മസ്കത്ത്: വിവിധ ആവശ്യങ്ങളുന്നയിച്ച് ഒമാനിലെ ഇന്ത്യൻ സ്കൂൾ രക്ഷിതാക്കളുടെ കൂട്ടായ്മ വീണ്ടും സ്കൂൾ ഡയറക്ടർ ബോർഡിന് മുന്നിലെത്തി. ഇന്ത്യൻ സ്കൂളിൽ നിലനിൽക്കുന്ന ഗൗരവമായ വിവിധ വിഷയങ്ങൾ ഉന്നയിച്ച് രക്ഷിതാക്കളുടെ കൂട്ടായ്മ മുൻകാലങ്ങളിൽ ബോർഡിനു മുന്നിലും തുടർന്ന് ഒമാനിലെ ഇന്ത്യൻ അംബാസഡർക്കും നിവേദനം നൽകിയിരുന്നു. എന്നാൽ, രക്ഷിതാക്കൾക്കു നൽകിയ ഉറപ്പുകൾ തുടച്ചയായി ലംഘിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച നടന്ന സ്കൂൾ ഡയറക്ടർ ബോർഡ് യോഗത്തിലേക്ക് രക്ഷിതാക്കൾ നേരിട്ടെത്തി വിഷയങ്ങൾ ചർച്ച ചെയ്തത്.
ഇന്ത്യൻ സ്കൂളുകളിൽ കഴിഞ്ഞ കുറെ കാലമായി അക്കാദിമിക് രംഗത്ത് നിരവധി പ്രശ്നങ്ങൾ നിലനിൽക്കുകയാണ്. പല വിഷയങ്ങൾക്കും അധ്യാപകരില്ലാത്തതും, അനിയന്ത്രിതമായ സ്വകാര്യ ട്യൂഷനും അക്കാദമിക് ഗുണനിലവാരത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇന്ത്യൻ സ്കൂളുകളിലെ ഇൻഷുറൻസ് പോളിസി സ്കൂൾ നിയമങ്ങൾക്കു വിരുദ്ധമായി ഒരു സ്വകാര്യ കമ്പനിക്കു നൽകിയതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ നേരത്തെ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ടെൻഡർ ക്ഷണിക്കാതെ ക്രമവിരുദ്ധമായി നടന്ന ഇൻഷുറൻസ് കരാർ പിന്നീട് റദ്ദു ചെയ്യപ്പെടുകയും ചെയ്തു.
സ്കൂൾ പ്രവർത്തനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെയിടയിൽ ഉയർന്നിട്ടുള്ള വിവിധ പരാതികൾ ചർച്ച ചെയ്യുന്നതിനായി സ്കൂൾ ഓപൺ ഫോറം ഉടൻ വിളിച്ചു ചേർക്കണമെന്നും ബോർഡ് ചെയർമാനോട് നിവേദനത്തിലൂടെ അഭ്യർഥിച്ചിരുന്നു. എന്നാൽ ഇതുവരെയും ഓപൺ ഫോറം വിളിക്കാൻ സ്കൂൾ അധികൃതർ തയാറായിട്ടില്ല.സ്കൂൾ മാനേജ്മന്റ് കമ്മിറ്റി (എസ്.എം.സി) തെരെഞ്ഞെടുപ്പിലെ സുതാര്യതയിൽ വ്യാപകമായ പരാതികളും സംശയങ്ങളും രക്ഷിതാക്കളുടെ ഇടയിൽ നിലനിൽക്കുകയാണ്. ചില ബോർഡ് അംഗങ്ങളുടെ സ്ഥാപിത താൽപര്യങ്ങൾക്കുവേണ്ടി സ്കൂളിന്റെ നിലവാരത്തെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ സ്കൂൾ മാനേജ്മന്റ് കമ്മിറ്റിയിലേക്കുള്ള തെരെഞ്ഞെടുപ്പുകൾ നടക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്.
ഒമാനിൽ നിലവിലില്ലാത്ത ആളുകളെ വരെ ചില സ്കൂളുകളിൽ എസ്.എം.സി അംഗങ്ങളായി ഡയറക്ടർ ബോർഡ് തിരഞ്ഞെടുത്തത് തികച്ചും വിചിത്രമായ നടപടിയായിരുന്നു. സ്കൂളിന്റെ ദൈനം ദിന പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഇടപെടാൻ ഉത്തരവാദിത്തമുള്ള എസ്.എം.സി അംഗങ്ങളുടെ തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സുതാര്യമായി നടത്തണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
രക്ഷിതാക്കളുമായി സംസാരിച്ച ബോർഡ് ചെയർമാൻ ശിവകുമാർ മാണിക്കവും ബോർഡ് അംഗങ്ങളും സ്കൂൾ പാരന്റ്സ് ഫോറം ഈ മാസം തന്നെ വിളിക്കാമെന്ന് ഉറപ്പു നൽകി.
എസ്.എം.സി തെരെഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള മറ്റു വിഷയങ്ങൾ ഇന്നത്തെ ബോർഡ് യോഗത്തിൽ ഗൗരവമായി ചർച്ച ചെയ്യുമെന്നും രക്ഷിതാക്കൾ ഉന്നയിച്ച പ്രശ്നങ്ങൾക്കു യുക്തമായ പരിഹാരം ഉണ്ടാകുന്ന തീരുമാനങ്ങൾ എടുക്കുമെന്നും ചെയർമാൻ അറിയിച്ചതായി രക്ഷിതാക്കൾ പറഞ്ഞു. രക്ഷിതാക്കളുടെ കൂട്ടായ്മയുമായി ബോർഡ് ചെയർമാനും അംഗങ്ങളും ഞായറാഴ്ച വൈകീട്ട് വീണ്ടും ചർച്ച നടത്തുന്നതിനും തീരുമാനമായി.
പാരന്റ്സ് ഫോറം ഈ മാസം തന്നെ വിളിക്കാമെ ന്ന് ബോർഡ് നൽകിയ ഉറപ്പിനെ സ്വാഗതം ചെയ്യുന്നതായും ഞായറാഴ്ച നടക്കുന്ന ചർച്ചയിൽ എസ്.എം.സി തെരെഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങളിൽ രക്ഷിതാക്കൾ ഉന്നയിച്ച ആശങ്കകൾക്ക് പരിഹാരം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നതായും രക്ഷിതാക്കളുടെ കൂട്ടായ്മക്ക് നേതൃത്വം നൽകിയ കെ.വി. വിജയൻ, ദിനേശ് ബാബു , സുഗതൻ, സന്ദീപ്, മിഥുൻ, അരുൺ തുടങ്ങിയവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.