മത്ര: അവധി ദിനങ്ങളിൽ ജനങ്ങള്‍ കൂട്ടത്തോടെ ഒഴുകിയെത്തിയതോടെ മത്ര സൂഖില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. ഏതാണ്ടെല്ലാവര്‍ക്കും മോശമല്ലാത്ത കച്ചവടവും ലഭിച്ചു. നീണ്ട കാലശേഷമാണ് സൂഖില്‍ ഇതുപോലെ ഉപഭോക്താക്കളെ ഒരുമിച്ച് കണ്ടത്. കച്ചവടം കാര്യമായി നടന്നില്ലേലും കുടുംബത്തോടെ കൂടതലായി സൂഖിലേക്ക് ആളുകളെത്തിയത് സന്തോഷം പകരുന്നതാണെന്ന് സൂഖിലെ കച്ചവടക്കാരനായ റാഫി ചെറുവത്തൂര്‍ പറഞ്ഞു. ബലി പെരുന്നാളിനുശേഷം ഏകദേശം അഞ്ച് മാസത്തോളമായി സൂഖില്‍ ആളെത്താതെ വരണ്ടുകിടക്കുകയായിരുന്നു.
ഇതേയവസ്ഥ മാസങ്ങളോളം തുടര്‍ന്നതിനാല്‍ ഏതാണ്ട് ഒരുവിധം കച്ചവടക്കാരും ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരുന്നത്. വാടക, ശമ്പളം പോലുള്ളവ പോലും നല്കാനാകാതെ പ്രാസം നേരിട്ട ഇത്തരം അനുഭവം സൂഖിന്റെ ചരിത്രത്തില്‍ അടുത്ത കാലത്തൊന്നും നേരിടേണ്ടി വന്നിരുന്നില്ലെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ജനങ്ങളുടെ കൈയില്‍ പൈസ ഇല്ലാത്തതും സാമ്പത്തിക മാന്ദ്യവുമൊക്കെ കാരണമാണ് ഇത്തരമൊരു അവസ്ഥക്കിടയാക്കിയതെന്ന് പറയപ്പെടുന്നു.
മേഖലയിലെ യുദ്ധവും നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവുമൊക്കെ വിപണി സജീവമാകാതിരിക്കാന്‍ കാരണമായി വര്‍ത്തിച്ചിട്ടുമുണ്ട്. അതേസമയം കഴിഞ്ഞ ദിവസങ്ങളിലായി കൂടുതൽ ആളുകളെത്തി സൂഖ് സജീവമായത് പ്രതീക്ഷയുടെ തിരിനാളമായി മാറി. സൂഖിന്റെ പഴയ കാലം പ്രതാപത്തിലേക്ക് ഇതുപോലെ തുടര്‍ന്നും നിലനിൽക്കട്ടെ എന്നാണ് വ്യാപാരികളുടെ പ്രാർഥന. കഴിഞ്ഞ ദിവസം കൂടുതലായി ആളുകളെത്തിയതോടെ സൂഖിലും പരിസരങ്ങളിലും വാഹനക്കുരുക്ക് അനുഭവപ്പെടുകയുണ്ടായി. ആവശ്യത്തിന് പാര്‍ക്കിങ് സൗകര്യമില്ലാത്തതാണ് സൂഖിന്റെ പ്രധാന്യ പോരായ്മ.
മത്ര സൂഖ് ഒരു വികാരമായി കൊണ്ടുനടക്കുന്ന സ്വദേശികള്‍ ധാരാളമാണ്. അതുകൊണ്ട് കൂടിയാണ് ഒമാന്റെ നാനാദിക്കുകളില്‍ നിന്നും അവധി ദിവസങ്ങളിലും അല്ലാതെയും ആളുകള്‍ മത്ര ലക്ഷ്യമാക്കി വരുന്നത്. ഇങ്ങനെ വരുന്നവര്‍ക്ക് വാഹനം നിര്‍ത്തിയിടാനുള്ള സൗകര്യങ്ങളുടെ അപര്യാപ്തത വലിയ പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്. മണിക്കൂറുകൾ കറങ്ങിയാലും പാര്‍ക്കിങ് സൗകര്യം ലഭിക്കാതെ തിരികെ പോകുന്നവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.