മസ്കത്ത്: പ്രവാചക സ്മരണയിൽ ഒമാനിൽ നബിദിനം ആഘോഷിച്ചു. അൽ ആലം കൊട്ടാരത്തിലെ അൽ മൗലിദ് ഹാളിൽ നടന്ന ചടങ്ങിൽ സുൽത്താൻ ഹൈതം ബിൻ താരിഖിനെ പ്രതിനിധാനംചെയ്ത് പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ് അധ്യക്ഷത വഹിച്ചു.
രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, സുൽത്താന്റെ സായുധസേനയുടെയും റോയൽ ഒമാൻ പൊലീസിന്റെയും കമാൻഡർമാർ, ഒമാനിലെ ഇസ്ലാമിക രാജ്യങ്ങളിലെ നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാർ, നിരവധി അണ്ടർ സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു. രാജ്യത്ത് വിവിധ മുസ്ലിം പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിവിധ ആഘോഷപരിപാടികളാണ് നടക്കുന്നത്. മൗലിദ് പാരായണങ്ങളും അന്നദാനങ്ങളും നടന്നു.
വിവിധ സ്ഥലങ്ങളിൽ നടന്ന ആഘോഷ പരിപാടികളിൽ പ്രവാചക ജീവിതത്തിൽനിന്നുള്ള മൂല്യങ്ങളും പാഠങ്ങളും ഉൾക്കൊള്ളാൻ എല്ലാവരും തയാറാകണമെന്നും പ്രസംഗകർ ഉദ്ബോധിപ്പിച്ചു. വിവിധ മദ്റസകളിൽ മൗലിദ് പാരായണവും കുട്ടികൾക്കുള്ള കലാമത്സര പരിപാടികളും അരങ്ങേറി. മസ്കത്ത് സുന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ റൂവി മദ്റസയിൽ നടന്ന മൗലിദ് പാരായണത്തിന് മുഹമ്മദലി ഫൈസി നേതൃത്വം നൽകി.
നൂറുകണക്കിനാളുകൾ പങ്കെടുത്തു. റൂവി അൽകൗസർ മദ്റസയിൽ നടന്ന മൗലിദ് പാരായണത്തിന് മുസ്തഫ കാമിൽ സഖാഫി, റഫീഖ് സഖാഫി, അബ്ദുറഹ്മാൻ ലത്തീഫി, ഹനീഫ് സഖാഫി, ഇസ്മായിൽ സഖാഫി എന്നിവർ നേതൃത്വം നൽകി. വരുംദിവസങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നബിദിന പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വിവിധ മദ്റസകളുടെ നേതൃത്വത്തിൽ കലാപരിപാടികളും ഇന്ന് അരങ്ങേറും.
മസ്കത്ത്: നബിദിനാഘോഷങ്ങളുടെ ഗൃഹാതുര ഓര്‍മകള്‍ പങ്കുവെച്ച് ‘കഫേ പള്‍സ്’ വേദിയില്‍ വീണ്ടും ഒത്തുകൂടി റൂവിയിലെ പ്രവാസി മലയാളികള്‍. രാത്രി വൈകുവോളം ജോലിയില്‍ കഴിയുന്ന റസ്റ്റാറന്റ്, കോഫിഷോപ്പ്, ഫുഡ്സ്റ്റഫ്, ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നാട്ടോര്‍മകളും പുത്തന്‍ അനുഭവങ്ങളും സമ്മാനിക്കുന്നതായിരുന്നു സംഗമം.
മദ്ഹ് ഗാനങ്ങളും മാപ്പിളപ്പാട്ടുകളും ആലപിച്ചും പറഞ്ഞും ആനന്ദകരമായ നിമിഷങ്ങള്‍ പങ്കുവെച്ചു. ഐ.സി.എഫും റൂവി അല്‍ കൗസര്‍ മദ്റസയും ചേര്‍ന്നാണ്, രാത്രി വൈകുവോളം ജോലിയില്‍ ഏര്‍പ്പെടുന്ന പ്രവാസികള്‍ക്കുവേണ്ടി ‘കഫേ പള്‍സ്’ മിലാദ് സംഗമം നടത്തിയത്.
റൂവി അല്‍ ഫവാന്‍ ഹാളില്‍ നടന്ന പരിപാടിയിൽ മദ്റസ കാലയളവില്‍ പഠിച്ച പാട്ടുകള്‍ സദസ്യര്‍ക്കു മുന്നില്‍ അവതരിപ്പിച്ചും ഗൃഹാതുര ഓര്‍മകളിലേക്കുള്ള മടങ്ങിപ്പോക്കുകൂടിയായി. വിശ്രമമില്ലാത്ത ജോലിയുടെ വിരസത ഒഴിവാക്കി ഉന്മേഷം സ്വായത്തമാക്കാനും സാധിക്കുന്ന ഇത്തരമൊരു പരിപാടി പ്രവാസജീവിതത്തില്‍ അപൂര്‍വം ലഭിക്കുന്ന സുന്ദരനിമിഷങ്ങളാണെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
മിലാദ് പരിപാടികളില്‍ പ്രവാസിസമൂഹത്തിന്റെ നാനാതുറകളിലുള്ളവരെ പങ്കുകൊള്ളിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. അബ്ദുറഹ്മാന് ലത്തീഫി പ്രാര്‍ഥന നിര്‍വഹിച്ചു. റഫീഖ് സഖാഫി ഉദ്ഘാടനം ചെയ്തു. മുസ്തഫ കാമില്‍ സഖാഫി അധ്യക്ഷത വഹിച്ചു. മുഹമ്മദ് അലി സംസാരിച്ചു.
ഐ.സി.എഫ് ഒമാന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് റാസിക്ക് ഹാജി സ്വാഗതം പറഞ്ഞു. റഫീഖ് ധർമടം, നജുമു സാഖിബ്, ജാഫര്‍ ഓടത്തോട്, അബ്ദുറഷീദ് നിര്‍വേലി, കാസിം ചാവക്കാട്, ഹനീഫ് സഖാഫി എന്നിവർ സമ്മാനവിതരണം നടത്തി. അനീസ് സഖാഫി, ഉസ്മാന് സഖാഫി, ഇസ്മായില്‍ സഖാഫി എന്നിവർ മൗലിദിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.