മസ്കത്ത്: ന്യൂനമർദത്തെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴക്ക് ബുധനാഴ്ച ശമനം അനുഭവപ്പെട്ടു. തലസ്ഥാന നഗരിയായ മസ്കത്തടക്കമുള്ള വിവിധ സ്ഥലങ്ങളിൽ രാവിലെ മുതൽ തെളിഞ്ഞ അന്തരീക്ഷമാണുണ്ടായിരുന്നത്. എന്നാൽ, വൈകീട്ടോടെ വീണ്ടും പെയ്തുതുടങ്ങുകയായിരുന്നു. ചൊവ്വാഴ്ച പെയ്ത മഴയിൽ പലയിടത്തും വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ വേണ്ട മുൻ കരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വാദികൾ മുറിച്ചു കടക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിർദേശം ലംഘിക്കുന്നവർക്കെതിരെ പിഴ അടക്കം ഈടാക്കും. മസ്കത്ത് ഗവര്‍ണറേറ്റില്‍ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. റോഡുകളിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ പലർക്കും ഓഫിസുകളിലും മറ്റും എത്തിപ്പെടാൻ സാധിച്ചില്ല.
വെള്ളം താഴ്ന്ന ഇടങ്ങളിലെല്ലാം ഊർജിതമായ ശുചീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. റോഡുകളിലെ ചളിയും കല്ലുമെല്ലാം മുനിസിപ്പാലിറ്റി ജീവനക്കാരുടെ നേതൃത്വത്തിൽ നീക്കി ഗതാഗത യോഗ്യമാക്കി. റോയൽ ഒമാൻ പൊലീസിന്റെയും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് വാഹനത്തിന്റെ വേഗത നിയന്ത്രിക്കണമെന്ന് ആര്.ഒ.പി ആവശ്യപ്പെട്ടിരുന്നു. ഇത്തരം മുന്നറിയിപ്പ് നൽകിയതിനാൽ കാര്യമായ വാഹനാപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബുധനാഴ്ച രാത്രിയോടെ ദുർബലമാകുന്ന മഴ വ്യാഴാഴ്ച വരെ രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.