സലാല: അഞ്ചു ദിവസത്തിനകം 5500 മരങ്ങൾ വെച്ചു പിടിപ്പിക്കുന്നതിന് കാമ്പയിൻ ആരംഭിച്ച് ദോഫാർ ഗവർണറേറ്റിലെ പാരിസ്ഥിതിക വകുപ്പ്. വർഷം മുഴുവൻ നീളുന്ന പ്രത്യേക പാരിസ്ഥിതിക സംരക്ഷണ പരിപാടികളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുവഴി ഗവർണറേറ്റിൽ ഹരിത മേഖലകളുടെ വ്യാപ്തി വർധിപ്പിക്കാനും മരുഭൂവത്കരണം തടയാനുമാണ് ലക്ഷ്യമിടുന്നത്.
സിദ്ർ, തേക്ക്, സ്ക്വാട്ട്, അരിർ, അലോബാർ, ഗാഫ് തുടങ്ങി വിവിധ തരത്തിലുള്ള ഒരു കോടി മരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന ദേശീയ സംരംഭത്തിന്റെ ഭാഗമായാണ് പദ്ധതി രൂപപ്പെടുത്തിയത്.
പരിസ്ഥിതി അതോറിറ്റി, ദോഫാർ മുനിസിപ്പാലിറ്റി, പെട്രോളിയം ഡെവലപ്മെന്റ് ഒമാൻ എന്നിവ സഹകരിച്ച് 2020 ജനുവരിയിൽ നടത്തിയ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് കാമ്പയിൻ. പരിസ്ഥിതി അതോറിറ്റിയും പെട്രോളിയം ഡെവലപ്മെന്റ് ഒമാനും 10 വർഷത്തിനുള്ളിൽ ഒരു കോടി മരത്തൈകൾ നട്ടുപിടിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു.
2022 ആഗസ്റ്റ് വരെ, ദോഫാർ ഗവർണറേറ്റിൽ പരിസ്ഥിതി വകുപ്പ് 10ലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു. ഖരീഫ് സീസണിന് ശേഷമുള്ള വളർത്തുമൃഗങ്ങളുടെ മേച്ചിൽ, ജലക്ഷാമം എന്നിവ മരങ്ങൾ നശിക്കാൻ കാരണമാകുന്നുണ്ട്.
പ്രശ്നം മറികടക്കാൻ ജബൽ സംഹാൻ മുതൽ കൈറോൺ ഹിരിതി വരെ പ്ലാന്റേഷൻ നടത്തിയ സ്ഥലങ്ങളിൽ 45 വേലികൾ സ്ഥാപിച്ചിട്ടുണ്ട്. നട്ടുപിടിപ്പിച്ച ചെടികൾ സംരക്ഷിക്കുന്നതിനായി സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ ബോധവത്കരണ കാമ്പയിനുകളും നടത്തിയിരുന്നു.
ഖരീഫ് സീസണിൽ ഗവർണറേറ്റ് സന്ദർശിക്കുന്നവർ ഹരിത പ്രദേശങ്ങൾ നശിപ്പിക്കാതിരിക്കാനും മാലിന്യം തള്ളുന്നത് തടയുന്നതിനുമായി ബോധവത്കരണം നടത്താൻ അതോറിറ്റി ഒരു ടീമിന് രൂപം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.