മസ്കത്ത്: പ്രവാസി വെൽഫെയർ ഒമാൻ കേന്ദ്ര കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷവും സ്വാതന്ത്ര്യസംരക്ഷണ പ്രതിജ്ഞ സദസ്സും സംഘടിപ്പിച്ചു. അസൈബ സെന്ററിൽ സംഘടിപ്പിച്ച പരിപാടി പ്രവാസി വെൽഫെയർ പ്രസിഡന്റ് മുനീർ വടകര ഉദ്ഘാടനം ചെയ്തു.
സ്വാതന്ത്ര്യദിന സന്ദേശം നൽകിയ ഉദ്ഘാടകൻ ഭരണഘടനാമൂല്യങ്ങളായ ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം, വ്യക്തികളുടെ മൗലികാവകാശങ്ങൾ എന്നിവ വെല്ലുവിളിക്കപ്പെടുന്ന വർത്തമാനകാലത്ത് അത്തരം മൂല്യങ്ങളുടെ വീണ്ടെടുപ്പിനുവേണ്ടി രംഗത്തിറങ്ങേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും ബാധ്യതയാണെന്ന് ഓർമപ്പെടുത്തി. സെക്രട്ടറി ഷമീർ കൊല്ലക്കാൻ അധ്യക്ഷത വഹിച്ച സംഗമത്തിൽ പ്രോഗ്രാം കൺവീനർ അസീസ് വയനാട് സ്വാഗതം പറഞ്ഞു.
സെക്രട്ടറി അസീബ് മാള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ വിദ്യാർഥികളുടെ ദേശഭക്തിഗാനം, ഡാൻസ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. കേക്ക് കട്ടിങ്, പായസ വിതരണം എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. ജനറൽ സെക്രട്ടറി സാജിദ് റഹ്മാൻ, കേന്ദ്രസമിതി അംഗങ്ങളായ സഫീർ നരിക്കുനി, ഖാലിദ് ആതവനാട്, താഹിറ നൗഷാദ്, ഫിയാസ് കമാൽ, നൗഫൽ കളത്തിൽ, സനോജ് സൈദു, ബൗഷർ മേഖല ജനറൽ സെക്രട്ടറി ബഷീർ അബ്ബാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.