ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വർധിക്കുന്ന അവസ്ഥയാണ് അമിതവണ്ണം അഥവാ അതിസ്തൗല്യം. ഇന്ന് ധാരാളം ആളുകൾ നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണിത്. അധികമായി തൂക്കം കൂടുന്നതും വയറിലും തുടകളിലുമൊക്കെയായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതും സന്ധിവേദന, കാൽമുട്ട് വേദന, നടുവേദന തുടങ്ങിയ രോഗങ്ങൾക്കും ആയുർദൈർഘ്യം കുറക്കാനും അമിതവണ്ണം ഒരു കാരണമാവുന്നു.
ഹൃദ്രോഗങ്ങൾ, ടൈപ് 2 പ്രമേഹം, ഉറങ്ങുമ്പോൾ ശ്വാസതടസ്സം, അർബുദങ്ങൾ, എല്ലുകളുടെ തേയ്മാനം എന്നിവ വരാനുള്ള സാധ്യത പൊണ്ണത്തടിമൂലം വർധിക്കുന്നു. പലപ്പോഴും ശാരീരിക അസ്വസ്ഥതകളിലേക്കും രോഗങ്ങളിലേക്കും എത്തിച്ചേരുമ്പോഴോ അല്ലെങ്കിൽ അതുമായി ചികിത്സക്ക് എത്തുമ്പോൾ ഡോക്ടറുടെ നിർദേശപ്രകാരമോ ആയിരിക്കും സ്വന്തം ശരീരത്തെപ്പറ്റി ചിന്തിക്കുന്നതും അമിതവണ്ണം കുറക്കാൻ ആലോചിക്കുന്നതും.
അമിതവണ്ണമുണ്ടോ എന്ന് മനസ്സിലാക്കുന്നത് എങ്ങനെ?
ബി.എം.ഐ (ബോഡി മാസ് ഇൻഡക്സ്) എന്ന അളവുപയോഗിച്ച് ഒരു വ്യക്തിക്ക് അമിതവണ്ണം ആണോ പൊണ്ണത്തടി ആണോ എന്ന് മനസ്സിലാക്കാൻ സാധിക്കും. ഒരാളുടെ ബി.എം.ഐ 25-30നും മധ്യത്തിൽ ആണെങ്കിൽ അയാൾക്ക് അമിതവണ്ണം ഉണ്ടെന്നും ബി.എം.ഐ 30നു മുകളിലാണെങ്കിൽ പൊണ്ണത്തടിയാണെന്നും പറയുന്നു. 18.5നു കുറവാണെങ്കിൽ അത് വണ്ണക്കുറവും 18.5നും 25നും മധ്യേ ആണെങ്കിൽ സാധാരണ വണ്ണമായി കണക്കാക്കുന്നു.
അമിതവണ്ണം: കാരണങ്ങൾ
ശരീരത്തിന്റെ ഭാരം കൂടാനുള്ള കാരണങ്ങൾ പൊതുവെ രണ്ടായി തരംതിരിച്ചിരിക്കുന്നു.
1. ബാഹ്യകാരണങ്ങൾ-ഭക്ഷണത്തിലെ കലോറിയുടെ ആധിക്യം, അമിതാഹാരം, വ്യായാമക്കുറവ്, പകലുറക്കം, ജനിതക കാരണങ്ങൾ
2. അന്തർജനകമായ ഘടകങ്ങൾ- വിവിധ രോഗാവസ്ഥ. ഉദാഹാരണത്തിന് തൈറോയ്ഡ്, പി.സി.ഒ.ഡി മുതലായവ.
3. ചില മരുന്നുകളുടെ ഉപയോഗം കൊണ്ടും അമിതവണ്ണം വരാം. മാനസികവിഭ്രാന്തിക്കുള്ള മരുന്നുകളും സ്റ്റിറോയ്ഡ് അടങ്ങിയ മരുന്നുകളും ചിലപ്പോൾ കാരണമാകുന്നു.
ആയുർവേദത്തിലൂടെ പ്രതിവിധി
ഭക്ഷണക്രമീകരണവും വ്യായാമവുമാണ് അമിതഭാരം കുറക്കാനുള്ള ഏറ്റവും പ്രതിവിധി. ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിതമായ കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യവും ആകാരഭംഗിയും നിലനിർത്താൻ ആയുർവേദത്തിൽ ശുദ്ധിക്രിയ അഥവാ Detoxification വളരെയധികം സഹായകരമാണ്.
അതോടൊപ്പം തന്നെ പെട്ടെന്ന് ഫലം തരുന്ന ഔഷധ മരുന്നുകൾ, ആയുർവേദ പഞ്ചകർമ ചികിത്സകൾ, ഡോക്ടറുടെ നിർദേശപ്രകാരമുള്ള ചിട്ടയായ ഭക്ഷണക്രമീകരണം, ലളിതമായ വ്യായാമമുറകൾ, യോഗയും നിത്യം ശീലിച്ചാൽ അമിതവണ്ണത്തെയും അതുമൂലം ഉണ്ടാകുന്ന ശാരീരികാസ്വസ്ഥതകളെയും ഏറക്കുറെ പൂർണമായും നിയന്ത്രിച്ചുനിർത്താൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.