മസ്കത്ത്: മനുഷ്യാവകാശ മേഖലയിലെ സുൽത്താനേറ്റിന്റെ ശ്രമങ്ങളെ അമേരിക്കയിലെ മനുഷ്യാവകാശ ഉദ്യോഗസ്ഥർ അഭിനന്ദിച്ചു. ഒമാൻ മനുഷ്യവകാശ കമീഷന്റെ (ഒ.എച്ച്.ആർ.സി) പ്രതിനിധിസംഘം വാഷിങ്ടൺ ഡി.സിയിൽ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ്, ഹൗസ് ഓഫ് റെപ്രസന്റേറ്റിവ്സ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പറഞ്ഞത്.
ഒ.എച്ച്.ആർ.സി ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ഷുവൈൻ അൽ ഹൊസ്നിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിലെ മോണിറ്റർ ആൻഡ് കോംബാറ്റ് ട്രാഫിക്കിങ് ഓഫിസ് ഡയറക്ടർ അംബാസഡർ സിൻഡി ഡയർ, പോപുലേഷൻ, മൈഗ്രേഷൻ, അഭയാർഥി ബ്യൂറോ സ്കോട്ട് ടർണർ, ഇന്റർനാഷനൽ റിലീജ്യസ് ഫ്രീഡം ഓഫിസ് മേധാവി റഷാദ് ഹുസൈൻ, ബ്യൂറോ ഓഫ് ഡെമോക്രസി, ഹ്യൂമൻ റൈറ്റ്സ് ആൻഡ് ലേബർ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ക്രിസ്റ്റഫർ ലെ മോൺ, അറേബ്യൻ പെനിൻസുല അഫയേഴ്സ് സ്റ്റേറ്റ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഡാനിയൽ ബെനൈം, തൊഴിൽകാര്യ ഡെപ്യൂട്ടി അണ്ടർ സെക്രട്ടറി തിയ ലീ എന്നിവരുമായി വിവിധ സമയങ്ങളിലായി കൂടിക്കാഴ്ച നടത്തി.
ലോകത്തിലെ മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും സംബന്ധിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പുറത്തിറക്കിയ വാർഷിക റിപ്പോർട്ട് പ്രതിനിധിസംഘം ചർച്ച ചെയ്തു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുൽത്താനേറ്റിലെ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് ഒ.എച്ച്.ആർ.സി സ്വീകരിച്ച സംവിധാനങ്ങളും നടപടികളും പ്രതിനിധിസംഘം ചൂണ്ടിക്കാട്ടി. മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട നിയമനിർമാണങ്ങളും നിയമങ്ങളും പരിഷ്കരിക്കുന്നതിന് നിലവിൽ ഒമാൻ സർക്കാറിന്റെ നടപടികളും പ്രതിനിധിസംഘം വിശദീകരിച്ചു. യു.എസ് ഗവേഷണ കേന്ദ്രങ്ങളും സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളും സംഘം സന്ദർശിച്ചു. മിഡിൽ ഈസ്റ്റ് പോളിസി സെന്റർ പ്രസിഡന്റുമായും അംഗങ്ങളുമായും തുറന്ന കൂടിക്കാഴ്ചയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.