മസ്കത്ത്: ഈ വർഷം ഏപ്രിൽ അവസാനംവരെ ഒമാനിലെ വിവിധ വിമാനത്താവളങ്ങളിലൂടെ എത്തിയ യാത്രക്കാരുടെ എണ്ണത്തിൽ 100 ശതമാനത്തിന്‍റെ വർധന രേഖപ്പെടുത്തി. ഇതേ കാലയളവിൽ പുറപ്പെടുന്ന യാത്രക്കാരുടെ എണ്ണത്തിലും 69 ശതമാനം വർധനയുണ്ടായി. ആകെ യാത്രക്കാരുടെ എണ്ണം (എത്തിച്ചേരൽ, പുറപ്പെടൽ, ട്രാൻസിസ്റ്റ്) 23,24,007 ആയി. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്‍റെ കണക്കിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഇക്കാലയളവിൽ മസ്‌കത്ത്, സുഹാർ, സലാല വിമാനത്താവളങ്ങൾ വഴിയുള്ള അന്താരാഷ്ട്ര വിമാന സർവിസുകളുടെ എണ്ണം15,261 ആയി ഉയർന്നു. കഴിഞ്ഞ വർഷത്തെ ഇക്കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 89 ശതമാന വർധനയാണ് വന്നിട്ടുള്ളത്. 2021ലെ ഇക്കാലയളവിൽ 8,075 അന്താരാഷ്ട്ര വിമാന സർവിസുകളാണ് ഈ എയർപോർട്ടുകളിൽ ലഭിച്ചത്. ഏപ്രിൽവരെ ഈ വിമാനത്താവളങ്ങൾ വഴിയുള്ള ആഭ്യന്തര വിമാന സർവിസുകളുടെ എണ്ണം 25 ശതമാനം വർധിച്ച് 3,778 ആയി ഉയർന്നതായും രേഖകൾ കാണിക്കുന്നു. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 3,026 ആഭ്യന്തര സർവിസുകളാണ് നടന്നിരുന്നത്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള അന്താരാഷ്‌ട്ര വിമാനങ്ങളിൽ 82.3 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യാത്രക്കാരുടെ (എത്തിച്ചേരൽ, പുറപ്പെടൽ, ട്രാൻസിസ്റ്റ്) ആകെ എണ്ണം ഈ വർഷം ഏപ്രിൽവരെ 17,23,632 ആണ്. കഴിഞ്ഞ വർഷം ഇത് ഇക്കാലയളവിൽ 9,00,707 ആയിരുന്നു.
സലാല എയർപോർട്ട് വഴിയുള്ള വിമാനങ്ങളുടെ എണ്ണത്തിൽ 58.7 ശതമാനം വർധനയാണ് വന്നിട്ടുള്ളതെന്നും ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. 962 അന്താരാഷ്ട്ര വിമാനങ്ങളാണ് ഈ വർഷം ഏപ്രിൽ അവസാനംവരെ സലാല വിമാനത്താവളം വഴി വന്നതും പുറപ്പെട്ടിട്ടുമുള്ളത്. കഴിഞ്ഞ വർഷത്തെ ഇക്കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 150.5 ശതമാനത്തിന്‍റെ ഉയർച്ചയാണ് വന്നിട്ടുള്ളത്. ആഭ്യന്തര വിമാനങ്ങളുടെ എണ്ണം 22.9 ശതമാനം വർധിച്ച് 1,209 ഫ്ലൈറ്റുകളിലുമെത്തി. 984 വിമാനങ്ങളായിരുന്നു കഴിഞ്ഞ വർഷം.
സലാല എയർപോർട്ട് വഴിയുള്ള ആഭ്യന്തര വിമാനങ്ങളിലെ യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം അവസാനത്തോടെ 45.7ശതമാനത്തിന്‍റെ ഉയർച്ചയാണ് വന്നിട്ടുള്ളത്.
സുഹാർ വിമാനത്താവളത്തിൽനിന്നുള്ള അന്താരാഷ്‌ട്ര വിമാനങ്ങളുടെ എണ്ണം 276 ആണ്. അന്താരാഷ്‌ട്ര വിമാനങ്ങളിലെ യാത്രക്കാരുടെ എണ്ണം 25,065 ആയും ഉയർന്നു. ദുകം എയർപോർട്ടിൽ ആഭ്യന്തര വിമാനങ്ങളുടെ എണ്ണത്തിൽ 9.7 ശതമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ഏപ്രിൽ അവസാനത്തോടെ 226 ഫ്ലൈറ്റുകളാണ് ഇവിടെ എത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 206 ഫ്ലൈറ്റുകളാണ് ലഭിച്ചിരുന്നത്. 2021 ഏപ്രിൽ അവസാനത്തോടെ 15,943 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ വർഷമിത് 21,051 യാത്രക്കാരായി ഉയർന്നിട്ടുണ്ട്. 32 ശതമാനത്തിന്‍റെ വർധനയാണ് വന്നിട്ടുള്ളതെന്നും ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം ഏറ്റവും കൂടുതൽ യാത്രക്ക് ഉപയോഗിച്ചത് ഇന്ത്യക്കാർ. ഈവർഷം ഏപ്രിൽ അവസാനംവരെ 1,11,226 ഇന്ത്യക്കാരാണ് മസ്കത്ത് വഴി പുറപ്പെടുകയോ എത്തുകയോ ചെയ്തിട്ടുള്ളത്. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്‍റെ കണക്കിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. 42,145 യാത്രക്കാരുമായി ബംഗ്ലാദേശാണ് രണ്ടാം സ്ഥാനത്ത് വരുന്നത്. മൂന്നാംസ്ഥാനത്ത് പാകിസ്താനാണ് വരുന്നത്. 29,228 യാത്രക്കാരാണ് വിമാനത്താവളത്തെ ആശ്രയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.