെങ്കിൽ മൂന്ന് മാസത്തിൽ കുറയാത്തതും ഒരു വർഷത്തിൽ കൂടാത്ത നഷ്ടപരിഹാരം നൽകണം. സേവനകാലത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് തീരുമാനിക്കുക. ജോലിയുടെ അവസാനം തൊഴിൽ കരാർ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും നൽകിയിരിക്കണം. ജീവനക്കാരെ ലിഗം, രാജ്യം, നിറം, ഭാഷ, മതം, വിശ്വാസ പ്രമാണം, സാമൂഹിക സ്ഥിതി, അംഗവൈകല്യം, ഗർഭം, കുട്ടി ജനിക്കൽ, മുലയൂട്ടൽ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് പിരിച്ചു വിടൻ പാടില്ല.
നിയമാനുസൃതമായ തൊഴിൽ യൂനിൽ പ്രർത്തനം, ഇവയിലെ അംഗത്വമെടുക്കൽ എന്നീ വിഷയങ്ങളിലും ജീവനക്കാരെ പിരിച്ചുവിടാൻ പാടില്ല. തൊഴിലുടമക്കെതിരെ പരാതിയോ റിപ്പോർട്ടോ സമർപ്പിച്ചതിന്റെ പേരിലും നടപടി പാടില്ല. എന്നാൽ ഇത്തരം പരാതികൾ വ്യാജമാണെന്ന് തെളിഞ്ഞാൽ നിയമ സംരക്ഷണം ലഭിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.